---
title: "മുട്ട കഴിക്കുമ്പോൾ മഞ്ഞക്കരു ഒഴിവാക്കണോ? കൊളസ്‌ട്രോൾ പേടിയുള്ളവർക്ക് ഒരു ആശ്വാസവാർത്ത!"
english_title: "Does egg yolk increase cholesterol?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342720/does-egg-yolk-increase-cholesterol"
published_at: "2026-02-18T17:09:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995a511a1179_EGG.jpg"
keywords: []
---

# മുട്ട കഴിക്കുമ്പോൾ മഞ്ഞക്കരു ഒഴിവാക്കണോ? കൊളസ്‌ട്രോൾ പേടിയുള്ളവർക്ക് ഒരു ആശ്വാസവാർത്ത!

> **Lead Summary:** ** **പ്രോട്ടീന്റെ കലവറയായ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുമോ എന്ന സംശയം പലരെയും ഇതിൽ നിന്ന് പിന്നോട്ട് വലിക്കാറുണ്ട്.

## Article Content

** **പ്രോട്ടീന്റെ കലവറയായ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുമോ എന്ന സംശയം പലരെയും ഇതിൽ നിന്ന് പിന്നോട്ട് വലിക്കാറുണ്ട്.

മുട്ടയുടെ മഞ്ഞയിൽ കൊളസ്‌ട്രോൾ അടങ്ങിയിട്ടുണ്ടെന്നത് സത്യമാണെങ്കിലും, ഇത് രക്തത്തിലെ കൊളസ്‌ട്രോളിനെ നേരിട്ട് ബാധിക്കില്ലെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ ഏതാണ്ട് 85 ശതമാനവും നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിക്കാതെ, കരളില്‍ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലാ കൊളസ്‌ട്രോളും ചീത്തയല്ല എന്ന് മനസിലാക്കണം.

ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ (LDL), ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ (HDL) എന്നിങ്ങനെ രണ്ട് തരം ലിപ്പോപ്രോട്ടീനുകളാണ് വഹിക്കുന്നത്.

ഇതില്‍ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ കൊളസ്‌ട്രോള്‍ ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടാന്‍ ഇടയാക്കുന്നതിനാല്‍ ഇതിനെ പലപ്പോഴും മോശം കൊളസ്‌ട്രോള്‍ എന്ന് വിളിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യതയും കൂട്ടുന്നു.

അതേസമയം ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ നല്ല കൊളസ്‌ട്രോളായി കണക്കാക്കപ്പെടുന്നു. ഇത് ധമനികളില്‍ നിന്ന് കൊളസ്‌ട്രോള്‍ നീക്കം ചെയ്ത് കരളിലേക്ക് തിരികെ പുനരുപയോഗത്തിന് വേണ്ടി കൊണ്ടുപോകാന്‍ സഹായിക്കുന്നു എന്നതിനാലാണത്.

ട്രാന്‍സ് ഫാറ്റുകളും അമിതമായ പൂരിത കൊഴുപ്പുകളുമാണ് ശരീരത്തിലെ ഹാനികരമായ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ള ഘടകങ്ങള്‍. മോശം ഭക്ഷണക്രമം, വ്യായാമക്കുറവ്, പുകവലി, ചില ജനിതക ഘടകങ്ങള്‍ തുടങ്ങിയവയും കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനിടയാക്കും.

മുട്ടയുടെ മഞ്ഞക്കരു പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതില്ലെന്നാണ് പല ആരോഗ്യ വിദഗ്ധരും പറയുന്നത്. സമീകൃതാഹാരത്തിന്റെ ഭാഗമായി ഇത് ആഹാരത്തില്‍ ഉള്‍പ്പെടുത്താനാണ് ഇവർ നിര്‍ദ്ദേശിക്കുന്നത്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങളുടെ കലവറ കൂടിയാണ് ഇതെന്ന് അറിയുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342720/does-egg-yolk-increase-cholesterol)