---
title: "ഇറാൻ - അമേരിക്ക ചർച്ച അന്തിമ ഘട്ടത്തിലേക്ക്; ഇസ്രയേൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും ആണവ സംവിധാനം ഉപേക്ഷിക്കില്ലെന്നും ഇറാൻ"
english_title: "Iran says it will not bow to Israeli pressure and will not abandon nuclear program"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342588/iran-says-it-will-not-bow-to-israeli-pressure-and-will-not-abandon-nuclear-program"
published_at: "2026-02-18T09:50:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69953eb18bd9f_Iran_says_it_will_not_bow_to_Israeli_pressure_and_will_not_abandon_nuclear_program.jpg"
keywords: []
---

# ഇറാൻ - അമേരിക്ക ചർച്ച അന്തിമ ഘട്ടത്തിലേക്ക്; ഇസ്രയേൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും ആണവ സംവിധാനം ഉപേക്ഷിക്കില്ലെന്നും ഇറാൻ

> **Lead Summary:** ജനീവ: ഇറാൻ - അമേരിക്ക ചർച്ചകൾ അന്തിമ കരാറിലേക്ക് നീങ്ങുന്നതായി സൂചന. ഇന്നലെ നടന്ന നിർണ്ണായക ചർച്ചയിൽ കരാറിൻ്റെ പൊതു തത്വങ്ങളിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തി. തയ്യാറാക്കിയ കരടുരേഖ ഇരു രാജ്യങ്ങളും വിശദമായി പരിശോധിക്കും. ഇതിനു ശേഷമുള്ള തുടർ ചർച്ചകൾക്ക് ഒടുവിലായിരിക്കും അന്തിമ കരാറിലേക്ക് നീങ്ങുക.

## Article Content

ജനീവ: ഇറാൻ - അമേരിക്ക ചർച്ചകൾ അന്തിമ കരാറിലേക്ക് നീങ്ങുന്നതായി സൂചന. ഇന്നലെ നടന്ന നിർണ്ണായക ചർച്ചയിൽ കരാറിൻ്റെ പൊതു തത്വങ്ങളിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തി. തയ്യാറാക്കിയ കരടുരേഖ ഇരു രാജ്യങ്ങളും വിശദമായി പരിശോധിക്കും. ഇതിനു ശേഷമുള്ള തുടർ ചർച്ചകൾക്ക് ഒടുവിലായിരിക്കും അന്തിമ കരാറിലേക്ക് നീങ്ങുക.

അതേസമയം, ഇറാന്റെ വിവാദമായ ബാലിസ്റ്റിക് പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഈ കരാറിന്റെ ഭാഗമാകുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. ജനീവയിൽ ഒമാന്റെ മധ്യസ്ഥതയിലാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നത്.

എന്നാൽ, ഒരു ഭാഗത്ത് നയതന്ത്ര ചർച്ചകൾ നടക്കുമ്പോഴും മറുഭാഗത്ത് സൈനികാഭ്യാസങ്ങളും വെല്ലുവിളികളും തുടരുകയാണ്. ഇറാനെ ആക്രമിക്കാൻ മുതിർന്നാൽ അമേരിക്കൻ പടക്കപ്പലുകൾ തകർക്കുമെന്നും, നിവർന്നു നിൽക്കാൻ കഴിയാത്ത വിധത്തിലുള്ള ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി വ്യക്തമാക്കി.

അതേസമയം അമേരിക്കയുമായുള്ള ചർച്ചയിൽ ഇസ്രയേലിന്‍റെ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ ആണവായുധമുണ്ടാക്കുന്നില്ലെന്ന് തെളിയിക്കാൻ പരിശോധനകൾക്ക് തയ്യാറാണെന്നും എന്നാൽ ആണവ സംവിധാനം പൂർണമായി ഉപേക്ഷിക്കാൻ തയാറല്ലെന്നും ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടത് ഇറാന് ആണവ സംവിധാനമേ പാടില്ല എന്നാണ്. അമേരിക്ക ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് കഴിഞ്ഞ ദിവസം നൽകിയ മുന്നറിയിപ്പ് പ്രായോഗികമാക്കുന്ന സംവിധാനം സജ്ജമാണെന്ന് ഇറാൻ സേനയും വ്യക്തമാക്കി. ഇറാൻ - അമേരിക്ക തുടർ ചർച്ചകളുടെ കാര്യത്തിൽ രണ്ടാഴ്ച്ചക്കകം തീരുമാനമുണ്ടാകും.

അമേരിക്കയുമായി ജനീവയിൽ നിർണായകമായ ആണവ ചർച്ചകൾ നടക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ അപ്രതീക്ഷിത സൈനികാഭ്യാസം നടത്തി ഇറാൻ. ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാർഡ്‌സ് കടലിടുക്കിലേക്ക് മിസൈലുകൾ തൊടുത്തുവിട്ടതായും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജലപാതയുടെ ചില ഭാഗങ്ങൾ താൽക്കാലികമായി അടച്ചിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കം നടത്തുമെന്ന സൂചന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയിട്ടുണ്ട്. ഇതിനു മറുപടിയെന്നോണമാണ് ഹോർമുസിലെ സൈനികാഭ്യാസം. യുദ്ധക്കപ്പലുകൾ അപകടകാരികളാണ്, എന്നാൽ അവയെ കടലിന്റെ ആഴങ്ങളിലേക്ക് താഴ്ത്താൻ കഴിയുന്ന ആയുധങ്ങൾ അതിലും അപകടകാരികളാണ് എന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്കിലെ. സൈനികാഭ്യാസം

ഇറാന്‍റെ കപ്പലുകളിൽ നിന്നും വിക്ഷേപിച്ച മിസൈലുകൾ ഹോർമുസ് കടലിടുക്കിലെ നിശ്ചിത ലക്ഷ്യങ്ങളിൽ കൃത്യമായി പതിച്ചെന്ന് ഇറാനിലെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച മണിക്കൂറുകളോളം ഹോർമുസ് കടലിടുക്കിൻ്റെ ചില ഭാഗങ്ങൾ സുരക്ഷ കണക്കിലെടുത്ത് അടച്ചിട്ടു. ലോകത്തിലെ എണ്ണ വിതരണത്തിൻ്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണിത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342588/iran-says-it-will-not-bow-to-israeli-pressure-and-will-not-abandon-nuclear-program)