---
title: "നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മത്സരിച്ചവരെ മാറ്റിനിർത്തണമെന്ന് കെപിസിസി എക്സിക്യൂട്ടീവിൽ ആവശ്യം"
english_title: "KPCC executive demands removal of those who contested consecutive assembly elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342342/kpcc-executive-demands-removal-of-those-who-contested-consecutive-assembly-elections"
published_at: "2026-02-16T21:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993454eef2bf_6.jpg"
keywords: []
---

# നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മത്സരിച്ചവരെ മാറ്റിനിർത്തണമെന്ന് കെപിസിസി എക്സിക്യൂട്ടീവിൽ ആവശ്യം

> **Lead Summary:** വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മത്സരിച്ചവരെ മാറ്റിനിർത്തി പുതിയ മുഖങ്ങൾക്ക് അവസരം നൽകണമെന്ന് കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യം.

## Article Content

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മത്സരിച്ചവരെ മാറ്റിനിർത്തി പുതിയ മുഖങ്ങൾക്ക് അവസരം നൽകണമെന്ന് കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യം.

കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. എന്നാൽ, സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിജയസാധ്യതയ്ക്കായിരിക്കും പ്രഥമ പരിഗണനയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മറുപടി നൽകി.

മത്സരിച്ച് പരാജയപ്പെടുന്നവർ ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾക്കായി പിന്നീട് അവകാശവാദം ഉന്നയിക്കരുതെന്ന് വേണുഗോപാൽ കർശന നിർദ്ദേശം നൽകി. വിമത ശല്യം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും എല്ലാവരെയും യോജിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ എല്ലാ വിഭാഗം നേതാക്കൾക്കും അർഹമായ പരിഗണനയും ഇടവും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് കെ.സി. വേണുഗോപാൽ ഉന്നയിച്ചത്. കേരള മുഖ്യമന്ത്രി പിആർ ഏജൻസികളുടെ സഹായത്തോടെയാണ് ഭരണം നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ കടുത്ത വിലക്കയറ്റം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണ്. ഇതിന്റെ ഭാഗമായാണ് വീടുകൾ സന്ദർശിച്ച് ജനങ്ങളെ കാണുന്നത്. ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നത് പിആർ പ്രവർത്തനമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഗിഗ് വർക്കേഴ്സിന്റെ ക്ഷേമത്തിനായി കോൺഗ്രസിന് വ്യക്തമായ ദേശീയ നയമുണ്ടെന്നും പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവർക്കായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342342/kpcc-executive-demands-removal-of-those-who-contested-consecutive-assembly-elections)