പി കെ ശശിയുടെ രാജി; തീരുമാനമെടുക്കുന്നതിന് മുമ്പ് പാർട്ടിയുമായി ആലോചിക്കാമായിരുന്നെന്ന് സുരേഷ് ബാബു


2026-02-19T15:52:00

പാലക്കാട്: ( www.truevisionnews.com ) പികെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചത് പാർട്ടിയുടെ അറിവോടെയല്ലെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ശശി പാർട്ടി വിടില്ലെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിൽ കൂടിയാണ് ഇക്കാര്യം അറിഞ്ഞതെന്നും ഇപ്പോഴും പാർട്ടി മെമ്പർഷിപ്പുള്ളയാളാണ് പി കെ ശശിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കുഞ്ഞാലിക്കുട്ടി എന്നിവരുമായി പി കെ ശശി ചർച്ച നടത്തിയെന്നതിന് തെളിവുണ്ടോയെന്നും സുരേഷ് ബാബു മാധ്യമങ്ങളോട് ചോദിച്ചു.

പാർട്ടിയിൽ നിന്നും പുറത്ത് പോകാത്ത, ഇപ്പോഴും അംഗമായ ഒരാളെ കുറിച്ച് പി കെ ശശിയുമായി സംസാരിച്ചു എന്ന് കോൺഗ്രസ് നേതാക്കൾ സ്ഥിരീകരിച്ചല്ലോ എന്നും അത് തിരിച്ചടിയാകില്ലേ എന്നുമുള്ള ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ അർത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. പി കെ ശശിയുടെ ഉദ്ദേശം നല്ലതാണോ ചീത്തയാണോ എന്ന് അദ്ദേഹമാണ് മറുപടി പറയേണ്ടത്.

തന്നോടു രാജിക്കാര്യം ചർച്ച ചെയ്തിട്ടില്ല. അതിനാൽ രാജിയില്‍ താന്‍ പ്രതികരിക്കേണ്ടതില്ലെന്നും സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഉത്തരവാദിത്തപ്പെട്ട സ്ഥാനം ഒഴിയുന്ന കാര്യത്തിൽ സ്വന്തമായി തീരുമാനം എടുക്കുന്നതിന് മുമ്പ് പാർട്ടിയുമായി ആലോചിക്കാമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.

സിപിഐഎമ്മിന്റെ മറ്റ് നേതാക്കളും ശശിയുടെ രാജിയിൽ പ്രതികരിച്ചിട്ടുണ്ട്. പി കെ ശശി രാജിവച്ചതിന് താൻ എന്ത് ചെയ്യാനാണെന്നായിരുന്നു മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലന്റെ പ്രതികരണം. സിപിഐഎമ്മിൽ ആരും പരിഗണിക്കപ്പെടാതെ പോയിട്ടില്ലെന്നും പാർട്ടിയെ വഞ്ചിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പി കെ ശശിയാണെന്നും കെ രാധകൃഷ്ണൻ എംപി പ്രതികരിച്ചു.

സിപിഐഎം നേതൃത്വവുമായി അകൽച്ചയിലായ സാഹചര്യത്തിലാണ് പി കെ ശശി മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറിയത്. രാജി വ്യക്തിപരമാണെന്നാണ് പി കെ ശശിയുടെ വിശദീകരണം. അതിനിടയിൽ പി കെ ശശി ഒറ്റപ്പാലത്ത് മത്സരിക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.



Content Highlight: palakkad cpim secretary response pk sasi resignation ktdc

Next TV

Top Stories










adimage adimage
Entertainment News