---
title: "കൊഞ്ചും ഞണ്ടും ജീവനെടുക്കുമോ...? വിഴിഞ്ഞം മരണങ്ങൾക്ക് പിന്നിലെ ആ 'നിഗൂഢ' വില്ലൻ ഇതാണോ....?"
english_title: "Will prawns and crabs take their own lives...? Is this the 'mysterious' villain behind the Vizhinjam deaths...?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342666/will-prawns-and-crabs-take-their-own-lives-is-this-the-mysterious-villain-behind-the-vizhinjam-deaths"
published_at: "2026-02-18T14:14:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69957ca8bd542_Is_this_the_mysterious_villain_behind_the_Vizhinjam_deaths.jpg"
keywords: []
---

# കൊഞ്ചും ഞണ്ടും ജീവനെടുക്കുമോ...? വിഴിഞ്ഞം മരണങ്ങൾക്ക് പിന്നിലെ ആ 'നിഗൂഢ' വില്ലൻ ഇതാണോ....?

> **Lead Summary:** ഷെൽഫിഷ് അലർജി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകളാണ് വിഴിഞ്ഞം സംഭവത്തിന് പിന്നാലെ ഉയരുന്നത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ രണ്ട് പേരുടെ മരണത്തിന് പിന്നിൽ ഭക്ഷണ അലർജിയാണെന്ന സംശയം ഉയർന്നതോടെയാണിത്. കൊഞ്ച്, കക്ക, ഞണ്ട് തുടങ്ങിയ സമുദ്രവിഭവങ്ങൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന അലർജി ചിലരിൽ മാരകമാവുകയും ജീവൻ തന്നെ അപകടത്തിലാക്കുകയും ചെയ്തേക്കാം.

## Article Content

ഷെൽഫിഷ് അലർജി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകളാണ് വിഴിഞ്ഞം സംഭവത്തിന് പിന്നാലെ ഉയരുന്നത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ രണ്ട് പേരുടെ മരണത്തിന് പിന്നിൽ ഭക്ഷണ അലർജിയാണെന്ന സംശയം ഉയർന്നതോടെയാണിത്. കൊഞ്ച്, കക്ക, ഞണ്ട് തുടങ്ങിയ സമുദ്രവിഭവങ്ങൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന അലർജി ചിലരിൽ മാരകമാവുകയും ജീവൻ തന്നെ അപകടത്തിലാക്കുകയും ചെയ്തേക്കാം.

പലപ്പോഴും ചർമ്മത്തിലെ തിണർപ്പോ ചൊറിച്ചിലോ ആയിട്ടാണ് അലർജി കണ്ടുതുടങ്ങുന്നത്. എന്നാൽ ഇത് ശ്വാസതടസ്സത്തിലേക്കും മറ്റ് ഗുരുതരമായ ആന്തരിക പ്രശ്നങ്ങളിലേക്കും നയിക്കാൻ സാധ്യതയുണ്ട്. ഷെൽഫിഷ് കഴിച്ചതിന് ശേഷം അസ്വാഭാവികമായ മാറ്റങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ തേടണമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

**എന്താണ് ഭക്ഷണ അലർജി?**

നമ്മുടെ പ്രതിരോധ സംവിധാനം ചില ഭക്ഷണങ്ങളിലെ പ്രോട്ടീനുകളെ ശരീരത്തിന് ഹാനികരമെന്ന് തെറ്റായി വിലയിരുത്തി പ്രതികരിക്കുന്ന അവസ്ഥയാണ് ഭക്ഷണ അലർജി. ഷെൽഫിഷുകളിൽ കാണപ്പെടുന്ന 'ട്രോപോമിയോസിൻ' (Tropomyosin) എന്ന പ്രോട്ടീനാണ് ഇത്തരം സന്ദർഭങ്ങളിൽ വില്ലനാകുന്നത്.

