---
title: "'സംസ്ഥാന ഭരണകൂടത്തോട് എതിർപ്പുണ്ടെന്ന് കരുതി ഇങ്ങനെ അധിക്ഷേപിക്കരുത്'; രാജീവ് ചന്ദ്രശേഖറിനെതിരെ ഷിബു ബേബി ജോൺ"
english_title: "shibu baby john against rajeev chandrasekhar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343092/shibu-baby-john-against-rajeev-chandrasekhar"
published_at: "2026-02-20T13:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6998117a593a5_shibu_baby_john.jpg"
keywords: []
---

# 'സംസ്ഥാന ഭരണകൂടത്തോട് എതിർപ്പുണ്ടെന്ന് കരുതി ഇങ്ങനെ അധിക്ഷേപിക്കരുത്'; രാജീവ് ചന്ദ്രശേഖറിനെതിരെ ഷിബു ബേബി ജോൺ

> **Lead Summary:** **കോഴിക്കോട്: ** കേരള സ്റ്റോറി സിനിമയുടെ രണ്ടാംഭാഗത്തെ അനുകൂലിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നടത്തിയ പരാമർശങ്ങൾക്കെതിരെ ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. സംസ്ഥാന ഭരണകൂടത്തോട് എതിർപ്പുണ്ടെന്ന് കരുതി ഒരു സംസ്ഥാനത്തെ ഇങ്ങനെ അധിക്ഷേപിക്കുകയും, അതിനെ പ്രതിരോധിക്കുന്നതിനു പകരം ബാലിശമായ വാദങ്ങൾ ഉന്നയിച്ച് ന്യായീകരിക്കുകയും ചെയ്യുന്നത് രാജീവ് ചന്ദ്രശേഖറിനെ പോലെ രാജ്യം ഭരിക്കുന്ന ഒരു പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നയാൾക്ക് യോജിച്ച​തല്ലെന്ന് ഷിബു ബേബി ജോൺ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

## Article Content

**കോഴിക്കോട്: ** കേരള സ്റ്റോറി സിനിമയുടെ രണ്ടാംഭാഗത്തെ അനുകൂലിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നടത്തിയ പരാമർശങ്ങൾക്കെതിരെ ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. സംസ്ഥാന ഭരണകൂടത്തോട് എതിർപ്പുണ്ടെന്ന് കരുതി ഒരു സംസ്ഥാനത്തെ ഇങ്ങനെ അധിക്ഷേപിക്കുകയും, അതിനെ പ്രതിരോധിക്കുന്നതിനു പകരം ബാലിശമായ വാദങ്ങൾ ഉന്നയിച്ച് ന്യായീകരിക്കുകയും ചെയ്യുന്നത് രാജീവ് ചന്ദ്രശേഖറിനെ പോലെ രാജ്യം ഭരിക്കുന്ന ഒരു പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നയാൾക്ക് യോജിച്ച​തല്ലെന്ന് ഷിബു ബേബി ജോൺ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

**ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം**

*കേരള സ്റ്റോറി 2 എന്ന സിനിമയെ അനുകൂലിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ പരാമർശങ്ങൾ കണ്ടു. നുണകൾ പറഞ്ഞുകൊണ്ട് ഒരു സംസ്ഥാനത്തെ ആകെ ഇത്തരത്തിൽ അവഹേളിക്കുന്ന സിനിമ ഇതിനുമുമ്പ് ഇന്ത്യയിലുണ്ടായിട്ടില്ല. *

*രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയം എന്തോ ആയിക്കോട്ടെ, 100% നുണയാണെന്ന് ഇവിടെയുള്ള ഓരോരുത്തർക്കും ബോധ്യമുള്ള കാര്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ഒരു സിനിമയിലൂടെ കേരളത്തെ ലോകത്തിനു മുന്നിൽ അവഹേളിക്കാൻ ശ്രമിക്കുമ്പോൾ മലയാളികളായിട്ടുള്ളവർ വസ്തുതകൾ പറഞ്ഞുകൊണ്ട് അതിനെ എതിർക്കേണ്ടതല്ലേ.*

*ഇതിനെ ന്യായീകരിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞ വാദങ്ങൾ, കേരളത്തിൽ ലൗ ജിഹാദ് ഉണ്ട് എന്നതും ഹമാസ് കേരളത്തിലേക്ക് വരുമ്പോൾ ഇവിടെയുള്ളവർ നിശബ്ദത പാലിക്കുന്നു എന്നുമാണ്. നിരന്തരമായ പ്രചരണങ്ങളിലൂടെ ഇവിടെ ലൗ ജിഹാദ് ഉണ്ടെന്ന് ജനങ്ങളുടെ മനസ്സിൽ കുത്തിവയ്ക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. *

*എന്നാൽ ലൗ ജിഹാദ് ഇവിടെയില്ല എന്ന്, എല്ലാ വിഭാഗത്തിന്റെയും വാദങ്ങൾ കേട്ടുകൊണ്ട്, അതിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ട് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്. സുപ്രീംകോടതിയെക്കാൾ മുകളിൽ അല്ലല്ലോ ഇവരാരും.*

*അതുപോലെ, ഹമാസിന്റെയോ ഏതെങ്കിലും നിരോധിത സംഘടനകളുടെയോ ആളുകൾ കേരളത്തിൽ വന്നിട്ടുണ്ടെങ്കിൽ അതിനു മറുപടി പറയേണ്ടത് കേന്ദ്ര സർക്കാരല്ലേ.*

*സംസ്ഥാന ഭരണകൂടത്തോട് എതിർപ്പുണ്ടെന്ന് കരുതി ഒരു സംസ്ഥാനത്തെ ഇങ്ങനെ അധിക്ഷേപിക്കുകയും, അതിനെ പ്രതിരോധിക്കുന്നതിനു പകരം ബാലിശമായ വാദങ്ങൾ ഉന്നയിച്ച് ന്യായീകരിക്കുകയും ചെയ്യുന്നത് രാജീവ് ചന്ദ്രശേഖറിനെ പോലെ രാജ്യം ഭരിക്കുന്ന ഒരു പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന, മുൻ കേന്ദ്രമന്ത്രി കൂടിയായ ഒരാൾക്ക് യോജിച്ചതല്ല എന്ന് മാത്രം ഓർമ്മിപ്പിക്കട്ടെ.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343092/shibu-baby-john-against-rajeev-chandrasekhar)