---
title: "'ഗോള്‍വാള്‍ക്കറുടെ മുന്നില്‍ കുമ്പിട്ട് തിരികൊളുത്തി വി ഡി സതീശൻ'.....! പ്രതിപക്ഷ നേതാവിനെതിരെ എ സുരേഷിന്റെ പഴയ ഫേസ്ബുക്ക് കുറിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു"
english_title: "A Suresh old Facebook post against the opposition leader is being discussed again"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342722/a-suresh-old-facebook-post-against-the-opposition-leader-is-being-discussed-again"
published_at: "2026-02-18T17:36:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995ac68454ba_a_suresh.jpg"
keywords: []
---

# 'ഗോള്‍വാള്‍ക്കറുടെ മുന്നില്‍ കുമ്പിട്ട് തിരികൊളുത്തി വി ഡി സതീശൻ'.....! പ്രതിപക്ഷ നേതാവിനെതിരെ എ സുരേഷിന്റെ പഴയ ഫേസ്ബുക്ക് കുറിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു

> **Lead Summary:** കാലത്തിൻറെ മറ നീക്കി സത്യം വീണ്ടും പുറത്തേക്ക്. പ്രേരണയായത് വി എസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ എത്തിയതിന് പിന്നാലെ വി എസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ് മുന്‍പ് സതീശനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു.*

## Article Content

കാലത്തിൻറെ മറ നീക്കി സത്യം വീണ്ടും പുറത്തേക്ക്. പ്രേരണയായത് വി എസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ എത്തിയതിന് പിന്നാലെ വി എസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ് മുന്‍പ് സതീശനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു.*

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന് പറഞ്ഞ് വി എസിനെ സതീശന്‍ വിമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷിന്റെ കുറിപ്പ്. വി എസിനെ കൂട്ടുപിടിച്ചുകൊണ്ട് വി ഡി സതീശന്‍ ഗോള്‍വാള്‍ക്കറുടെ പടത്തിന് മുന്നില്‍ നിന്ന് വിളക്ക് കൊളുത്തിയതിനെ മറയ്ക്കാന്‍ നോക്കണ്ട എന്നായിരുന്നു സുരേഷ് അന്ന് കുറിപ്പില്‍ പറഞ്ഞത്. 2022 ജൂലൈ പതിനൊന്നിനായിരുന്നു സുരേഷ് ഈ കുറിപ്പ് പങ്കുവെച്ചത്.

ആര്‍എസ് എസ് വിരോധം പൊതുയോഗത്തില്‍ പ്രസംഗിക്കുകയും തെരഞ്ഞെടുപ്പ് ആവുമ്പോള്‍ രാത്രി തലയില്‍ മുണ്ടിട്ട് ആര്‍എസ്എസ് കാര്യാലയങ്ങളുടെ തിണ്ണ നിരങ്ങുന്ന കോണ്‍ഗ്രസ് പാരമ്പര്യമല്ല വി എസ് എന്ന കമ്മ്യൂണിസ്റ്റ്കാരന്റേത് എന്നെങ്കിലും മനസിലാക്കണമെന്നും സുരേഷ് കുറിപ്പില്‍ പറഞ്ഞിരുന്നു. വി എസ് പങ്കെടുത്ത പരിപാടിയെക്കുറിച്ചും സുരേഷ് കുറിപ്പില്‍ വിശദീകരിച്ചിരുന്നു.

2013 മാര്‍ച്ച് പതിമൂന്നിന് തിരുവനന്തപുരം എകെജി സെന്ററിന് സമീപമുള്ള ഹസന്‍ മരക്കാര്‍ ഹാളില്‍ ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച സ്വാമി വിവേകാനന്ദനെ കുറിച്ച് പി പരമേശ്വരന്‍ എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു വി എസ് പങ്കെടുത്തതെന്ന് സുരേഷ് പറയുന്നു. സുഗത കുമാരി കൂടി അഭ്യര്‍ത്ഥിച്ചതുകൊണ്ടാണ് വി എസ് ആ പരിപാടിയില്‍ പങ്കെടുത്തത്. അതൊരു ആര്‍എസ്എസ് പരിപാടി ആയിരുന്നില്ല.

