---
title: "അങ്കണവാടി പ്രവർത്തകർക്ക് ആശ്വാസം; നഷ്ടമായ പെൻഷൻ അനുവദിക്കാൻ സർക്കാർ തീരുമാനം"
english_title: "Relief for Anganwadi workers; Government decides to grant lost pension"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342761/relief-for-anganwadi-workers-government-decides-to-grant-lost-pension"
published_at: "2026-02-18T22:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995f41d4e774_22.jpg"
keywords: []
---

# അങ്കണവാടി പ്രവർത്തകർക്ക് ആശ്വാസം; നഷ്ടമായ പെൻഷൻ അനുവദിക്കാൻ സർക്കാർ തീരുമാനം

> **Lead Summary:** **തിരുവനന്തപുരം:** കേരള അങ്കണവാടി വർക്കേഴ്‌സ് & ഹെൽപ്പേഴ്‌സ് ക്ഷേമനിധി ബോർഡിൽ അംശദായം അടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് പെൻഷൻ ആനുകൂല്യം നഷ്ടമായവർക്ക് സഹായവുമായി സർക്കാർ.

## Article Content

**തിരുവനന്തപുരം:** കേരള അങ്കണവാടി വർക്കേഴ്‌സ് & ഹെൽപ്പേഴ്‌സ് ക്ഷേമനിധി ബോർഡിൽ അംശദായം അടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് പെൻഷൻ ആനുകൂല്യം നഷ്ടമായവർക്ക് സഹായവുമായി സർക്കാർ.

30 മുതൽ 40 വർഷം വരെ സേവനമനുഷ്ഠിച്ചിട്ടും സാങ്കേതിക കാരണങ്ങളാൽ പെൻഷൻ നിഷേധിക്കപ്പെട്ടവർക്ക് അത് തിരികെ നൽകാൻ ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2016 നും 2025 നും ഇടയിൽ വിരമിച്ച അഞ്ഞൂറിലധികം പ്രവർത്തകർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.

അനാരോഗ്യം ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ ശൂന്യ വേതനാവധി എടുക്കേണ്ടി വരികയും, ആറു മാസത്തിലധികം വിഹിതം അടയ്ക്കാൻ കഴിയാതെ വരികയും ചെയ്തവർക്കാണ് അംഗത്വം നഷ്ടമായിരുന്നത്.

നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്തിയാണ് ഈ പ്രതിസന്ധിക്ക് സർക്കാർ പരിഹാരം കണ്ടത്. കുടിശ്ശിക അടച്ച് അംഗത്വം പുനരുജ്ജീവിപ്പിക്കാൻ സാധിക്കാത്തവർക്ക് പ്രത്യേക അനുമതിയിലൂടെ പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കാനാണ് പുതിയ ഉത്തരവ് ലക്ഷ്യമിടുന്നത്.

തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായ ഈ പ്രായോഗിക ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അടിയന്തര നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. മുടക്കം വരുത്തിയ വിഹിതം അടച്ചുതീർക്കുന്നതോടെ വിരമിച്ച പ്രവർത്തകർക്ക് പെൻഷൻ ലഭിച്ചുതുടങ്ങും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342761/relief-for-anganwadi-workers-government-decides-to-grant-lost-pension)