---
title: "മലയോര മണ്ണ് കാക്കാൻ....! പേരാവൂരിൽ നാലാം അങ്കത്തിന് സണ്ണി ജോസഫ്?; ഇടതിനായി കെ കെ ശൈലജ വരുമോ..., ജോൺ ബ്രിട്ടാസും പരിഗണനയിൽ "
english_title: "Indications are that Sunny Joseph is the UDF candidate in Peravoor Will KK Shailaja come for the Left John Brittas is also under consideration"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343128/indications-are-that-sunny-joseph-is-the-udf-candidate-in-peravoor-will-kk-shailaja-come-for-the-left-john-brittas-is-also-under-consideration"
published_at: "2026-02-20T14:48:00+05:30"
category: "Talks & Topics"
language: "ml"
image: "https://truevisionnews.com/image-uploads/6998292ae8058_election.jpg"
keywords: []
---

# മലയോര മണ്ണ് കാക്കാൻ....! പേരാവൂരിൽ നാലാം അങ്കത്തിന് സണ്ണി ജോസഫ്?; ഇടതിനായി കെ കെ ശൈലജ വരുമോ..., ജോൺ ബ്രിട്ടാസും പരിഗണനയിൽ 

> **Lead Summary:** **( **[www.truevisionnews.com]** )** പേരാവൂരിൽ യു.ഡി.എഫ്. സ്ഥാനാർഥി സണ്ണി ജോസഫ് തന്നെയെന്ന് സൂചന. കെ.പി.സി.സി. അധ്യക്ഷപദവിയോടെയാണ് അദ്ദേഹം നാലാം അങ്കത്തിനിറങ്ങുന്നത്. മണ്ഡലത്തിൽ ഇപ്പോൾ ഉയരുന്ന ചോദ്യം എതിരാളി ആരെന്നാണ്. കഴിഞ്ഞതവണ സണ്ണിക്കെതിരേ ശക്തമായ മത്സരം കാഴ്ചവെച്ച സി.പി.എം. ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനുതന്നെയാണ് കൂടുതൽ സാധ്യതയെങ്കിലും മറ്റ് പേരുകളും പരിഗണനയിലുണ്ട്.

## Article Content

**( **[www.truevisionnews.com]** )** പേരാവൂരിൽ യു.ഡി.എഫ്. സ്ഥാനാർഥി സണ്ണി ജോസഫ് തന്നെയെന്ന് സൂചന. കെ.പി.സി.സി. അധ്യക്ഷപദവിയോടെയാണ് അദ്ദേഹം നാലാം അങ്കത്തിനിറങ്ങുന്നത്. മണ്ഡലത്തിൽ ഇപ്പോൾ ഉയരുന്ന ചോദ്യം എതിരാളി ആരെന്നാണ്. കഴിഞ്ഞതവണ സണ്ണിക്കെതിരേ ശക്തമായ മത്സരം കാഴ്ചവെച്ച സി.പി.എം. ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനുതന്നെയാണ് കൂടുതൽ സാധ്യതയെങ്കിലും മറ്റ് പേരുകളും പരിഗണനയിലുണ്ട്.

മലയോരത്തെ ക്രിസ്തീയ കുടിയേറ്റ മേഖല എന്നനിലയിൽ രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെ മത്സരിപ്പിക്കാനുള്ള സാധ്യതയും ചില കോണുകളിൽനിന്ന് കേൾക്കുന്നുണ്ട്. സി.പി.എമ്മിൽ ടേം കാലവാധിക്ക് ഇളവ് നൽകിയാൽ കെ.കെ. ശൈലജയെ ഒരുതവണകൂടി പേരാവൂരിൽ പരീക്ഷിക്കുമോ എന്നതും രാഷ്ടീയകേരളം കൗതുകത്തോടെ വീക്ഷിക്കുകയാണ്. ഇതിന് ശൈലജ തയ്യാറാകുമോയെന്നതും കാത്തിരുന്നുകാണേണ്ടതാണ്.

ഘടകകക്ഷിയിൽനിന്ന് പേരാവൂർ സി.പി.എം. ഏറ്റെടുത്തശേഷം കെ.കെ. ശൈജലജയിലൂടെ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചിരുന്നു. എന്നാൽ, രണ്ടാം ടേമിൽ ശൈലജയ്ക്ക് സണ്ണി ജോസഫിന് മുന്നിൽ കാലിടറി. വീണ്ടും സണ്ണിക്കെതിരേ മത്സരിക്കാൻ പാർട്ടിനേതൃത്വം ശൈലജയ്ക്ക് മുന്നിൽ നിർദേശം വെച്ചെങ്കിലും ഒടുവിൽ കൂത്തുപറമ്പിൽ മത്സരിക്കാൻ നിർദേശിക്കുകയായിരുന്നു. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയെന്നനിലയിൽ ശൈലജ കാണിച്ച ഭരണപാടവം കഴിഞ്ഞതവണ മട്ടന്നൂരിൽ നേട്ടമായിരുന്നു. ഇതുതന്നെയാണ് പേരാവൂരിനൊപ്പം ശൈജലയുടെ പേരും ഉയർന്നുവരാൻ കാരണം.

**ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കുന്നതിലും ആലോചന**

മണ്ഡലം വീണ്ടും ഘടകക്ഷികൾക്കുതന്നെ തിരിച്ചുനൽകുന്നതിലും ചർച്ചകൾ നടക്കുന്നുണ്ട്. എൻ.സി.പി.യിൽനിന്നാണ് പേരാവൂർ സി.പി.എം. ഏറ്റെടുത്തത്. ഘടകകക്ഷിയിൽനിന്ന് ഏറ്റെടുത്തതിനുശേഷം ഒരുതവണ മാത്രമേ എൽ.ഡി.എഫിന് വിജയിക്കാനായുള്ളൂ. തുടർഭരണകാലത്തും മണ്ഡലത്തിന് ഇളക്കം തട്ടാത്തത് സി.പി.എമ്മിൽ പുനർവിചന്തനത്തിനിടയാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ പേരാവൂർ കേരള കോൺഗ്രസിന്‌ (എം) വിട്ടുനൽകിയേക്കും.

കേരള കോൺഗ്രസിന്‌ (എം) ലഭിച്ചാൽ പാർട്ടിയുടെ ഹൈപ്പവർ കമ്മിറ്റിയംഗം മാത്യു കുന്നപ്പള്ളിക്കാണ് സാധ്യത കല്പിക്കുന്നത്. മണ്ഡലത്തിലെ സ്വാധീനവും കുടുംബബന്ധങ്ങളും കുന്നപ്പള്ളിക്ക് അനുകൂല ഘടകങ്ങളാണ്.

കഴിഞ്ഞതവണ ഘടകകക്ഷിയായ ബി.ഡി.ജെ.എസിൽനിന്ന് ഏറ്റെടുത്ത പേരാവൂരിൽ ഇക്കുറിയും ബി.ജെ.പി. തന്നെ മത്സരിച്ചേക്കും. പാർട്ടിക്ക് വോട്ടുവിഹിതം 10,000-ന് മുകളിലേക്ക് ഉയർത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പ്രമുഖരെയോ ജില്ലയ്ക്ക് പുറത്തുള്ളവരയോ ഇറക്കി പരീക്ഷിക്കുന്നതിന് പകരം പ്രദേശികനേതൃത്വത്തിൽനിന്നുള്ളവരെ ഇറക്കി വോട്ടുവിഹിതം വർധിപ്പിക്കാനുള്ള ആലോചനയിലാണ് നേതൃത്വം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിയോജകമണ്ഡലത്തിലെ ഒൻപത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ എട്ടിലും യു.ഡി.എഫ്. ആധിപത്യം നേടി.

നിയോജകമണ്ഡലത്തിലെ 158 ബൂത്തുകളിൽ 125 ബൂത്തുകളിലും യു.ഡി.എഫ്. ഭൂരിപക്ഷം നേടിയപ്പോൾ പാർട്ടികോട്ടയായ മുഴക്കുന്നിലും പായത്തും ഉൾപ്പെടെ 32 ബൂത്തുകളിൽ മാത്രമാണ് എൽ.ഡി.എഫിന് യു.ഡി.എഫിനേക്കാൾ നേരിയ മുൻതൂക്കം നേടാനായുള്ളൂ.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം 23,481 വോട്ടിന്റെ ഭരിപക്ഷമാണ് യു.ഡി.എഫ്. സ്ഥാനാർഥി കെ. സുധാകരന് നൽകിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 12,000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടി. കേളകവും കണിച്ചാറും ആറളവും എൽ.ഡി.എഫിൽനിന്ന് തിരിച്ചുപിടിച്ചപ്പോൾ യു.ഡി.എഫിന്റെ കൈയിലുണ്ടായിരുന്ന അയ്യൻകുന്നും കൊട്ടിയൂരും നിലനിർത്താനും എൽ.ഡി.എഫ്. ഭരണത്തിലുള്ള പേരാവൂർ, മുഴക്കുന്ന്, പായം പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലും സ്വാധീനം വർധിപ്പിക്കാനും കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343128/indications-are-that-sunny-joseph-is-the-udf-candidate-in-peravoor-will-kk-shailaja-come-for-the-left-john-brittas-is-also-under-consideration)