---
title: "നിർമ്മിതി ബുദ്ധി സന്തോഷമാണോ നൽകുന്നത്; നിർണായക എ ഐ ഇംപാക്ട് സമ്മിറ്റ് പ്രതീക്ഷ നിർഭരമോ?"
english_title: "Does artificial intelligence bring happiness? Is the crucial AI Impact Summit hopeful?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342992/does-artificial-intelligence-bring-happiness-is-the-crucial-ai-impact-summit-hopeful"
published_at: "2026-02-19T21:49:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699738c2da277_17.jpg"
keywords: []
---

# നിർമ്മിതി ബുദ്ധി സന്തോഷമാണോ നൽകുന്നത്; നിർണായക എ ഐ ഇംപാക്ട് സമ്മിറ്റ് പ്രതീക്ഷ നിർഭരമോ?

> **Lead Summary:** **ഗ്ലോ**ബൽ സൗത്ത് രാജ്യങ്ങളിൽ ആദ്യമായി ഇന്ത്യ ആതിഥ്യം വഹിക്കുന്ന നിർമ്മിതി ബുദ്ധി ഇമ്പാക്ട് സമ്മിറ്റ് ന്യൂഡൽഹിയിൽ പുരോഗമിക്കുകയാണ്. ദൈനംദിന ജീവിതത്തിലും തൊഴിൽ മേഖലയിലും നിർമ്മിതി ബുദ്ധി ഉണ്ടാക്കിയിട്ടുള്ള വിപ്ലവാത്മകമായ പരിവർത്തനങ്ങളുടെ സാഹചര്യത്തിലാണ് ഉച്ചകോടി നടക്കുന്നത്.

## Article Content

**ഗ്ലോ**ബൽ സൗത്ത് രാജ്യങ്ങളിൽ ആദ്യമായി ഇന്ത്യ ആതിഥ്യം വഹിക്കുന്ന നിർമ്മിതി ബുദ്ധി ഇമ്പാക്ട് സമ്മിറ്റ് ന്യൂഡൽഹിയിൽ പുരോഗമിക്കുകയാണ്. ദൈനംദിന ജീവിതത്തിലും തൊഴിൽ മേഖലയിലും നിർമ്മിതി ബുദ്ധി ഉണ്ടാക്കിയിട്ടുള്ള വിപ്ലവാത്മകമായ പരിവർത്തനങ്ങളുടെ സാഹചര്യത്തിലാണ് ഉച്ചകോടി നടക്കുന്നത്.

നവീനാശയങ്ങൾ, സഹകരണം, നിർമിതി ബുദ്ധിയുടെ ഉത്തരവാദിത്വപരമായ ഉപയോഗം എന്നീ വിഷയങ്ങളിലാണ് ചർച്ച പുരോഗമിക്കുന്നത്.നിർമിതി ബുദ്ധിയുടെ ഉപയോഗത്തിൽ ഉണ്ടാകുന്ന നൈതികത,സുരക്ഷ എന്നീ കാര്യത്തിൽ എ ഐ ഇമ്പാക്ട് സമ്മിറ്റിൽ നിന്നും പ്രതീക്ഷാനിർഭരമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

നിർമിതി ബുദ്ധി ഉപയോഗിക്കുമ്പോൾ ഭയപ്പെടരുത്, പകരം ക്രിയാത്മകതയാണ് വേണ്ടത് എന്ന സന്ദേശമാണ് ഉച്ചകോടി നൽകുന്നത്. നിർമിതി ബുദ്ധിയുടെ ഉപയോഗത്തിലൂടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുവാൻ സാധിക്കുമോ എന്നതും ഉച്ചകോടിയുടെ ചർച്ചാ വിഷയങ്ങളിൽ ഒന്നാണ്.

ലോകത്തെ വിസ്മയിപ്പിക്കുന്ന മാറ്റങ്ങളുമായി നിത്യജീവിതത്തിന്റെ ഭാഗമായി തീർന്ന നിർമിതി ബുദ്ധി, ഭാവി ജീവിതം കരുപ്പിടിപ്പിക്കുവാൻ വേണ്ട സാങ്കേതിക പരിജ്ഞാനമായി മാറിയ കാലഘട്ടത്തിലാണ് വളരെ പ്രധാനപ്പെട്ട ഉച്ചകോടി ഇന്ത്യയിൽ നടക്കുന്നത്.

