---
title: "അതിവേഗം സർക്കാർ ....! റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതി; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി"
english_title: " Initial approval for RRTS Project Chief Minister writes to Central Government"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341955/initial-approval-for-rrts-project-chief-minister-writes-to-central-government"
published_at: "2026-02-14T13:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69902a1a8b7f8_pinarayi_vijayan.jpg"
keywords: []
---

# അതിവേഗം സർക്കാർ ....! റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതി; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് മുഖ്യമന്ത്രി കത്തയച്ചു. വിശദ പദ്ധതി റിപോര്‍ട്ട് തയാറാക്കുന്നതിനുള്ള ഫണ്ടിനും കേന്ദ്ര സര്‍ക്കാരുമായുള്ള തുടര്‍ചര്‍ച്ചകള്‍ക്കുമാണ് മുഖ്യമന്ത്രി കേന്ദ്രനഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് കത്തയച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പേ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി നേടിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് മുഖ്യമന്ത്രി കത്തയച്ചു. വിശദ പദ്ധതി റിപോര്‍ട്ട് തയാറാക്കുന്നതിനുള്ള ഫണ്ടിനും കേന്ദ്ര സര്‍ക്കാരുമായുള്ള തുടര്‍ചര്‍ച്ചകള്‍ക്കുമാണ് മുഖ്യമന്ത്രി കേന്ദ്രനഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് കത്തയച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പേ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി നേടിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ജനുവരി 28ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് സില്‍വര്‍ ലൈനിന് പകരം ആര്‍ആര്‍ടിഎസ് അഥവ റാപ്പിഡ് റയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ ബജറ്റിലും പ്രഖ്യാപനമുണ്ടായി. ഡല്‍ഹി – മീററ്റ് പാതയുടെ മാതൃകയിലാണ് കേരളം റാപ്പിഡ് റെയില്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി അതിവേഗ റെയിലിന്റെ നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുകയാണ്. സംസ്ഥാനത്ത് റാപ്പിഡ് റെയില്‍ നടപ്പാക്കാന്‍ സന്നദ്ധമാണെന്ന് കൊച്ചിയില്‍ സെപ്റ്റംബറില്‍ നടന്ന അര്‍ബണ്‍ കോണ്‍ക്ലേവില്‍ കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടി ഓര്‍മിച്ചാണ് റാപ്പിഡ് റെയിലിന് അനുമതി തേടിയുള്ള മുഖ്യമന്ത്രിയുടെ കത്ത്.

കൊച്ചിയില്‍ മെട്രോയുള്ളത് തിരുവനന്തപുരത്തും കോഴിക്കോടും വരാന്‍ പോകുന്ന മെട്രോകളും റാപ്പിഡ് റയിലുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കുന്നത്. സാധ്യതാ പഠനം നടത്താനും കേരളത്തിനായി റാപ്പിഡ് റയില്‍ ശൃംഖല രൂപീകരിക്കുമുള്ള സഹായമാണ് സര്‍ക്കാര്‍ തേടിയിരിക്കുന്നത്. സാധ്യത പഠനത്തിനൊപ്പം ഡിപിആര്‍ കൂടി തയാറാക്കാനാണ് സംസ്ഥാനം കേന്ദ്രത്തിന്റെ പിന്തുണ ആവശ്യപ്പെടുന്നത്.

റാപ്പിഡ് റെയില്‍ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ നഗരകാര്യ മന്ത്രാലയം സാമ്പത്തിക സഹായം നല്‍കാറുണ്ട്. അതുകൂടി ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. 20 ശതാനം കേന്ദ്രസഹായത്തോടെയും 20 ശതമാനം സംസ്ഥാന ഫണ്ടുമാണ് പദ്ധതിക്ക് ഉപയോഗിക്കുക. 60 ശതമാനം തുക വായ്പയിലൂടെയും കണ്ടെത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാലു ഘട്ടമായുള്ള റാപ്പിഡ് റെയില്‍ കേരളത്തില്‍ പ്രായോഗികമല്ലെന്ന ഇ ശ്രീധരന്റെ വിമര്‍ശനം തള്ളിയാണ് സര്‍ക്കാര്‍ പദ്ധതി റാപ്പിഡ് റെയില്‍ പ്രഖ്യാപിച്ചത് .ശ്രീധരന്‍ മുന്നോട്ട് വെച്ച് അതിവേഗ റെയില്‍ പദ്ധതിയെ സര്‍ക്കാര്‍ ഗൗനിക്കുന്നില്ല എന്നതാണ് ഇതിലൂടെ നല്‍കുന്ന സന്ദേശം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341955/initial-approval-for-rrts-project-chief-minister-writes-to-central-government)