---
title: "വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പരസ്യം നൽകി ഇരയെ പിടിക്കും; തട്ടിയെടുത്തത് 47 ലക്ഷം രൂപ, കോഴിക്കോട് സ്വദേശി യുവതിയും യുവാവും പിടിയിൽ"
english_title: "man and woman arrested for online trading scam cheating lakhs of rupees from kozhikkode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342626/man-and-woman-arrested-for-online-trading-scam-cheating-lakhs-of-rupees-from-kozhikkode"
published_at: "2026-02-18T12:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699560eb37fee_arrest.jpg"
keywords: []
---

# വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പരസ്യം നൽകി ഇരയെ പിടിക്കും; തട്ടിയെടുത്തത് 47 ലക്ഷം രൂപ, കോഴിക്കോട് സ്വദേശി യുവതിയും യുവാവും പിടിയിൽ

> **Lead Summary:** **മലപ്പുറം: ( **[www.truevisionnews.com]** ) ** ഓൺലൈൻ പരസ്യത്തിലെ ലാഭവിഹിതത്തിൽ ആകൃഷ്ടനായി നിക്ഷേപം നടത്തിയയാൾക്ക് നഷ്ടമായത് 47 ലക്ഷം രൂപ. കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശിയുടെ പരാതിയിൽ കോഴിക്കോട് ചേളന്നൂർ പറമ്പിൽ തൊടിയിൽ കെ. സോന , കോവൂർ സ്വദേശി പടിഞ്ഞാറം കണ്ടി റമീഷ് എന്നിവരെയാണ് കാളികാവ് പോലീസ് പിടികൂടിയത്.

## Article Content

**മലപ്പുറം: ( **[www.truevisionnews.com]** ) ** ഓൺലൈൻ പരസ്യത്തിലെ ലാഭവിഹിതത്തിൽ ആകൃഷ്ടനായി നിക്ഷേപം നടത്തിയയാൾക്ക് നഷ്ടമായത് 47 ലക്ഷം രൂപ. കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശിയുടെ പരാതിയിൽ കോഴിക്കോട് ചേളന്നൂർ പറമ്പിൽ തൊടിയിൽ കെ. സോന , കോവൂർ സ്വദേശി പടിഞ്ഞാറം കണ്ടി റമീഷ് എന്നിവരെയാണ് കാളികാവ് പോലീസ് പിടികൂടിയത്.

ആകർഷകമായ ലാഭവിഹിതം വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വാഗ്ദാനം ചെയ്ത് വ്യാപാരത്തിനെന്ന പേരിൽ നിക്ഷേപം സ്വീകരിക്കുകയായിരുന്നു. നിക്ഷേപകരെ വിശ്വസിപ്പിക്കാനായി തുടക്കത്തിൽ ചെറിയ ലാഭവിഹിതം കൃത്യമായി നൽകുകയും ചെയ്തു. ഇതോടെ വലിയ തുക നിക്ഷേപിച്ചവരാണ് കബളിക്കപ്പെട്ടത്. പണം പിൻവലിക്കാൻ കഴിയാതെവന്നപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. പല അക്കൗണ്ടുകളിലാണ് തട്ടിപ്പുസംഘം പണം സ്വീകരിച്ചത്.

കോഴിക്കോട് കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം പ്രവർത്തിച്ചത്. ബാങ്ക് അക്കൗണ്ട് പരിശോധിച്ചാണ് പ്രതികളിലേക്ക് പോലീസ് എത്തിയത്. പ്രതികളുടെ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകൾ നടന്നതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. സോനയുടെയും റമീഷിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ കണ്ടെത്തിയ ഒൻപത് ലക്ഷം രൂപ പോലീസ് മരവിപ്പിച്ചു.

തട്ടിപ്പുസംഘത്തിലെ ഏജന്റുമാർ മാത്രമാണെന്നാണ് പിടിയിലായവർ പോലീസിനോട് പറഞ്ഞത്. മുഖ്യകണ്ണികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ സോനയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. കാളികാവ് പോലീസ് ഇൻസ്പെക്ടർ കെ. അനുദാസ്, എ.എസ്.ഐ.മാരായ അസ്‌ലം, സാബിറ, സി.പി.ഒ.മാരായ നൗഫൽ, ഷിംന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342626/man-and-woman-arrested-for-online-trading-scam-cheating-lakhs-of-rupees-from-kozhikkode)