അന്ന് വി എസ് പ്രസംഗിച്ചത് സ്വാമി വിവേകാനന്ദനെ ഹൈജാക്ക് ചെയ്യാനുള്ള ആര്‍എസ്എസ് ശ്രമങ്ങളെ നിശ്ശിതമായി വിമര്‍ശിച്ചുകൊണ്ടും ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടയെ തുറന്നു കാണിച്ചു കൊണ്ടുള്ളതുമായ പ്രസംഗമായിരുന്നുവെന്നും സുരേഷ് ചൂണ്ടിക്കാട്ടിയിരുന്നു.

കമ്മ്യൂണിസ്റ്റുകാരെ ആഭ്യന്തര ശത്രുക്കള്‍ എന്നും രാജ്യ വിരുദ്ധരെന്നും പ്രഖ്യപിച്ച ഗോള്‍വാള്‍ക്കറേയും അദേഹത്തിന്റെ ആശയങ്ങളെയും കൂട്ടു പിടിക്കാന്‍ വി എസിനെ പോലെയുള്ള കമ്മ്യൂണിസ്റ്റുകാരന് കഴിയില്ല എന്ന പ്രാഥമിക വിവരമെങ്കിലും കേരളത്തിന്റെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന് വേണമായിരുന്നുവെന്നും സുരേഷ് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

**എ സുരേഷിന്റെ പഴയ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം**

**ആര്‍എസ്എസ് പരിപാടിയും സ വി എസ്സും***

***ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശന്റെ ഇന്നത്തെ പ്രസ്തവനയാണ് ഇതെഴുതാന്‍ പ്രേരണ. അതായത് സ വി എസ്സാണ് ആര്‍ എസ് എസ് പരിപാടിയില്‍ ആദ്യം പങ്കെടുത്തത് എന്നും അതിന് ശേഷമാണ് അദ്ദേഹം പങ്കടുത്തത് എന്നും കമ്മ്യൂണിസ്റ്റ്കാരാണ് ആര്‍എസ്എസ്സിനെ കൂട്ടു പിടിച്ചിട്ടുള്ളത് എന്നൊക്കെ…***

***ഇത് കണ്ട് സത്യം അറിയാന്‍ ചിലയാളുകള്‍ വിളിക്കുകയുണ്ടായി. അത് കൊണ്ടാണ് ഇത്തരം ഒരു കുറിപ്പ് എഴുതേണ്ടി വന്നത്. സ വി എസ്സിനെ കൂട്ട് പിടിച്ചുകൊണ്ട് ശ്രീ വി ഡി സതീശന്‍ ഗോള്‍വള്‍ക്കറുടെ പടത്തിനുമുന്നില്‍ നിന്നും വിളക്ക് കൊളുത്തിയതിനെ മറയ്ക്കാന്‍ നോക്കണ്ട. സ വി എസ്സിനെ ആര്‍ എസ് എസ്സിനെ കുറിച്ചും അതിന്റെ വര്‍ഗീയ സ്വഭാവത്തെ കുറിച്ചും പഠിപ്പിക്കാന്‍ ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഒരു കോണ്‍ഗ്രസുകാരനും ആയിട്ടില്ല. ***

***ആര്‍എസ്എസ് വിരോധം പൊതുയോഗത്തില്‍ പ്രസംഗിക്കുകയും തിരഞ്ഞെടുപ്പ് ആവുമ്പോള്‍ രാത്രി തലയില്‍ മുണ്ടിട്ടു ആര്‍എസ്എസ് കാര്യാലയങ്ങളുടെ തിണ്ണ നിരങ്ങുന്ന കോണ്‍ഗ്രസ് പാരമ്പര്യമല്ല സ വി എസ് എന്ന കമ്മ്യൂണിസ്റ്റ്കാരന്റേത് എന്നെങ്കിലും മനസിലാക്കുക. സ വി എസ് പങ്കെടുത്ത പരിപാടിയെ കുറിച്ചാണെങ്കില്‍ വിശദമായി തന്നെ പറയാം.***

