---
title: "പെരുമാറ്റത്തിൽ സംശയം, ന്യൂറോ സർജൻ ചമഞ്ഞ് മെഡിക്കൽ കോളേജിൽ കടന്നുകൂടി; രക്ഷപ്പെടാൻ ശ്രമിക്കവേ യുവതിയെ പിടികൂടി ജീവനക്കാർ "
english_title: "Woman arrested for entering medical college pretending to be a neurosurgeon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341815/woman-arrested-for-entering-medical-college-pretending-to-be-a-neurosurgeon"
published_at: "2026-02-13T16:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f070640de7_women_arrest.jpg"
keywords: []
---

# പെരുമാറ്റത്തിൽ സംശയം, ന്യൂറോ സർജൻ ചമഞ്ഞ് മെഡിക്കൽ കോളേജിൽ കടന്നുകൂടി; രക്ഷപ്പെടാൻ ശ്രമിക്കവേ യുവതിയെ പിടികൂടി ജീവനക്കാർ 

> **Lead Summary:** തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ ചമഞ്ഞ യുവതി പിടിയിൽ. വേഷം മാറി രക്ഷപ്പെടാൻ ശ്രമിക്കവേ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഇവ എന്ന യുവതിയാണ് പിടിയിലായത്. രാവിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ കടന്നുകൂടിയ യുവതി സീനിയർ റസിഡന്‍റായ ന്യൂറോ സർജൻ ആണെന്നാണ് സെക്യൂരിറ്റിയോട് പറഞ്ഞത്.

## Article Content

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ ചമഞ്ഞ യുവതി പിടിയിൽ. വേഷം മാറി രക്ഷപ്പെടാൻ ശ്രമിക്കവേ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഇവ എന്ന യുവതിയാണ് പിടിയിലായത്. രാവിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ കടന്നുകൂടിയ യുവതി സീനിയർ റസിഡന്‍റായ ന്യൂറോ സർജൻ ആണെന്നാണ് സെക്യൂരിറ്റിയോട് പറഞ്ഞത്.

പെരുമാറ്റത്തിൽ സംശയം തോന്നിയ സെക്യൂരിറ്റി വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ഇങ്ങനെ ഒരാളെ കണ്ടതായി ഡോക്ടർമാർ സംശയം പറഞ്ഞതോടെ തെരച്ചിൽ ആരംഭിച്ചെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോൾ ഇവർ ലിഫ്റ്റിൽ കയറി അഞ്ചാം നിലയിലെത്തിയ ശേഷം പടികെട്ടുകൾ ഇറങ്ങി താഴെ വന്ന് കാന്‍റീനിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം പുറത്തു പോയതായി കണ്ടെത്തി.

തുടർന്ന് പതിനൊന്നരയോടെ വേഷം മാറി മറ്റൊരു സാരിയിൽ ഇവർ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നും പുറത്തിറങ്ങി ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വനിതാ സെക്യൂരിറ്റി ജീവനക്കാർ പിടികൂടുകയായിരുന്നു. തുടർന്ന്, വിവരങ്ങൾ അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവർ പറഞ്ഞത്. പെരുന്ന സ്വദേശിയാണെന്നും ഇപ്പോൾ പേരൂർക്കടയിൽ താമസമാണെന്നുമാണ് ഇവർ പറയുന്നത്. ഭർത്താവ് ശ്രീചിത്രയിലാണ് ജോലിയെടുക്കുന്നതെന്നും മൊ‍ഴി നൽകി.

തുടർന്ന് മെഡിക്കൽ കോളേജ് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സെക്യൂരിറ്റി ഓഫീസറുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഇവർ പറയുന്ന പേരും സ്ഥലവും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. വിശദമായി ചോദ്യം ചെയ്താലേ ശരിയായ വിലാസവും മറ്റും ലഭിക്കുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341815/woman-arrested-for-entering-medical-college-pretending-to-be-a-neurosurgeon)