---
title: "ശരീരം തളരുന്നോ, തലകറക്കമുണ്ടോ? സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളെ നിസ്സാരമായി കാണരുത്"
english_title: "Don't ignore the symptoms of sunstroke"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342717/dont-ignore-the-symptoms-of-sunstroke"
published_at: "2026-02-18T17:01:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995a3754e92f_Dont_ignore_the_symptoms_of_sunstroke.jpg"
keywords: []
---

# ശരീരം തളരുന്നോ, തലകറക്കമുണ്ടോ? സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളെ നിസ്സാരമായി കാണരുത്

> **Lead Summary:** സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതാപം, നിർജ്ജലീകരണം എന്നിവയ്ക്കെതിരെ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ മതിയായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ വെയിൽ നേരിട്ട് ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

## Article Content

സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതാപം, നിർജ്ജലീകരണം എന്നിവയ്ക്കെതിരെ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ മതിയായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ വെയിൽ നേരിട്ട് ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയർന്നാൽ ശരീരത്തിന്റെ സ്വാഭാവിക താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുന്നതാണ് സൂര്യാഘാതത്തിലേക്ക് നയിക്കുന്നത്. ശരീരത്തിലുണ്ടാകുന്ന താപം പുറന്തള്ളാൻ കഴിയാതെ വരുന്നത് നിർണ്ണായകമായ ശാരീരിക പ്രവർത്തനങ്ങളെ ബാധിക്കും. ഉച്ചസമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. തളർച്ചയോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.

**സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങള്‍**

ശക്തമായ അന്തരീക്ഷതാപം ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമ്പോൾ പ്രകടമാകുന്ന ലക്ഷണങ്ങളെക്കുറിച്ച് പൊതുജനങ്ങൾ ബോധവാന്മാരാകണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു. വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചൂടായ ശരീരം, ചർമ്മം ചുവന്ന് ഉണങ്ങി വരളുക എന്നിവ സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ശരീരത്തിലെ ജലം അമിതമായി നഷ്ടപ്പെടുന്നത് മൂലം ചർമ്മത്തിൽ വിളർച്ച ബാധിച്ചതുപോലെ അനുഭവപ്പെടാം.

ശക്തമായ തലവേദന, തലകറക്കം, ഛർദ്ദി, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, അമിതമായ ക്ഷീണം എന്നിവയും ഗൗരവമായി കാണേണ്ടതുണ്ട്. സാധാരണയിലധികമായി വിയർക്കുക, ഹൃദയമിടിപ്പ് വർദ്ധിക്കുക, പേശികളുടെ കോച്ചിപ്പിടുത്തം, ശ്വാസംമുട്ടൽ തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തണലിലേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണം. ഇത്തരം ലക്ഷണങ്ങൾ അവഗണിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പുണ്ട്.

**സൂര്യാഘാതം ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ**

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ എത്രയും വേഗം വെയിലുള്ള സ്ഥലത്ത് നിന്ന് തണുപ്പുള്ള ഇടത്തേക്ക് മാറി വിശ്രമിക്കണം. വായുസഞ്ചാരമുള്ള അന്തരീക്ഷം ഉറപ്പാക്കുന്നതിനായി ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യേണ്ടതാണ്. ശരീരം തണുപ്പിക്കുന്നതിനായി തണുത്ത വെള്ളം ഉപയോഗിച്ച് ദേഹം തുടയ്ക്കുകയോ, വെള്ളത്തിൽ മുക്കിയ ഷീറ്റ് ഉപയോഗിച്ച് ശരീരം പൊതിയുകയോ ചെയ്യാം.

ശരീരതാപം കുറയ്ക്കാൻ ഐസ് കട്ടകൾ കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് ഫലപ്രദമാണ്. ഫാൻ, എസി എന്നിവയുടെ സഹായത്തോടെ ശരീരം തണുപ്പിക്കാൻ ശ്രമിക്കുന്നതിനൊപ്പം തന്നെ ധാരാളം പാനീയങ്ങൾ കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തുകയും വേണം. എന്നാൽ, പ്രാഥമിക ശുശ്രൂഷകൾ നൽകിയിട്ടും ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ ഒട്ടും വൈകാതെ തന്നെ രോഗിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കേണ്ടതാണ്.

**പ്രതിരോധ മാർഗങ്ങൾ**

1. ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ട്-മൂന്ന് ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. പ്രത്യേകിച്ച് പാടത്തും പറമ്പിലും ജോലിക്ക് പോകുന്നവർ ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ കൈയില്‍ കരുതുക. കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കുന്നതും നല്ലതാണ്.

2. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.

3. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.

4. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.

5. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിടുക.

6. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്. തൊപ്പി, കണ്ണട എന്നിവ ധരിക്കുന്നതും നല്ലതാണ്.

7. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

8. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതാണ്.

9. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽസമയത്ത് ഒഴിവാക്കണം.

10. പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ കഴിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342717/dont-ignore-the-symptoms-of-sunstroke)