---
title: "ആദിത്യയെ മരണത്തിലേക്ക് തള്ളിയിട്ടത് 'ബ്ലാക്ക് വെനം'? ഇൻസ്റ്റഗ്രാം പേജുകൾക്ക് പിന്നാലെ പോലീസ്"
english_title: "Aditya's death, the investigation is spreading further to social media platforms."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341962/adityas-death-the-investigation-is-spreading-further-to-social-media-platforms-new"
published_at: "2026-02-14T13:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990314784f59_death.jpg"
keywords: []
---

# ആദിത്യയെ മരണത്തിലേക്ക് തള്ളിയിട്ടത് 'ബ്ലാക്ക് വെനം'? ഇൻസ്റ്റഗ്രാം പേജുകൾക്ക് പിന്നാലെ പോലീസ്

> **Lead Summary:** **കൊച്ചി: ** പ്ലസ് വൺ വിദ്യാർത്ഥിനിയായ ആദിത്യ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം സോഷ്യൽ മീഡിയയിലേക്ക് വ്യാപിക്കുന്നു. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

## Article Content

**കൊച്ചി: ** പ്ലസ് വൺ വിദ്യാർത്ഥിനിയായ ആദിത്യ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം സോഷ്യൽ മീഡിയയിലേക്ക് വ്യാപിക്കുന്നു. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തിരുന്ന പേജുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. 'ബ്ലാക്ക് വെനം' ആണ് ആദിത്യ ഫോളോ ചെയ്തിരുന്നതിലെ പ്രധാന അക്കൗണ്ടുകളിലൊന്നത്. ഇതിൽ കൊറിയൻ മോഡലുകളുടെ ഉൾപ്പെടെയുള്ള ചിത്രങ്ങളുണ്ട്.

ആദിത്യയുടെ മരണത്തിന് പിന്നാലെ ഈ പേജിലെ മുഴുവൻ പേരും അൺഫോളോ ചെയ്ത് പോയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അക്കൗണ്ടിന്റെ ലോഗിൻ വിവരങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

30 പേരായിരുന്നു ഈ അക്കൗണ്ടിലുണ്ടായിരുന്നത്. ഒരു ഫോൺ ഉപയോഗിച്ച് വിവിധ അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്താണ് ബ്ലാക്ക് വെനം എന്ന അക്കൗണ്ടിലുണ്ടായിരുന്നവർ ഈ പേജ് ഉപയോഗിച്ചിരുന്നത് എന്നും പൊലീസ് കരുതുന്നു.

ജനുവരി 27നായിരുന്നു ചോറ്റാനിക്കര സ്വദേശിയായ ആദിത്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പാറമടയിൽ മുങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് കരയിൽ വെച്ചിരുന്ന സ്‌കൂൾ ബാഗിൽ ഉണ്ടായിരുന്നു.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് മരണപ്പെട്ടതിന്റെ വിഷമം സഹിക്കാനാകാതെയാണ് താൻ ജീവൻ വെടിയുന്നത് എന്നായിരുന്നു ആത്മഹത്യാകുറിപ്പിൽ ഉണ്ടായിരുന്നത്.

കിണർ പണിക്കാരനായ മഹേഷിന്റെയും ദിവ്യയുടെയും ഏക മകളാണ് ആദിത്യ. കൊറിയൻ ഗാനങ്ങളോടം സീരിസുകളോടും മകൾക്ക് താൽപര്യമായിരുന്നു എന്ന് മാതാപിതാക്കൾ മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന നിലയിൽ ഒരു കൊറിയൻ സുഹൃത്ത് ഉണ്ടോ എന്നതിൽ മഹേഷ് സംശയം പ്രകടിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ സുഹൃത്തുക്കളാരോ ഐഡി ഉണ്ടാക്കി പറ്റിച്ചതാകാനാണു സാധ്യതയെന്നാണ് പിതാവ് സംശയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341962/adityas-death-the-investigation-is-spreading-further-to-social-media-platforms-new)