---
title: "കോഴിക്കോട് പട്ടാപ്പകൽ എസ്‌ഐയെ കുത്തിയ കേസ്; പ്രതി കൂടുതൽ പോലീസുകാരെ ലക്ഷ്യമിട്ടിരുന്നെന്ന് മൊഴി"
english_title: "Kozhikode SI stabbed in broad daylight Accused had targeted more policemen, says statement"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342179/kozhikode-si-stabbed-in-broad-daylight-accused-had-targeted-more-policemen-says-statement"
published_at: "2026-02-16T08:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699288d3aa3aa_police_attack_case.jpg"
keywords: []
---

# കോഴിക്കോട് പട്ടാപ്പകൽ എസ്‌ഐയെ കുത്തിയ കേസ്; പ്രതി കൂടുതൽ പോലീസുകാരെ ലക്ഷ്യമിട്ടിരുന്നെന്ന് മൊഴി

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) **പട്ടാപ്പകൽ ടൗൺ സ്റ്റേഷൻ ഗ്രേഡ് എസ്.ഐ.യും പി.ആർ.ഒ.യുമായ പി. ഷാഫിയെ കത്തികൊണ്ട് കുത്തിയ കേസിൽ അറസ്റ്റിലായ എടക്കാട് പാറമ്മൽ കൊളപ്പറത്ത് പടിക്കൽ വി. പ്രമോദിനെ കോടതി റിമാൻഡ് ചെയ്തു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) **പട്ടാപ്പകൽ ടൗൺ സ്റ്റേഷൻ ഗ്രേഡ് എസ്.ഐ.യും പി.ആർ.ഒ.യുമായ പി. ഷാഫിയെ കത്തികൊണ്ട് കുത്തിയ കേസിൽ അറസ്റ്റിലായ എടക്കാട് പാറമ്മൽ കൊളപ്പറത്ത് പടിക്കൽ വി. പ്രമോദിനെ കോടതി റിമാൻഡ് ചെയ്തു.

കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യുടെ ചുമതലയുള്ള ജെ.എഫ്.സി.എം. അഞ്ചാം കോടതിയാണ് പ്രതിയ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. കൊലപാതകശ്രമത്തിനാണ് ഇയാളുടെപേരിൽ കേസെടുത്തിട്ടുള്ളത്. പ്രതിയെ കോഴിക്കോട് ജില്ലാജയിലിലേക്കു മാറ്റി.

മറ്റു നാല്‌ പോലീസ് ഉദ്യോഗസ്ഥരെക്കൂടി ആക്രമിക്കാൻ ഇയാൾക്ക് ഉദ്ദേശ്യമുണ്ടായിരുന്നതായി ചോദ്യംചെയ്യലിൽ വ്യക്തമായി. മേപ്പയ്യൂർ സ്റ്റേഷനിലെ ഇൻസ്പെക്ടറും നേരത്തേ കസബ എസ്.ഐ.യുമായിരുന്ന സിജിത്ത്, കോഴിക്കോട് സിറ്റിയിലെ പോലീസ് അസോസിയേഷൻ ജില്ലാഭാരവാഹി നിറാസ് എന്നിവരുൾപ്പെടെ നാല് പോലീസുകാരെ മുന്നിൽക്കണ്ടാൽ കൊല്ലുമെന്നാണ് ശനിയാഴ്ച ചോദ്യംചെയ്യലിൽ പ്രമോദ് പറഞ്ഞത്.

2019 ജനുവരി ഒന്നിന് റിയാക്ടേഴ്‌സ് എന്ന സംഘടനയുടെ പോസ്റ്റർ ഒട്ടിച്ചുകൊണ്ടിരിക്കെ കസബ പോലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചതിനുപിന്നിൽ ഇവരാണെന്നാണ് പ്രമോദിന്റെ ആരോപണം. ഇവർക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

ശനിയാഴ്ച വൈകീട്ടാണ് എസ്.ഐ. ഷാഫിയെ സ്റ്റേഷന് എതിർവശത്തുള്ള ഹോട്ടലിനുമുന്നിൽവെച്ച്‌ പ്രമോദ് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ഹോട്ടലിലെ സപ്ലയറും പ്രമോദും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ടതിലുള്ള വിരോധത്താലായിരുന്നു കുത്തിയത്. സംഭവസ്ഥലത്ത് ഫൊറൻസിക് വിദഗ്ധർ ഞായറാഴ്ച രാവിലെ പരിശോധന നടത്തി.

2017 മുതൽ വിവിധ കാലയളവിൽ നഗരത്തിലെ വ്യത്യസ്ത സ്റ്റേഷനുകളിലായി എട്ട് കേസുകൾ ഇയാളുടെപേരിലുണ്ട്. 2021 നവംബർ 12-ന് കെ.എസ്.ആർ.ടി.സി. ബസിൽ വെസ്റ്റ്ഹില്ലിൽനിന്ന്‌ കയറിയപ്പോൾ ടിക്കറ്റ് നിരക്ക് കൂടുതലാണെന്നുപറഞ്ഞ് കണ്ടക്ടറെ ആക്രമിച്ചിരുന്നു.

കണ്ടക്ടറുടെ മുഖത്തിടിക്കുകയും കാഷ് ബാഗ് വലിച്ചെറിയുകയും ചെയ്തു. ഇതിന് നടക്കാവ് പോലീസ് കേസെടുത്തിരുന്നു. 2023 ജൂലായ് 18-ന് കോഴിക്കോട് പാവമണി റോഡിൽവെച്ച് ബൈക്ക് യാത്രക്കാരനെ ആക്രമിച്ചതിന് കസബ പോലീസിലും കേസുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342179/kozhikode-si-stabbed-in-broad-daylight-accused-had-targeted-more-policemen-says-statement)