---
title: "ബിരുദ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന് ഇനി പ്രാദേശിക സൗകര്യങ്ങളും തേടാം; പുതിയ മാർഗരേഖ ഉടൻ"
english_title: "Graduate students can now seek local facilities for internships"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342668/graduate-students-can-now-seek-local-facilities-for-internships"
published_at: "2026-02-18T14:19:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69957ea65e074_12.jpg"
keywords: []
---

# ബിരുദ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന് ഇനി പ്രാദേശിക സൗകര്യങ്ങളും തേടാം; പുതിയ മാർഗരേഖ ഉടൻ

> **Lead Summary:** **സം**സ്ഥാനത്തെ നാലുവർഷ ബിരുദ വിദ്യാർത്ഥികളിൽ നിന്ന് ഇന്റേൺഷിപ്പിന്റെ പേരിൽ സ്വകാര്യ ഏജൻസികൾ വൻതുക ഈടാക്കുന്നത് ഒഴിവാക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗരേഖ പുറത്തിറക്കുന്നു.

## Article Content

**സം**സ്ഥാനത്തെ നാലുവർഷ ബിരുദ വിദ്യാർത്ഥികളിൽ നിന്ന് ഇന്റേൺഷിപ്പിന്റെ പേരിൽ സ്വകാര്യ ഏജൻസികൾ വൻതുക ഈടാക്കുന്നത് ഒഴിവാക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗരേഖ പുറത്തിറക്കുന്നു.

നിലവിൽ പാഠ്യപദ്ധതിയുടെ ഭാഗമായുള്ള അഞ്ച് ദിവസത്തെ നിർബന്ധിത ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ വിദ്യാർത്ഥികൾ വലിയ തുക നൽകേണ്ടി വരുന്നു എന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ നടപടി.

ഇതിനായി കോളേജുകൾക്ക് പ്രാദേശികമായി ഇന്റേൺഷിപ്പ് സൗകര്യങ്ങൾ കണ്ടെത്താനുള്ള അനുമതി നൽകുന്നതിനൊപ്പം, ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ പോർട്ടൽ കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറ്റ് ഔദ്യോഗിക പോർട്ടലുകൾ കൂടി പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കും.

4 വർഷ ബിരുദ പ്രോഗ്രാം സംസ്ഥാനതല മോണിറ്ററിങ് സെൽ നൽകിയ ഈ ശുപാർശകൾ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉടൻ സർവകലാശാലകൾക്ക് കൈമാറും.

ഇന്റേൺഷിപ്പിനായി സ്വകാര്യ സ്ഥാപനങ്ങൾ ഭീമമായ തുക ഈടാക്കുന്നതിലൂടെ അഴിമതിക്ക് വഴിയൊരുങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് ഗവർണർക്ക് പരാതി നൽകിയിരുന്നു.

പരീക്ഷാ ഫീസ് വർദ്ധനയ്ക്ക് പിന്നാലെ ഇന്റേൺഷിപ്പിനും അധിക പണം ചെലവാക്കേണ്ടി വരുന്നത് സാധാരണക്കാരായ വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുന്നു എന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

ഭീമമായ ഫീസില്ലാത്ത ഇന്റേൺഷിപ്പ് ഓപ്ഷനുകൾ നിലവിലുണ്ടെന്ന് വകുപ്പ് വാദിക്കുന്നുണ്ടെങ്കിലും, സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ സൗജന്യ ഇന്റേൺഷിപ്പ് ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. പുതിയ മാർഗരേഖ നിലവിൽ വരുന്നതോടെ പ്രാദേശികമായ അവസരങ്ങൾ കൂടി ലഭ്യമാകുന്നതിനാൽ വിദ്യാർത്ഥികളുടെ സാമ്പത്തിക ഭാരം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342668/graduate-students-can-now-seek-local-facilities-for-internships)