---
title: "നവകേരള സർവ്വേ; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ"
english_title: "New Kerala Survey; State government approaches Supreme Court against High Court order"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342767/new-kerala-survey-state-government-approaches-supreme-court-against-high-court-order"
published_at: "2026-02-18T23:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995fa1598657_24.jpg"
keywords: []
---

# നവകേരള സർവ്വേ; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

> **Lead Summary:** **തിരുവനന്തപുരം: **നവകേരള സർവ്വേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.

## Article Content

**തിരുവനന്തപുരം: **നവകേരള സർവ്വേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.

'നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം' എന്ന പേരിൽ സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച ജനകീയ സർവ്വേ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസമാണ് സ്റ്റേ ചെയ്തത്.

രാഷ്ട്രീയ പ്രചാരണങ്ങളുടെ പേരിൽ സർക്കാർ സർവ്വേകൾ പാടില്ലെന്നും ഇത് സാമ്പത്തിക നിയമങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഈ ഉത്തരവിനെ മറികടക്കാനാണ് സർക്കാർ ഇപ്പോൾ രാജ്യത്തെ പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എൽ.ഡി.എഫ് പ്രകടനപത്രിക തയ്യാറാക്കാൻ സർക്കാർ ഫണ്ട് ഉപയോഗിച്ച് വിവരശേഖരണം നടത്തുന്നു എന്ന് ആരോപിച്ചുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടിയുണ്ടായത്.

പാർട്ടി പ്രവർത്തകരെ വൊളന്റിയർമാരാക്കി നടത്തുന്ന ഈ സർവ്വേയുടെ സാമ്പത്തിക സ്രോതസ്സിൽ വ്യക്തത വരുത്താനും കോടതി നിർദ്ദേശിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനുമായി ജനങ്ങളുടെ അഭിപ്രായം തേടുന്ന ഈ പദ്ധതി പ്രഖ്യാപിച്ചത്. പരിശീലനം ലഭിച്ച അയ്യായിരത്തോളം വൊളന്റിയർമാർ മുഖേന വീടുകൾ കയറി വിവരങ്ങൾ ശേഖരിക്കാനായിരുന്നു സർക്കാരിന്റെ നീക്കം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342767/new-kerala-survey-state-government-approaches-supreme-court-against-high-court-order)