---
title: "ബെംഗളൂരുവിൽ ഉച്ചഭക്ഷണം കഴിക്കാൻ പോകവെ ബാങ്ക് ജീവനക്കാരി ബൈക്കിടിച്ച് മരിച്ചു"
english_title: "Bank employee dies after being hit by bike while going for lunch in Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342705/bank-employee-dies-after-being-hit-by-bike-while-going-for-lunch-in-bengaluru"
published_at: "2026-02-18T16:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69959663c12f8_ASSIDENT_.jpg"
keywords: []
---

# ബെംഗളൂരുവിൽ ഉച്ചഭക്ഷണം കഴിക്കാൻ പോകവെ ബാങ്ക് ജീവനക്കാരി ബൈക്കിടിച്ച് മരിച്ചു

> **Lead Summary:** ബെംഗളൂരു: ഉച്ചഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം. രാജാജിനഗറിലെ പ്രമുഖ ബാങ്കിലെ ജീവനക്കാരിയായ കേമ്പെഗൗഡ സ്വദേശി യോഗേശ്വരി ആണ് മരിച്ചത്. ബെംഗളൂരുവിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ രാജാജിനഗറിലെ ഡോ. രാജ്കുമാർ റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

## Article Content

ബെംഗളൂരു: ഉച്ചഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം. രാജാജിനഗറിലെ പ്രമുഖ ബാങ്കിലെ ജീവനക്കാരിയായ കേമ്പെഗൗഡ സ്വദേശി യോഗേശ്വരി ആണ് മരിച്ചത്. ബെംഗളൂരുവിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ രാജാജിനഗറിലെ ഡോ. രാജ്കുമാർ റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

ഓഫീസിന് എതിർവശത്തുള്ള ഹോട്ടലിലേക്ക് സഹപ്രവർത്തകയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ പോകുകയായിരുന്നു യോഗേശ്വരി. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് യോഗേശ്വരിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യോഗേശ്വരിയും സഹപ്രവർത്തകയും റോഡ് മുറിച്ച് കടന്ന് എതി‍ർവശത്തെ ഹോട്ടലിലേക്ക് പോവുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മുന്നിൽ നടന്നിരുന്ന യോഗേശ്വരി ബൈക്ക് വരുന്നത് കണ്ട് വേഗത്തിൽ റോഡ് ക്രോസ് ചെയ്തെങ്കിലും അമിത വേഗതയിലെത്തിയ ബൈക്ക് യുവതിയെ ഇടിച്ചിടുകയായിരുന്നു. ബൈക്ക് വരുന്നത് കണ്ട് പേടിച്ച സഹപ്രവർത്തക മുന്നോട്ട് നീങ്ങാഞ്ഞതിനാൽ ഇവരെ ബൈക്ക് ഇടിച്ചില്ല. അപകടത്തിന്‍റെ സിസിടിവി ദൃശ്യൾ പുറത്തുവന്നിട്ടുണ്ട്.

ബൈക്ക് വന്നിടിച്ച് യോഗേശ്വരി റോഡിലേക്ക് തെറിച്ചുവീഴുന്നതും, ഇടിയുടെ ആഘാതത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് ഏറെ ദൂരം തെന്നി നീങ്ങുന്നതും വീഡിയോയിൽ കാണാം. യോഗേശ്വരിയെ ഉടൻ തന്നെ അടുത്തുള്ള സുഗുണ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായ ആന്തരിക രക്തസ്രാവത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ദീപനും(22) പരിക്കേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342705/bank-employee-dies-after-being-hit-by-bike-while-going-for-lunch-in-bengaluru)