***2013 മാര്‍ച്ച് 13.നാണ് പ്രസ്തുത പരിപാടി സ്ഥലം തിരുവനന്തപുരം എ കെ ജി സെന്ററിന് സമീപമുള്ള ഹസന്‍ മരക്കാര്‍ ഹാള്‍… സംഘടിപ്പിച്ചത് ഭാരതീയ വിചാര കേന്ദ്രം. സ്വാമി വിവേകാനന്ദനെ കുറിച്ച് പ്രമുഖ വ്യക്തിത്വങ്ങള്‍ എഴുതിയ കുറിപ്പുകള്‍ സമാഹരിച്ചുകൊണ്ട് ശ്രീ പി പരമേശ്വരന്‍ എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ പ്രകാശന ചടങ്ങാണ് വേദി. സുഗത കുമാരി ടീച്ചര്‍ കൂടി നേരിട്ട് അഭ്യര്‍ത്ഥിച്ചിട്ടാണ് വി എസ് ആ പരിപാടിയില്‍ പങ്കെടുക്കുന്നത്. വേദിയില്‍ സുഗത കുമാരി ടീച്ചര്‍ ഉള്‍പ്പെടെയുള്ള വ്യക്തിത്വങ്ങള്‍. അതൊരു ആര്‍എസ്എസ് പരിപാടി ആയിരുന്നില്ല.***

***അന്ന് സ വി എസ് പ്രസംഗിച്ചത് സ്വാമി വിവേകാനന്ദനെ ഹൈജാക്ക് ചെയ്യാനുള്ള ആര്‍എസ്എസ് ശ്രമങ്ങളെ നിശ്ശിതമായി വിമര്‍ശിച്ചുകൊണ്ടും ആര്‍ എസ് എസ്സിന്റെ വര്‍ഗീയ അജണ്ടയെ തുറന്നു കാണിച്ചു കൊണ്ടുള്ളതുമായ പ്രസംഗമായിരുന്നു.***

***കമ്മ്യൂണിസ്റ്റ്കാരെ ആഭ്യന്തര ശത്രുക്കള്‍ എന്നും രാജ്യ വിരുദ്ധരെന്നും പ്രഖ്യപിച്ച ഗോള്‍വാള്‍ക്കറേയും അദേഹത്തിന്റെ ആശയങ്ങളെയും കൂട്ടു പിടിക്കാന്‍ സ വി എസ്സിനെ പോലെയുള്ള കമ്മ്യൂണിസ്റ്റ്കാരന് കഴിയില്ല എന്ന പ്രാഥമിക വിവരമെങ്കിലും കേരളത്തിന്റെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന് വേണമായിരുന്നു.***

ഇന്നലെയായിരുന്നു പുതുയുഗ യാത്രയില്‍ എ സുരേഷ് പങ്കെടുത്തത്. പുതുയുഗ യാത്ര പാലക്കാട് എത്തിയപ്പോഴായിരുന്നു സുരേഷ് പങ്കെടുത്തത്. വി ഡി സതീശന്‍ തന്നെയാണ് സുരേഷിനെ ഷോള്‍ അണിയിച്ച് സ്വീകരിച്ചത്. സദസിനെ അഭിസംബോധന ചെയ്ത സുരേഷ്, ഇടതുപക്ഷം ഇടതുപക്ഷമല്ലാതായെന്ന് തുറന്നടിച്ചിരുന്നു. വി എസിന് നല്‍കിയ ക്യാപിറ്റല്‍ പണിഷ്‌മെന്റ് തനിക്ക് ലഭിച്ചുവെന്നും സുരേഷ് പറഞ്ഞിരുന്നു. ഇടതുപക്ഷ മൂല്യം കേരളത്തില്‍ ഉയര്‍പ്പിടിക്കുന്നത് യുഡിഎഫാണെന്നും ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവര്‍ അസംതൃപ്തരാണെന്നും സുരേഷ് പറഞ്ഞിരുന്നു.

2013ല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കി എന്ന കുറ്റം ചുമത്തി സുരേഷിനെ സിപിഐഎം പുറത്താക്കിയിരുന്നു. സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയ തന്നെ തിരിച്ചെടുക്കാന്‍ വൈകുന്നതെന്തെന്ന ചോദ്യവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് എ സുരേഷ് തുറന്ന കത്തെഴുതിയിരുന്നു.

പുറത്താക്കപ്പെട്ട കാലയളവില്‍ ഒരുപാട് തിക്താനുഭവങ്ങളുണ്ടായെന്നും എന്നാല്‍ ഇക്കാലയളവിലും താന്‍ പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ചു. ചെങ്കൊടി പുതച്ച് കിടക്കാനുള്ള ആഗ്രഹത്തിലാണ് കാത്തിരുന്നതെന്നും സുരേഷ് കത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിനോട് സുരേഷ് അടുക്കുന്നുവെന്ന സൂചനകള്‍ പുറത്തുവന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342722/a-suresh-old-facebook-post-against-the-opposition-leader-is-being-discussed-again)