---
title: "ഗാർഹിക പീഡനക്കേസ് കാരണം കാനഡയിലേക്ക് മടങ്ങാൻ കഴിയാത്തതിലുള്ള പക; ഐടി ജീവനക്കാരിയെ മുൻഭർത്താവ് കൊലപ്പെടുത്തി"
english_title: "IT employee murdered by ex-husband"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342791/it-employee-murdered-by-ex-husband"
published_at: "2026-02-19T08:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699680c1b0f96_crime.jpg"
keywords: []
---

# ഗാർഹിക പീഡനക്കേസ് കാരണം കാനഡയിലേക്ക് മടങ്ങാൻ കഴിയാത്തതിലുള്ള പക; ഐടി ജീവനക്കാരിയെ മുൻഭർത്താവ് കൊലപ്പെടുത്തി

> **Lead Summary:** **( **[www.truevisionnews.com]** )** ഹൈദരാബാദിൽ ഐടി ജീവനക്കാരിയെ മുൻഭർത്താവ് വീട്ടിൽ അതിക്രമിച്ചുകയറി കുത്തിക്കൊലപ്പെടുത്തി. 30 കാരിയായ ബി സുനിത എന്ന യുവതിയെ മുൻ ഭർത്താവ് മഹേഷ് കൊലപ്പെടുത്തിയെന്നാണ് കേസ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

## Article Content

**( **[www.truevisionnews.com]** )** ഹൈദരാബാദിൽ ഐടി ജീവനക്കാരിയെ മുൻഭർത്താവ് വീട്ടിൽ അതിക്രമിച്ചുകയറി കുത്തിക്കൊലപ്പെടുത്തി. 30 കാരിയായ ബി സുനിത എന്ന യുവതിയെ മുൻ ഭർത്താവ് മഹേഷ് കൊലപ്പെടുത്തിയെന്നാണ് കേസ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

യുവതി നൽകിയ ഗാർഹിക പീഡനക്കേസ് കാരണം പ്രതിക്ക് താൻ ജോലി ചെയ്തിരുന്ന കാനഡയിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല. തന്റെ അമ്മയുടെ മരണത്തിന് കാരണം ഈ കേസുകൾ മൂലമുണ്ടായ മാനസിക വിഷമമാണെന്ന് പ്രതി വിശ്വസിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് പ്രതി യുവതിയുടെ വീട് കണ്ടെത്തിയത്. കൊലപാതകം ആസൂത്രണം ചെയ്യുന്നതിനായി രണ്ട് മാസം മുമ്പ് ഹൈദരാബാദിലെത്തിയ ഇയാൾ ഒരു ഹോസ്റ്റലിൽ താമസിക്കുകയും യുവതിയുടെ വീടും പരിസരവും നിരീക്ഷിക്കുകയും ചെയ്തിരുന്നു. രണ്ട് കത്തികൾ, ഡ്രില്ലിംഗ് മെഷീൻ, അഞ്ച് ലിറ്റർ പെട്രോൾ എന്നിവയുമായാണ് പ്രതി യുവതിയുടെ അപ്പാർട്ട്‌മെന്റിലെത്തിയത്.

മുറിക്കുള്ളിൽ കടന്ന ഇയാൾ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പെട്രോൾ ഒഴിച്ച് മുറിക്ക് തീയിടുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി ശുചിമുറിയിൽ കയറി ഒളിച്ചു. പിന്നീട് പോലീസ് എത്തിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.

2022-ലായിരുന്നു ഇവരുടെ വിവാഹം. പിന്നീട് ഇവർ വിവാഹമോചിതരാകുകയും യുവതി 2025 ഏപ്രിലിൽ രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തു. യുവതി മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നുണ്ടെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ ഇത് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു. പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. സിസിടിവി ദൃശ്യങ്ങളിൽ പ്രതി ബാഗുമായി അപ്പാർട്ട്‌മെന്റിലൂടെ നടന്നുപോകുന്നത് വ്യക്തമായി കാണാം

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342791/it-employee-murdered-by-ex-husband)