---
title: "കത്തിയമർന്നത് കോടികൾ! കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; 50 കോടിയുടെ നഷ്ടമെന്ന് വിലയിരുത്തല്‍"
english_title: "Fire at Jayalakshmi Silks in Palayam, Kozhikode; loss estimated at Rs. 50 crore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342781/fire-at-jayalakshmi-silks-in-palayam-kozhikode-loss-estimated-at-rs-50-crore-new"
published_at: "2026-02-19T07:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69966d946c467_firte.jpg"
keywords: []
---

# കത്തിയമർന്നത് കോടികൾ! കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; 50 കോടിയുടെ നഷ്ടമെന്ന് വിലയിരുത്തല്‍

> **Lead Summary:** **കോഴിക്കോട്: ** പാളയം ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തത്തില്‍ നഷ്ടം അന്‍പത് കോടിയെന്ന് വിലയിരുത്തല്‍. ഷോറൂം മാനേജര്‍ അജേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് ബുധനാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

## Article Content

**കോഴിക്കോട്: ** പാളയം ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തത്തില്‍ നഷ്ടം അന്‍പത് കോടിയെന്ന് വിലയിരുത്തല്‍. ഷോറൂം മാനേജര്‍ അജേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് ബുധനാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

അജേഷിന്റെ മൊഴി പ്രകാരം ജയലക്ഷ്മി സില്‍സ്‌കില്‍ അന്‍പത് കോടിയുടെ നഷ്ടം സംഭവിച്ചതായാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തില്‍ ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച ജയലക്ഷ്മി സില്‍ക്‌സില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായിരുന്നു പരിശോധന. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

രണ്ടാം നിലയിലാണ് തീപടര്‍ന്നതെന്നാണ് ഫയര്‍ഫോഴ്‌സ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ ഫയര്‍ റസിസ്റ്റ് ഓട്ടാമാറ്റിക് സ്പ്രിങ്ഗ്ലറുകള്‍ പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ തുണിത്തരങ്ങളിലേക്ക് തീ പടര്‍ന്നുപിടിച്ചതോടെ രണ്ടും മൂന്നും നിലയിലേക്ക് ആളിപ്പടരുകയായിരുന്നു. ജില്ലാ ഫയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് വ്യാഴാഴ്ച ജില്ലാ കളക്ടര്‍ക്ക് കൈമാറും.

വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അസ്വാഭാവികത തോന്നിയ രണ്ട് യുവാക്കളാണ് അഗ്‌നിശമന സേനയെ വിവരം അറിയിച്ചത്.

ഇവര്‍ ജയലക്ഷ്മി സില്‍സ്‌കിന് സമീപത്തെ തട്ടുകടയില്‍ ചായ കുടിക്കാന്‍ എത്തിയതായിരുന്നു. ഇതിനിടെ തന്നെ ടെക്സ്‌റ്റൈല്‍സിലെ സുരക്ഷാ അലാം മുഴങ്ങിയിരുന്നു. ജീനവക്കാരും ഉപയോക്താക്കളും ഉടന്‍ പുറത്തിറങ്ങി. ഈ സമയംകൊണ്ട് അഗ്‌നിശമന സേന സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

കോഴിക്കോട് ബീച്ച്, മീഞ്ചന്ത, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാ സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നാലെ വെള്ളിമാടുകുന്ന്, കൊണ്ടോട്ടി, മുക്കം എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സംഘവും സ്ഥലത്തെത്തി. ഈ സമയം തീ ഒന്നാം നിലയില്‍ നിന്ന് മുകളിലത്തെ നിലയിലേക്ക് പടര്‍ന്ന് തുടങ്ങിയിരുന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ കോണിയില്‍ മുകളിലേക്ക് കയറിയെങ്കിലും കനത്ത ചൂട് കാരണം പിന്മാറേണ്ടിവന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342781/fire-at-jayalakshmi-silks-in-palayam-kozhikode-loss-estimated-at-rs-50-crore-new)