---
title: "'യാത്രയിലുടനീളം ജനങ്ങളിൽ നിന്നും പോലീസിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്' - ആംബുലൻസിന് വ‍ഴിയൊരുക്കിയവരോട് നന്ദി പറഞ്ഞ് ഡ്രൈവർ ജയനീഷ്"
english_title: "Organ donation, driver Jayaneesh thanks those who made way for ambulance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341870/organ-donation-driver-jayaneesh-thanks-those-who-made-way-for-ambulance"
published_at: "2026-02-14T06:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698fc69c89e39_aji.jpg"
keywords: []
---

# 'യാത്രയിലുടനീളം ജനങ്ങളിൽ നിന്നും പോലീസിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്' - ആംബുലൻസിന് വ‍ഴിയൊരുക്കിയവരോട് നന്ദി പറഞ്ഞ് ഡ്രൈവർ ജയനീഷ്

> **Lead Summary:** ** **ലക്ഷ്യസ്ഥാനത്ത് തടസങ്ങളില്ലാതെ അതിവേഗമെത്താൻ സഹായിച്ച പൊലീസുകാർക്കും ജനങ്ങൾക്കും നന്ദി പറഞ്ഞ് ആലിൻ ഷെറിൻ ദൗത്യത്തിന്‍റെ വളയം പിടിച്ച ആംബുലൻസ് ഡ്രൈവർ ജയനീഷ്.

## Article Content

** **ലക്ഷ്യസ്ഥാനത്ത് തടസങ്ങളില്ലാതെ അതിവേഗമെത്താൻ സഹായിച്ച പൊലീസുകാർക്കും ജനങ്ങൾക്കും നന്ദി പറഞ്ഞ് ആലിൻ ഷെറിൻ ദൗത്യത്തിന്‍റെ വളയം പിടിച്ച ആംബുലൻസ് ഡ്രൈവർ ജയനീഷ്.

സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായ 10 മാസം പ്രായമുള്ള ആലിൻ ഷെറിന്‍റെ അവയവങ്ങൾ കൃത്യസമയത്ത് തിരുവനന്തപുരത്ത് എത്തിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് മണിക്കൂർ കൊണ്ടാണ് ജയനീഷ് ആംബുലൻസ് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്.

‘യാത്രയിലുടനീളം ജനങ്ങളിൽ നിന്നും പോലീസിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. എല്ലാ ജംഗ്ഷനുകളിലും ആളുകൾ വഴി ഒരുക്കിത്തരുകയും, പൊലീസ് കൃത്യമായി ഗതാഗതം നിയന്ത്രിക്കുകയും ചെയ്തതിനാൽ ഒരിടത്തും തടസങ്ങൾ ഉണ്ടായില്ല.

ചികിത്സയിലുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിൽ ഭാഗമാകാൻ സാധിച്ചതിൽ വലിയ സന്തോഷം’ – ചരിത്ര ദൗത്യത്തിന്‍റെ ഭാഗമാകാൻ ക‍ഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് ജയനീഷ് പറഞ്ഞു.

കിംസിലെത്തി കരൾ കൈമാറിയ ശേഷം മിനിറ്റുകൾ കൊണ്ട് ആംബുലൻസ് മെഡിക്കൽ കോളേജിലെത്തി കുട്ടിയുടെ രണ്ട് വൃക്കകള്‍ അവിടെ കൈമാറിയിരുന്നു. തുടർന്ന് ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങൾ അമൃത ആശുപത്രിയിലേക്കും നൽകി.

ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341870/organ-donation-driver-jayaneesh-thanks-those-who-made-way-for-ambulance)