700 സെഷനുകളിലായി 7 പ്രമേയത്തിൽ നടക്കുന്ന ആഗോള ഉച്ചകോടിയിൽ 500 ടെക്ക് മേധാവികളും, 24 രാഷ്ട്രത്തലവന്മാരും, നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

രണ്ടര ലക്ഷത്തോളം വിജ്ഞാന കുതുകികളായി വ്യക്തികളാണ് സമ്മേളനത്തിന്റെ ഭാഗമാകുവാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ റോബോട്ടിക്സ്, മെഷീൻ ലേണിങ് എന്നിവയിൽ അധിഷ്ഠിതമായ പ്രദർശനവും ഗ്ലോബൽ ഇമ്പാക്ട് സമ്മിറ്റിൽ ഒരുക്കിയിട്ടുണ്ട്. പുതിയ കണ്ടുപിടുത്തങ്ങൾ പുറത്തു വരുന്നതിന്റെ ഭാഗമായി നടത്തുന്ന എഐ ഇമ്പാക്ട് ചലഞ്ചിന്റെ ഭാഗമായുള്ള മത്സരങ്ങളും,പ്രാഥമിക ഘട്ടത്തിൽ വിജയിച്ച 4650 പേരിൽ 70 പേർ ഫൈനലിൽ എത്തുകയും ചെയ്തത് ഉച്ചകോടിയെ ആകർഷകമാക്കുന്നു.

സ്ത്രീകൾക്ക് മാത്രമായി നിർമ്മിതി ബുദ്ധിയിൽ അധിഷ്ഠിതമായചലഞ്ചുകൾ നടക്കുന്നതും ഉച്ചകോടിയുടെ സവിശേഷതയാണ്. എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത് എങ്കിലും നിർമ്മിതി ബുദ്ധി ഉണ്ടാക്കിയിട്ടുള്ള ഭീമമായ തൊഴിൽ നഷ്ടങ്ങൾ യഥാർത്ഥത്തിൽ സാധാരണക്കാർക്ക് സന്തോഷമാണോ ഉണ്ടാക്കുക എന്നത് ഇപ്പോൾ പറയാൻ സാധിക്കുകയില്ല.

ഇന്റർനെറ്റ് വന്നതിന് ശേഷം ഉണ്ടായതിനേക്കാൾ ഏറെ വ്യാപ്തിയിൽ പടർന്നു പന്തലിക്കുന്ന നിർമ്മിതി ബുദ്ധി തൊഴിൽ ഇല്ലാതാക്കും എന്നതിന്റെ ഒരു ഉദാഹരണമാണ്,1995ൽ അമേരിക്കയിലെ 5500 കോടി യുഎസ് ഡോളർ ആസ്തിയുള്ള കമ്പനിയായ ഐബിഎമ്മിൽ 4 ലക്ഷം ജീവനക്കാരാണ് ഉണ്ടായിരുന്നത് എന്നാൽ ഇന്ന് ഏറ്റവും വിലയേറിയ അമേരിക്കയിലെ കമ്പനിയായ എൻവി ഡിയയിൽ 40000 ജീവനക്കാർ മാത്രമേ ഉള്ളു.നാലര ലക്ഷം യുഎസ് ഡോളർ ആസ്തിയുള്ള കമ്പനിയാണ് എൻവി ഡിയ എന്ന് ഓർക്കേണ്ടതായിട്ടുണ്ട്.

നിർമ്മിതി ബുദ്ധി നിലവിൽ തൊഴിൽ രംഗത്ത് ഉണ്ടാകുന്ന ഭീഷണി ഭയാനകം തന്നെയാണ് എന്ന് ഇത് വിളിച്ചോതുന്നു. നിർമ്മിതി ബുദ്ധിയിൽ അധിഷ്ഠിതമായ ഉൽപ്പന്നങ്ങളും സേവനങ്ങളും തൊഴിൽ മേഖലയെ ഉടച്ച്‌ വാർക്കുന്നതിനാൽ സാമ്പ്രദായിക തൊഴിൽ മേഖലയിലുള്ളവർ ആശങ്കാകുലരാണ്. താഴെത്തട്ടിൽ ഉള്ള 50% വൈറ്റ് കോളർ ജോലിയും നിർമിതി ബുദ്ധി ഏറ്റെടുക്കുന്നതാണ്. ബാങ്കിൽ മേഖലയിൽ 50% ജോലികളും ഇപ്പോൾ തന്നെ നിർമ്മിതി ബുദ്ധിയിൽ അധിഷ്ഠിതമായ ഉപകരണങ്ങളിലൂടെയാണ് നിർവഹിച്ചു വരുന്നത്.

ആഗോളതലത്തിൽ 14% തൊഴിൽ നഷ്ടം നിർമ്മിതി ബുദ്ധി കൊണ്ട് ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. പ്രതിവർഷം 20ലക്ഷം ഫാക്ടറികളിൽ നിർമ്മിതി ബുദ്ധിയിൽ അധിഷ്ഠിതമായ റോബോട്ടുകളെ ഉപയോഗപ്പെടുത്തുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുപ്പോൾ ലോകത്ത് ഡിജിറ്റൽ വിടവുകൾ നിലവിലുള്ളതിനേക്കാൾ കൂടുതൽ ശക്തമാകാനാണ് സാധ്യത.

ഭാവി സാധ്യതയായ നിർമ്മിതി ബുദ്ധി സാധാരണക്കാർക്ക് സഹായകമായ രീതിയിൽ പരിവർത്തിപ്പിക്കേണ്ടത് ഏറ്റവും വലിയ ആവശ്യമായി ഉയർന്നു വന്നിരിക്കുന്നു.നിർമിതി ബുദ്ധിയിലൂടെ വ്യാജവാർത്തകൾ തടയാനും വിനാശകരമായ നിർമിതി ഉപയോഗം പ്രതിരോധിക്കുവാനും ശക്തമായ രൂപരേഖ ആഗോള എ ഐ ഇമ്പാക്ട് സമ്മിറ്റിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.