ഈ പ്രോട്ടീൻ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ അമിതമായി ഉത്തേജിപ്പിക്കുകയും, ഇത് അനാഫൈലക്സിസ് (Anaphylaxis) പോലുള്ള അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. മിനിറ്റുകൾക്കുള്ളിൽ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഈ സാഹചര്യത്തിൽ, 'എപ്പിനെഫ്രിൻ' (Epinephrine) കുത്തിവെപ്പ് എത്രയും വേഗം നൽകുകയും അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്താൽ മാത്രമേ ജീവൻ നിലനിർത്താൻ സാധിക്കൂ.

**ഷെൽഫിഷ് അലർജി ലക്ഷണങ്ങൾ**

ഷെൽഫിഷ് അലർജിയുടെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന് ചൊറിച്ചിലാണ്. ചർമം ചൊറിഞ്ഞു തടിക്കാം. കണ്ണ്, വായ, ചർമ്മം എന്നിവിടങ്ങളിലാണ് ചൊറിച്ചിൽ പ്രധാനമായും അനുഭവപ്പെടുന്നത്.

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും നെഞ്ച് വേദനയുമാണ് മറ്റൊരു പ്രധാന ലക്ഷണം. ഇതിനൊപ്പം ചുമയും ഉണ്ടാകാം.

തലകറക്കം, ബോധക്ഷയം എന്നിവയാണ് മറ്റ് പ്രധാന ലക്ഷണങ്ങൾ. മന്ദഗതിയിലുള്ള പൾസ് നിരക്കും ഇതിന്റെ പ്രധാന ലക്ഷണമാണ്.

**രോഗനിർണയവും ചികിത്സയും**

മെഡിക്കൽ ഹിസ്റ്ററി (Medical History): അലർജി ലക്ഷണങ്ങളും, ലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയത് എപ്പോഴാണെന്നും കഴിച്ച ഭക്ഷണങ്ങളെ കുറിച്ചും വിശദമായി പരിശോധിക്കും.

സ്കിൻ പ്രിക് ടെസ്റ്റ് (Skin Prick Test): ചെറിയ അളവിൽ ഷെൽഫിഷ് പ്രോട്ടീൻ ചർമത്തിൽ കുത്തിവെച്ച് 15-20 മിനിറ്റിനുള്ളിൽ ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ, വീക്കം എന്നിവ നിരീക്ഷിക്കുന്നാണ് സ്കിൻ പ്രിക് പരിശോധന.

രക്തപരിശോധന (Blood Test): രക്തത്തിലെ പ്രത്യേക അലർജി ആൻ്റിബോഡികളുടെ (IgE) അളവ് പരിശോധിക്കുന്നതിലൂടെ ഷെൽഫിഷ് അലർജി തിരിച്ചറിയാൻ സാധിക്കും.

**ഇമ്മ്യൂണോതെറാപ്പി ഫലപ്രദമോ?**

ഭക്ഷണത്തോടുള്ള അമിത സെൻസിറ്റിവിറ്റി കുറയ്ക്കുന്നതിനും അലർജിക്ക് കാരണമാകുന്ന വിഭവങ്ങളോട് ശരീരം പൊരുത്തപ്പെടുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപപ്പെടുത്തിയിട്ടുള്ള ചികിത്സാ രീതിയാണ് ഇമ്മ്യൂണോതെറാപ്പി. ഷെൽഫിഷ് അലർജി പരിഹരിക്കാൻ നിലവിൽ വിവിധ പരീക്ഷണാത്മക ഇമ്മ്യൂണോതെറാപ്പി രീതികൾ ലഭ്യമാണെങ്കിലും, ഇവയുടെ കൃത്യത ഉറപ്പാക്കാൻ കൂടുതൽ വിപുലമായ പഠനങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എങ്കിലും, കൃത്യമായ ചികിത്സയിലൂടെ രോഗികളുടെ ആരോഗ്യസ്ഥിതിയും ജീവിതനിലവാരവും ഗണ്യമായി മെച്ചപ്പെടുത്താൻ സാധിക്കുമെന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342666/will-prawns-and-crabs-take-their-own-lives-is-this-the-mysterious-villain-behind-the-vizhinjam-deaths)