---
title: "'അവനായിരുന്നു ഞങ്ങളുടെ ലോകം...; മകന്‍ വാഹനാപകടത്തില്‍ മരിച്ചു; മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി"
english_title: "Son dies in car accident parents commit suicide in grief"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342365/son-dies-in-car-accident-parents-commit-suicide-in-grief"
published_at: "2026-02-17T08:17:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993d6ea0efec_death.jpg"
keywords: []
---

# 'അവനായിരുന്നു ഞങ്ങളുടെ ലോകം...; മകന്‍ വാഹനാപകടത്തില്‍ മരിച്ചു; മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി

> **Lead Summary:** ഏകമകന്‍ വാഹനാപകടത്തില്‍ മരിച്ച ദുഃഖം താങ്ങാന്‍ കഴിയാതെ മാതാപിതാക്കള്‍ ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ധാര്‍ദെയിലാണ് സംഭവം. കൃഷ്ണ പട്ടേലും ഭാര്യ രമാബായിയുമാണ് വീട്ടുമുറ്റത്തെ മരത്തില്‍ ജീവനൊടുക്കിയത്. ഇന്നലെ രാവിലെ അയല്‍വാസികളാണ് മൃതദേഹം കണ്ടത്.

## Article Content

ഏകമകന്‍ വാഹനാപകടത്തില്‍ മരിച്ച ദുഃഖം താങ്ങാന്‍ കഴിയാതെ മാതാപിതാക്കള്‍ ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ധാര്‍ദെയിലാണ് സംഭവം. കൃഷ്ണ പട്ടേലും ഭാര്യ രമാബായിയുമാണ് വീട്ടുമുറ്റത്തെ മരത്തില്‍ ജീവനൊടുക്കിയത്. ഇന്നലെ രാവിലെ അയല്‍വാസികളാണ് മൃതദേഹം കണ്ടത്.

ഓടിയെത്തിയ ഗ്രാമവാസികള്‍ക്ക് കരച്ചില്‍ സഹിക്കാനായില്ല. ചിലര്‍ പൊട്ടിക്കരഞ്ഞു, ചിലര്‍ സ്തംഭിച്ച് നിന്നു. നാലുപേജുള്ള ആത്മഹത്യാക്കുറിപ്പും വിഡിയോ മെസേജും ബാക്കി വച്ചാണ് കൃഷ്ണ പട്ടേലും ഭാര്യയും ജീവിതം അവസാനിപ്പിച്ചത്.

2024ലാണ് ഇവരുടെ ഏകമകന്‍ ആദിത്യ (21) വാഹനാപകടത്തില്‍ മരിച്ചത്. അടുത്തുള്ള ക്ഷേത്രത്തില്‍ പൂജയ്ക്കായി പൂജാരിയെ സഹായിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. പൂജയ്ക്ക് പോകുന്നില്ലെന്ന് പറഞ്ഞ മകനെ നിര്‍ബന്ധിച്ച് 'ദൈവകാര്യം മുടക്കരുത്' എന്ന് പറഞ്ഞ് കൃഷ്ണ പറഞ്ഞുവിടുകയായിരുന്നു.

'മകനായിരുന്നു ഞങ്ങളുടെ ലോകം, ഞങ്ങളുടെ ജീവന്‍റെ അടിസ്ഥാനം. അനുസരണയുള്ള മകനായിരുന്നു അവന്‍. അതിലും ഉപരി നല്ല സുഹൃത്തായിരുന്നു. കുഞ്ഞുമക്കളെയെന്ന പോലെയാണ് അവന്‍ നോക്കിയിരുന്നത്. ഈ വീട് നിറയെ അവന്‍റെ കളിചിരികളായിരുന്നു. അവനെ നിര്‍ബന്ധിച്ച് പൂജയ്ക്ക് പറഞ്ഞുവിട്ടതാണ് ഞാന്‍ ചെയ്ത തെറ്റ്. അവന്‍ എന്നെ വിട്ട് പോയി. ഞങ്ങള്‍ ഇപ്പോളും ഇങ്ങനെ ഇരിക്കുന്നു. ഇത് ജീവിതമൊന്നുമല്ല. ഞങ്ങള്‍ ഇത് അവസാനിപ്പിക്കുകയാണ്.

ശിവന്‍റെ പാദങ്ങളില്‍ ഞങ്ങളുടെ ജീവിതം സമര്‍പ്പിക്കുകയാണ്. മറ്റാര്‍ക്കും ഇതില്‍ പങ്കില്ല. സന്തോഷത്തോടെ ഞങ്ങള്‍ക്ക് വിടതരണം. ഞങ്ങളെ ഓര്‍ത്ത് കരയരുത്. തികഞ്ഞ സമാധാനത്തിലാണ് ലോകത്തിലെ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നത്. ആദിത്യയുടെ മരണത്തില്‍ ലഭിക്കുന്ന പണം കുടുംബത്തിലെ മൂത്ത സഹോദരന്‍മാര്‍ക്ക് ഇരുവര്‍ക്കുമായി നല്‍കണം' എന്നാണ് അവസാനത്തെ സന്ദേശത്തിലുള്ളത്. മനസ് ഇപ്പോള്‍ ശാന്തമാണെന്നും കുറിപ്പിലുണ്ട്.

ആദിത്യയുടെ മരണശേഷം കൃഷ്ണയും ഭാര്യയും പുറത്തേക്ക് ഇറങ്ങുക അപൂര്‍വമായിരുന്നുവെന്നും ചടങ്ങുകളിലൊന്നിലും പങ്കെടുത്തിരുന്നില്ലെന്നും അയല്‍വാസികള്‍ പറയുന്നു. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342365/son-dies-in-car-accident-parents-commit-suicide-in-grief)