---
title: "ഗവർണർ നിയമനത്തിൽ സംസ്ഥാനത്തിന് അധികാരം വേണം; ഫെഡറൽ സംവിധാനത്തിൽ മാറ്റം തേടി ജസ്റ്റിസ് കുര്യൻ ജോസഫ് റിപ്പോർട്ട്"
english_title: "Justice Kurian Joseph's report seeks change in federal system"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342808/justice-kurian-josephs-report-seeks-change-in-federal-system"
published_at: "2026-02-19T10:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69969281261d6_tru5.jpg"
keywords: []
---

# ഗവർണർ നിയമനത്തിൽ സംസ്ഥാനത്തിന് അധികാരം വേണം; ഫെഡറൽ സംവിധാനത്തിൽ മാറ്റം തേടി ജസ്റ്റിസ് കുര്യൻ ജോസഫ് റിപ്പോർട്ട്

> **Lead Summary:** **ചെന്നൈ:[ [truevisionnews.com]]**[ ]ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് കുര്യൻ ജോസഫ് സമിതി റിപ്പോർട്ട് സമർപ്പിച്ചു.

## Article Content

**ചെന്നൈ:[ [truevisionnews.com]]**[ ]ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് കുര്യൻ ജോസഫ് സമിതി റിപ്പോർട്ട് സമർപ്പിച്ചു.

നിലവിലെ കേന്ദ്രീകൃത ഭരണസംവിധാനത്തിന് പകരം ഫെഡറൽ വ്യവസ്ഥയിൽ വിപ്ലവകരമായ പുനർനിർണ്ണയം ആവശ്യപ്പെടുന്ന റിപ്പോർട്ടിന്റെ ആദ്യഭാഗം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ വെച്ചു.

ഗവർണർ നിയമനത്തിൽ സംസ്ഥാന സർക്കാർ നിർദേശിക്കുന്ന മൂന്ന് പേരുകളിൽ ഒരാളെ മാത്രമേ രാഷ്ട്രപതി നിയമിക്കാവൂ എന്നതും ഗവർണറുടെ വിവേചനാധികാരങ്ങൾക്ക് വ്യക്തമായ പരിധി നിശ്ചയിക്കണമെന്നതുമാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശകളിലൊന്ന്.

കൂടാതെ, ഭരണഘടനാ ഭേദഗതികളിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്നും പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിക്കുന്നത് നിരോധിക്കണമെന്നും സമിതി നിർദേശിക്കുന്നു.

ഭാഷാ നയത്തിലും ധനകാര്യ മേഖലയിലും കൃത്യമായ നിലപാടുകൾ റിപ്പോർട്ട് മുന്നോട്ട് വെക്കുന്നുണ്ട്. 'ഒരു രാജ്യം, ഒരു ഭാഷ' എന്ന സങ്കല്പം ഉപേക്ഷിച്ച് ഇംഗ്ലീഷിനെ കേന്ദ്രത്തിന്റെ സ്ഥിരമായ ഔദ്യോഗിക ഭാഷയായി നിലനിർത്തണമെന്നും ജിഎസ്ടി കൗൺസിൽ തീരുമാനങ്ങൾ ഉപദേശ സ്വഭാവമുള്ളവ മാത്രമായി ചുരുക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

വിദ്യാഭ്യാസത്തിന്റെയും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും നിയന്ത്രണം സംസ്ഥാനങ്ങൾക്ക് തിരികെ നൽകണമെന്നും ലോക്സഭാ സീറ്റുകളുടെ വിഭജനം 2126 വരെ മരവിപ്പിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

സംസ്ഥാനങ്ങളെ വിശ്വസിക്കുന്ന ഫെഡറൽ സംവിധാനം ജനാധിപത്യത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342808/justice-kurian-josephs-report-seeks-change-in-federal-system)