---
title: "'കേരള സ്‌റ്റോറി 2'വിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയുമായി കണ്ണൂർ സ്വദേശി; സിബിഎഫ്‌സിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി"
english_title: "petition seeking cancellation of kerala story 2 censor certificate high court sends notice to cbfc"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342948/petition-seeking-cancellation-of-kerala-story-2-censor-certificate-high-court-sends-notice-to-cbfc"
published_at: "2026-02-19T16:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996e70c18c10_highcourt.jpg"
keywords: []
---

# 'കേരള സ്‌റ്റോറി 2'വിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയുമായി കണ്ണൂർ സ്വദേശി; സിബിഎഫ്‌സിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** )** 'കേരള സ്‌റ്റോറി 2'വിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് അയച്ചു. നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സും മറുപടി നല്‍കണം. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** )** 'കേരള സ്‌റ്റോറി 2'വിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് അയച്ചു. നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സും മറുപടി നല്‍കണം. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായ 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമാണ് ' ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്'. 'യുഎ' സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് അനുവദിച്ചിരിക്കുന്നത്. സാധാരണ ഇത്തരം സെൻസിറ്റീവ് ആയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾക്ക് 'എ' സർട്ടിഫിക്കറ്റാണ് അനുവദിക്കുന്നത്. എന്നിട്ടും മതവിദ്വേഷം പരത്തുന്നു എന്ന ആരോപണം നേരിടുന്ന ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് അനുവദിച്ച സിബിഎഫ്‌സി നടപടിയെ പലരും വിമർശിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് 'കേരള സ്റ്റോറി 2'വിന്റെ ട്രെയ്‌‌ലർ പുറത്തിറങ്ങിയത്. വിദ്വേഷ പരാമർശങ്ങൾ നിറഞ്ഞ ട്രെയ്‌ലറിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. പ്രത്യേകിച്ച്, ഒരു മലയാളി യുവതി ബീഫ് കഴിക്കാൻ വിസമ്മതിക്കുന്നതും അവരെ ബലം പ്രയോഗിച്ച് കഴിപ്പിക്കുകയും ചെയ്യുന്ന രംഗം വലിയ ചർച്ചകൾക്ക് ഇടയാക്കി.

ഇന്ത്യ വൈകാതെ മുസ്ലീം രാഷ്ട്രമാകും എന്ന് പറഞ്ഞു കൊണ്ടാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. രാജ്യത്ത് പ്രണയം നടിച്ച് മതപരിവർത്തനം നടക്കുന്നുവെന്ന തീവ്ര വലതുപക്ഷ ആഖ്യാനമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

അതിരൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയെ വിമർശിച്ചത്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളാ മാതൃകയെ ഭയക്കുന്നവരാണ് വിദ്വേഷ പ്രചാരണത്തിന് പിന്നിലെന്ന് പറഞ്ഞ മുഖ്യമന്ത്രി വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് എങ്ങനെയെന്നത് ആശ്ചര്യകരമാണെന്നും കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342948/petition-seeking-cancellation-of-kerala-story-2-censor-certificate-high-court-sends-notice-to-cbfc)