---
title: "'ശില്പ പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ല'; ആരോപണങ്ങൾ നിഷേധിച്ച് എസ്. ജയശ്രീ"
english_title: "'No permission has been given to take the sculpture panels out'; S. Jayashree denies allegations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343030/no-permission-has-been-given-to-take-the-sculpture-panels-out-s-jayashree-denies-allegations"
published_at: "2026-02-20T09:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997e30c70825_S._Jayashree_denies_allegations.jpg"
keywords: []
---

# 'ശില്പ പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ല'; ആരോപണങ്ങൾ നിഷേധിച്ച് എസ്. ജയശ്രീ

> **Lead Summary:** ദില്ലി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തു. സന്നിധാനത്തെ ദ്വാരപാലക ശില്പ പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ലെന്ന് ജയശ്രീ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

## Article Content

ദില്ലി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തു. സന്നിധാനത്തെ ദ്വാരപാലക ശില്പ പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ലെന്ന് ജയശ്രീ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

തിരുവാഭരണം കമ്മീഷണറുടെ നേരിട്ടുള്ള സാന്നിധ്യത്തിലും മേൽനോട്ടത്തിലും പണികൾ നടത്തുന്നതിനാണ് അനുമതി നൽകിയത്. ദേവസ്വം ബോർഡിന്റെ മിനിറ്റ്സിൽ യാതൊരുവിധ തിരുത്തലുകളും വരുത്തിയിട്ടില്ലെന്നും ബോർഡ് എടുത്ത തീരുമാനങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും അവർ വിശദീകരിക്കുന്നു. നടപടികളെല്ലാം ബോർഡ് തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും ജയശ്രീ കോടതിയെ ബോധിപ്പിച്ചു.താൻ ജീവിതത്തിൽ ഒരിക്കൽ പോലും ശബരിമലയിൽ പോയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

ശബരിമല സ്വർണക്കവർച്ച കേസിൽ നാലാം പ്രതിയാണ് എസ് ജയശ്രീ. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം. നേരത്തെ ഹൈക്കോടതി രണ്ട് വട്ടം ജയശ്രീയുടെ ഹർജി തള്ളിയിരുന്നു. പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമായിരുന്നു ജയശ്രീയുടെ നിലപാട്. സ്വര്‍ണകൊള്ളയിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥയെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുളള നിർദേശം അനുസരിച്ച് ഫയൽ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ജയശ്രീയുടെ വാദം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343030/no-permission-has-been-given-to-take-the-sculpture-panels-out-s-jayashree-denies-allegations)