---
title: "'അച്ഛനുമായി വൈകാരികമായി ബന്ധമുള്ള സ്ഥലമാണ് മലമ്പുഴ, സ്ഥാനാർത്ഥിത്വത്തെ കുറിച്ചൊന്നും പാർട്ടി ചർച്ച ചെയ്തിട്ടില്ല' -  വി എ അരുൺകുമാർ"
english_title: "VAArunkumar clarifies his stance on his candidacy in Malampuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342605/vaarunkumar-clarifies-his-stance-on-his-candidacy-in-malampuzha-new-"
published_at: "2026-02-18T11:12:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699551a6b56c9_arun.jpg"
keywords: []
---

# 'അച്ഛനുമായി വൈകാരികമായി ബന്ധമുള്ള സ്ഥലമാണ് മലമ്പുഴ, സ്ഥാനാർത്ഥിത്വത്തെ കുറിച്ചൊന്നും പാർട്ടി ചർച്ച ചെയ്തിട്ടില്ല' -  വി എ അരുൺകുമാർ

> **Lead Summary:** **ദില്ലി: **മലമ്പുഴയിലെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ. തങ്ങൾ എന്നും പാർട്ടി കുടുംബമാണെന്നും പാർട്ടി തീരുമാനം അനുസരിക്കുമെന്നും അരുൺ കുമാർ പറഞ്ഞു.

## Article Content

**ദില്ലി: **മലമ്പുഴയിലെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ. തങ്ങൾ എന്നും പാർട്ടി കുടുംബമാണെന്നും പാർട്ടി തീരുമാനം അനുസരിക്കുമെന്നും അരുൺ കുമാർ പറഞ്ഞു.

ഇത് വരെ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ഇതുവരെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചൊന്നും പാർട്ടി ചർച്ച ചെയ്തിട്ടില്ല.  താൻ അതിനെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അരുൺകുമാർ അഭിപ്രായപ്പെട്ടു.

അച്ഛനുമായി വൈകാരികമായി ബന്ധമുള്ള സ്ഥലമാണ് മലമ്പുഴയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സര സാധ്യത തള്ളാതെയാണ് അരുൺകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

വി എസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭ്യൂഹങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം മത്സിക്കുന്ന കാര്യം അറിയില്ലെന്നായിരുന്നു വി എ അരുണ്‍ കുമാര്‍ പറഞ്ഞത്. മത്സരിക്കണോ വേണ്ടയോ എന്നത് സുരേഷിന്റെ വ്യക്തപരമായ കാര്യമാണെന്നും വി എ അരുണ്‍ കുമാര്‍ പറഞ്ഞു.

സിപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന വി എസിന്റെ മുന്‍ പിഎ എ സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മലമ്പുഴയില്‍ മത്സരിക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെ വി എസിന്റെ മകന്‍ അരുണ്‍ കുമാറിനെ മലമ്പുഴയില്‍ സിപിഐഎം പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

അരുണ്‍ കുമാറിനെ രംഗത്തിറക്കുന്നതില്‍ സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വത്തിന് എതിര്‍പ്പില്ലെന്നായിരുന്നു പുറത്തുവന്ന വിവരം. ഇത് സംബന്ധിച്ച പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കുമെന്ന് വി എ അരുണ്‍ കുമാര്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342605/vaarunkumar-clarifies-his-stance-on-his-candidacy-in-malampuzha-new-)