വെറുതെ ഉത്തരങ്ങൾ നൽകുന്നതിന് പകരം മനുഷ്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ഏജന്റിക്ക് നിർമ്മിതി ബുദ്ധി വളർന്നതോടെ യൂറോപ്യൻ യൂണിയൻ അടക്കമുള്ള ലോകരാജ്യങ്ങൾ പുതുതായി നിയമനിർമാണങ്ങൾ നടത്തിയ ഘട്ടത്തിലാണ് ഇന്ത്യയിൽ നടക്കുന്ന നിർമ്മിതി ബുദ്ധി സമ്മിറ്റിന് ആഗോള പ്രാധാന്യമുള്ളത്.

വിവിധ ചർച്ചകളിൽ ഉരു തിരിഞ്ഞ് വന്ന കാര്യങ്ങൾ ഉപയോഗപ്പെടുത്തി ഇന്ത്യയിൽ നിർമ്മിതി ബുദ്ധി, സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള ഒരു നിയമനിർമാണം ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതായിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വ്യാജ ചിത്രങ്ങൾ തിരിച്ചറിയുന്നതിന് വേണ്ടി വാട്ടർമാർക്ക് ഏർപ്പെടുത്തിയത് പോലെ വ്യാജവാർത്തകളും ദുരുപയോഗങ്ങളും തടയാൻ നിർമ്മിതി ബുദ്ധി സംവിധാനങ്ങൾക്ക് ചില നിരീക്ഷണ കവചങ്ങൾഉണ്ടാകേണ്ടതായിട്ടുണ്ട്.

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്,ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ,ഓപ്പൺ എഐ സിഇഒ സാം ആൾട്ടമാൻ, ഗൂഗിൾ ഡീപ്പ് മൈൻഡ് തലവൻ ഡെമിസ് ഹസ്സാബിസ്, മൈക്രോസോഫ്റ്റ് സിഇഒ സത്യനതല്ലേ, ചിപ്പുകളുടെ രാജകുമാരൻ ജെൻസൺ ഹുവേങ്, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹൃഷി സുനക്ക്, മുൻ അമേരിക്കൻ വൈസ് പ്രസിഡണ്ട് കമലഹാരിസ്,പ്രമുഖ എഐ സുരക്ഷാ ശാസ്ത്രജ്ഞൻ ലോഷുവ ബെൻഞ്ചിയോ, നിർമ്മിത ബുദ്ധിയുടെ പിതാവ് ജെഫിറി ഹിന്റൻ,മെറ്റാ എഐചീഫ് യാൻ ലെകൂൺ,നന്ദൻ നിലക്കേരീ തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കുന്നു എന്നത് വളരെയേറെ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യയിൽ

ഭാഷാ തടസ്സങ്ങൾ ഒഴിവാക്കി പുറത്തുവന്ന നിർമിതി ബുദ്ധി ഉൽപ്പന്നമായ ഭാഷിണി,സൂപ്പർ വേഗതയുള്ള കമ്പ്യൂട്ടർ ഐരാവതി,വാടക ടാക്സി മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ക്രൂട്ടീം,20 ഭാഷകളിൽ മറുപടി പറയുന്ന സർവ്വം എന്നിങ്ങനെയുള്ള പുതിയ തരത്തിലുള്ള നിർമിതി ബുദ്ധിയിലധിഷ്ഠിതമായ വ്യത്യസ്തങ്ങളായിട്ടുള്ള സംവിധാനങ്ങളും ഉപകരണങ്ങളും പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിന് വല്ല തീരുമാനവും ഉച്ചകോടിയിൽ ഉണ്ടാകുമോ എന്നതും, 125 ബില്യൺ യൂ എസ് ഡോളറിന്റെ പുതിയ നിർമ്മിതി ബുദ്ധി മിഷൻ പ്രവർത്തനത്തിൽ എന്തൊക്കെ സഹായങ്ങളാണ് എഐ ഇമ്പാക്ട് സമ്മിറ്റിൽ ഉണ്ടാകുക എന്നത് പ്രതീക്ഷയോടെയാണ് സാധാരണ ജനങ്ങൾ കാത്തുനിൽക്കുന്നത്. ന്യൂഡൽഹിയിൽ നടന്നുവരുന്ന എഐ ഇമ്പാക്ട് സമ്മിറ്റ് വലിയ പരിവർത്തനങ്ങൾ നിർമിതി ബുദ്ധി മേഖലയിൽ ഉണ്ടാക്കും എന്നത് തീർച്ചയാണ്

**ടീ ഷാഹുൽ ഹമീദ്**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342992/does-artificial-intelligence-bring-happiness-is-the-crucial-ai-impact-summit-hopeful)