---
title: "വിവാഹം കഴിക്കാൻ സമ്മർദ്ദം, പിന്നാലെ 5 ലക്ഷം രൂപ വേണമെന്ന് ഭീഷണി; 33കാരിയെ  കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി ആൺസുഹൃത്ത് "
english_title: "33-year-old woman's decomposed body found inside septic tank"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341869/33-year-old-womans-decomposed-body-found-inside-septic-tank"
published_at: "2026-02-14T06:03:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698fc2f7d088f_xrime.jpg"
keywords: []
---

# വിവാഹം കഴിക്കാൻ സമ്മർദ്ദം, പിന്നാലെ 5 ലക്ഷം രൂപ വേണമെന്ന് ഭീഷണി; 33കാരിയെ  കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി ആൺസുഹൃത്ത് 

> **Lead Summary:** **ഭോപ്പാൽ: ** ഭോപ്പാലിലെ നിഷാത്പുര മേഖലയിൽ, ഒഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിനുള്ളിൽ നിന്ന് 33കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെടുത്തു. മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ സിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു.

## Article Content

**ഭോപ്പാൽ: ** ഭോപ്പാലിലെ നിഷാത്പുര മേഖലയിൽ, ഒഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിനുള്ളിൽ നിന്ന് 33കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെടുത്തു. മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ സിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു.

ഒരു വർഷം മുൻപാണ് സിയയും ഭോപ്പാൽ സ്വദേശിയായ സമീറും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് താനെന്ന വിവരം സമീർ സിയയിൽ നിന്ന് മറച്ചുവെച്ചിരുന്നു. സമീറിനൊപ്പം ജീവിക്കാനായി മൂന്ന് മാസം മുൻപ് സിയ തന്റെ നാടുവിട്ട് ഭോപ്പാലിലെ കമലാ നഗറിലുള്ള സമീറിന്റെ വീട്ടിലെത്തി.

സമീറിന്റെ വീട്ടിൽ താമസം തുടങ്ങിയതോടെ സിയയും സമീറിന്റെ ഭാര്യയും തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടായി. സമീർ തന്നെ വിവാഹം കഴിക്കണമെന്ന് സിയ സമ്മർദ്ദം ചെലുത്തി. വിവാഹം കഴിക്കുന്നില്ലെങ്കിൽ 5 ലക്ഷം രൂപ നൽകണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും സിയ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. തർക്കം രൂക്ഷമായതോടെ സമീറിന്റെ ഭാര്യ ജബൽപൂരിലെ സ്വന്തം വീട്ടിലേക്ക് പോയി.

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം സിയയും സമീറും തമ്മിൽ വീണ്ടും രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ പ്രകോപിതനായ സമീർ സിയയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി സമീർ തന്റെ അമ്മ, സഹോദരൻ, സഹോദരി എന്നിവരുടെ സഹായം തേടി. മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി തിങ്കളാഴ്ച അർദ്ധരാത്രിയോടെ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിൽ തള്ളി.

വ്യാഴാഴ്ച വൈകുന്നേരം സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ടാങ്കിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചു. നാട്ടുകാർ നടത്തിയ പരിശോധനയിൽ ടാങ്കിനുള്ളിൽ ഒരു ഇരുമ്പ് പെട്ടി പൊങ്ങിക്കിടക്കുന്നത് കണ്ട് പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി പെട്ടി തുറന്നപ്പോഴാണ് യുവതിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത് സിയയുടെ കൈയിലുണ്ടായിരുന്ന ടാറ്റൂവാണ്.

സിയയുടെ മൃതദേഹത്തിന് നാല് ദിവസം വരെ പഴക്കമുണ്ടെന്ന് നിഷാത്പുര പൊലീസ് ഇൻസ്പെക്ടർ മനോജ് പട്‌വ സ്ഥിരീകരിച്ചു. പ്രാഥമിക നിഗമനമനുസരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടന്നിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സമീറിനായി തിരച്ചിൽ തുടരുന്നു. എന്നാൽ മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച സമീറിന്റെ അമ്മ, സഹോദരൻ, സഹോദരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സിയ മുൻപ് മൂന്ന് തവണ വിവാഹിതയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341869/33-year-old-womans-decomposed-body-found-inside-septic-tank)