---
title: "ഭിന്നശേഷി സംവരണത്തിൽ നിർണ്ണായക നീക്കം; എൻഎസ്എസ് മോഡൽ ഉത്തരവ് എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കും"
english_title: "Decisive move in reservation for differently-abled people; NSS model order will be made applicable to all managements"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342590/decisive-move-in-reservation-for-differently-abled-people-nss-model-order-will-be-made-applicable-to-all-managements"
published_at: "2026-02-18T10:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995430193ade_NSS_model_order_will_be_made_applicable_to_all_managements.jpg"
keywords: []
---

# ഭിന്നശേഷി സംവരണത്തിൽ നിർണ്ണായക നീക്കം; എൻഎസ്എസ് മോഡൽ ഉത്തരവ് എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കും

> **Lead Summary:** തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സർക്കാർ നിർണ്ണായക നീക്കത്തിനൊരുങ്ങുന്നു. എൻഎസ്എസിന് അനുകൂലമായി നിലവിൽ പുറപ്പെടുവിച്ച ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച അനുകൂല നിയമോപദേശം സർക്കാരിന് ഇതിനോടകം ലഭിച്ചുകഴിഞ്ഞു.

## Article Content

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സർക്കാർ നിർണ്ണായക നീക്കത്തിനൊരുങ്ങുന്നു. എൻഎസ്എസിന് അനുകൂലമായി നിലവിൽ പുറപ്പെടുവിച്ച ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച അനുകൂല നിയമോപദേശം സർക്കാരിന് ഇതിനോടകം ലഭിച്ചുകഴിഞ്ഞു.

വിഷയത്തിൽ വിവിധ സഭകളുടെ രോഷം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ഉടൻ തന്നെ ഇതുസംബന്ധിച്ച ഉത്തരവിറക്കും. എന്നാൽ, ഈ വിഷയത്തിലെ അന്തിമ തീരുമാനം സുപ്രീം കോടതിയുടെ വിധി പ്രകാരമായിരിക്കും എന്ന ഉപാധി വെച്ചുകൊണ്ടായിരിക്കും സർക്കാർ ഉത്തരവ് പുറത്തിറക്കുക.

ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ സ്വീകരിച്ച കർശന നിലപാടിനെതിരെ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ ഉൾപ്പെടെയുള്ളവർ ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു. സർക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് അനുനയ നീക്കവുമായി സർക്കാർ എത്തിയിരിക്കുന്നത്. ഈ പ്രഖ്യാപനം വരുന്നതോടെ തടഞ്ഞുവെച്ചിരിക്കുന്ന നിരവധി അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കാൻ വഴിയൊരുങ്ങും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342590/decisive-move-in-reservation-for-differently-abled-people-nss-model-order-will-be-made-applicable-to-all-managements)