---
title: "ഒളിച്ചിരുന്നിട്ട് കാര്യമില്ല ....; ആലപ്പുഴയിൽ 14കാരിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച സംഭവം; നാലാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്"
english_title: "14-year-old girl raped by father and relatives in Alappuzha; Investigation underway for fourth accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342060/14-year-old-girl-raped-by-father-and-relatives-in-alappuzha-investigation-underway-for-fourth-accused"
published_at: "2026-02-15T06:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69912155672cd_police.jpg"
keywords: []
---

# ഒളിച്ചിരുന്നിട്ട് കാര്യമില്ല ....; ആലപ്പുഴയിൽ 14കാരിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച സംഭവം; നാലാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

> **Lead Summary:** **ആലപ്പുഴ: **ആലപ്പുഴ പുന്നപ്രയിൽ പതിനാലുകാരിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച കേസിൽ നാലാം പ്രതിക്കായി അന്വേഷണം ഊർജിതം. അതിജീവിതയുടെ പിതാവിന്‍റെ ബന്ധുവാണ് നാലാം പ്രതി. പിതാവ്, പിതാവിന്‍റെ സഹോദരി ഭർത്താവ്, സഹോദരിയുടെ മകൻ എന്നിവരാണ് നിലവിൽ അറസ്റ്റിലായത്.

## Article Content

**ആലപ്പുഴ: **ആലപ്പുഴ പുന്നപ്രയിൽ പതിനാലുകാരിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച കേസിൽ നാലാം പ്രതിക്കായി അന്വേഷണം ഊർജിതം. അതിജീവിതയുടെ പിതാവിന്‍റെ ബന്ധുവാണ് നാലാം പ്രതി. പിതാവ്, പിതാവിന്‍റെ സഹോദരി ഭർത്താവ്, സഹോദരിയുടെ മകൻ എന്നിവരാണ് നിലവിൽ അറസ്റ്റിലായത്.

പിതാവിനൊപ്പം മദ്യപിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവാണ് പിടിയിലാകാനുള്ളത്. ഇയാൾ ഒളിവിലാണ്. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് കൂടുതൽ ചോദ്യം ചെയ്യും. 2022 മുതലാണ് പതിനാലുകാരി പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനത്തിന് ഇരയായത്.

കഴിഞ്ഞ ദിവസം പെൺകുട്ടി സുഹൃത്തിനോട് വിവരങ്ങൾ തുറന്നു പറഞ്ഞപ്പോഴാണ് സംഭവം പുറത്തുവന്നത്. പെൺകുട്ടിയെ സുരക്ഷിതമായി കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്‍ററിലേക്ക് മാറ്റിയിരുന്നു. പിതാവിന്‍റെ രണ്ടാം ഭാര്യയിലെ കുട്ടിയാണ് ഇരയായ പെൺകുട്ടി.

അതേസമയം, എറണാകുളം എളമക്കരയിൽ മരിച്ച ആറ് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ അമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ്. അച്ഛനെ ക്കൂടാതെ മറ്റാരെങ്കിലും വീട്ടിൽ വന്നു പോയിട്ടുണ്ടോയെന്നറിയാൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.

ജനുവരി പതിനാറിനാണ് കൊച്ചി എളമക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പോണേക്കരയിലുള്ള വീട്ടില്‍ 33 വയസുള്ള അച്ഛനെയും ആറ് വയസുമാത്രം പ്രായമുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും അച്ഛന്‍ തൂങ്ങി മരിച്ച നിലയിലുമായിരുന്നു.

മകള്‍ക്ക് വിഷം കൊടുത്ത് കൊന്നശേഷം അച്ഛന്‍ ജീവനൊടുക്കി എന്ന നിഗമനത്തിലായിരുന്നു പൊലീസ്. പ്രാഥമിക പോസ്റ്റ് മോര്‍ട്ടത്തില്‍ മരണ കാരണവും വിഷം ഉള്ളില്‍ ചെന്ന് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്‍ക്വസ്റ്റിനിടെ തന്നെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ പാടുകള്‍ കണ്ട പൊലീസ് ഇത് ഫോറന്‍സിക് സര്‍ജനെ ധരിപ്പിക്കുകയായിരുന്നു. വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ആറ് വയസുകാരി ഒരു വര്‍ഷത്തോളമായി ലൈംഗിക പീഡനം നേരിട്ടായി വ്യക്തമായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342060/14-year-old-girl-raped-by-father-and-relatives-in-alappuzha-investigation-underway-for-fourth-accused)