---
title: "അലറികരഞ്ഞിട്ടും  തിരിഞ്ഞുനോക്കിയില്ല...! വാതിലിൽ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ വിരലുകളറ്റു; മാലിന്യക്കുട്ടയിൽ വിരലുകൾ ഉപേക്ഷിച്ച് അധ്യാപകർ"
english_title: "First-grader loses two fingers after getting stuck in school's iron door"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342072/first-grader-loses-two-fingers-after-getting-stuck-in-schools-iron-door"
published_at: "2026-02-15T08:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699137ee985c9_girl.jpg"
keywords: []
---

# അലറികരഞ്ഞിട്ടും  തിരിഞ്ഞുനോക്കിയില്ല...! വാതിലിൽ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ വിരലുകളറ്റു; മാലിന്യക്കുട്ടയിൽ വിരലുകൾ ഉപേക്ഷിച്ച് അധ്യാപകർ

> **Lead Summary:** **ബെംഗളൂരു: **തുമകൂരു ജില്ലയിലെ ഗുലുരു ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിൽ** **സ്കൂളിലെ ഇരുമ്പുവാതിലിൽ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ രണ്ട് വിരലുകളറ്റു. കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാതെ അറ്റ വിരലുകൾ അധ്യാപകർ മാലിന്യക്കുട്ടയിലുപേക്ഷിച്ചു.

## Article Content

**ബെംഗളൂരു: **തുമകൂരു ജില്ലയിലെ ഗുലുരു ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിൽ** **സ്കൂളിലെ ഇരുമ്പുവാതിലിൽ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ രണ്ട് വിരലുകളറ്റു. കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാതെ അറ്റ വിരലുകൾ അധ്യാപകർ മാലിന്യക്കുട്ടയിലുപേക്ഷിച്ചു.

ഫെബ്രുവരി 11-ന് നടന്ന സംഭവം രക്ഷിതാക്കൾ പോലീസിൽ പരാതിനൽകിയതിനെത്തുടർന്നാണ് പുറത്തറിയുന്നത്. വിദ്യാർഥിനി ഉച്ചഭക്ഷണത്തിനായി വരിനിൽക്കുമ്പോഴാണ് ഇരുമ്പുവാതിലിൽ കുടുങ്ങി വിരലുകളറ്റത്. ഇതോടെ കുട്ടി വേദനകൊണ്ട് ഉച്ചത്തിൽ കരഞ്ഞെങ്കിലും അധ്യാപകർ കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല.

രക്തസ്രാവം അധികമായതോടെ മുറി തുണികൊണ്ട് കെട്ടി. തുടർന്ന് അറ്റ രണ്ടുവിരലുകൾ തൂത്തുവാരി മാലിന്യക്കുട്ടയിലുപേക്ഷിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് രക്ഷിതാക്കളെത്തിയാണ് കുട്ടിയെ തുമകൂരു ജില്ലാ ആശുപത്രിയിലെത്തിച്ചത്.

എന്നാൽ, ചികിത്സയുടെ നിർണായകസമയം കഴിഞ്ഞതിനാൽ വിരലുകൾ തുന്നിച്ചേർക്കാൻ പറ്റില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വിരലുകൾ സൂക്ഷിച്ച് കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ വിരലുകൾ തുന്നിച്ചേർക്കാൻ കഴിയുമായിരുന്നുവെന്നും ഡോക്ടർമാർ രക്ഷിതാക്കളെ അറിയിച്ചു. ഇതോടെ രക്ഷിതാക്കൾ തുമകൂരു റൂറൽ പോലീസിൽ പരാതിനൽകി.

അടിയന്തരശുശ്രൂഷ നൽകേണ്ട സമയത്ത് അശ്രദ്ധയും വിവേകശൂന്യതയും കാണിച്ചതിനും വിദ്യാർഥിനിക്ക് വൈദ്യസഹായം ലഭ്യമാക്കാത്തതിലും സ്കൂൾ പ്രഥമാധ്യാപകൻ നാഗേഷ്, അധ്യാപകരായ രേണുകമ്മ, വെങ്കിടേഷ്, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഹനുമന്തപ്പ എന്നിവരുടെപേരിൽ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342072/first-grader-loses-two-fingers-after-getting-stuck-in-schools-iron-door)