---
title: "നിങ്ങൾ പറയണം; അധ്യാപകർ കൈകെട്ടി നോക്കി നിൽക്കണോ...? അതോ ഗുണദോഷിക്കാൻ വടിയെടുക്കണോ...?"
english_title: "Should teachers just sit back and watch Or should they use a stick to correct them?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341810/should-teachers-just-sit-back-and-watch-or-should-they-use-a-stick-to-correct-them"
published_at: "2026-02-13T16:09:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f014190273_teacher.jpg"
keywords: []
---

# നിങ്ങൾ പറയണം; അധ്യാപകർ കൈകെട്ടി നോക്കി നിൽക്കണോ...? അതോ ഗുണദോഷിക്കാൻ വടിയെടുക്കണോ...?

> **Lead Summary:** **( **[www.truevisionnews.com]** ) **കാലം മാറിയതൊക്കെ ശരി, എന്ത് കോലവും കെട്ടട്ടെ, എന്നാൽ കെട്ടുപോകാനും ചീഞ്ഞ് നാറാനും ആഗ്രഹിക്കുന്നവരുണ്ടോ? ഇനി നിങ്ങൾ പറയണം, അധ്യാപകർ കൈകെട്ടി നോക്കി നിൽക്കണോ? അതോ ഗുണദോഷിക്കാൻ വടിയെടുക്കണോ?

## Article Content

**( **[www.truevisionnews.com]** ) **കാലം മാറിയതൊക്കെ ശരി, എന്ത് കോലവും കെട്ടട്ടെ, എന്നാൽ കെട്ടുപോകാനും ചീഞ്ഞ് നാറാനും ആഗ്രഹിക്കുന്നവരുണ്ടോ? ഇനി നിങ്ങൾ പറയണം, അധ്യാപകർ കൈകെട്ടി നോക്കി നിൽക്കണോ? അതോ ഗുണദോഷിക്കാൻ വടിയെടുക്കണോ?

അത്തരം കാഴ്ച്ചകളാണ് വിദ്യാലങ്ങൾക്കും കലാലയങ്ങൾക്കും അകത്തും അരികിലുമുള്ളത്. സൈബർ യുഗക്കാഴ്ച്ചകളിൽ എന്തും ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന പുതു തലമുറ.

> പണ്ടൊക്കെ,​ ''കുരുത്തക്കേടു കാണിച്ചാൽ നല്ല തല്ലു കൊടുക്കണം സാറേ" എന്നു പറഞ്ഞാവും കുട്ടിയെ സ്കൂളിലാക്കുന്നത് തന്നെ. സ്കൂളിൽ നിന്ന് തല്ലുകിട്ടിയെന്ന് അറിഞ്ഞാൽ,​ അക്കാരണം കൊണ്ടു തന്നെ ബാക്കി തല്ല് വീട്ടിൽ നിന്നു കൂടി കിട്ടുകയും ചെയ്യും.

എന്നാൽ ഇന്ന് മക്കളുടെ എണ്ണം കുറയുകയും,​ നമ്മൾ അണുകുടുംബങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്തതോടെയാണ് അച്ഛനമ്മമാരുടെ മനോഭാവത്തിൽ വലിയ മാറ്റം സംഭവിച്ചത്. വീട്ടിൽ തങ്ങൾപോലും ശിക്ഷിക്കാത്ത കുട്ടിയെ സ്കൂളിൽ അദ്ധ്യാപകൻ ശിക്ഷിക്കുന്നത് എന്തിന്റെ പേരിലായാലും ഭൂരിപക്ഷംപേരും സഹിക്കില്ല എന്നായി.

മറുഭാഗത്ത്,​ നിസ്സാര കാരണങ്ങൾക്ക് ചില അദ്ധ്യാപകർ കുട്ടിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശിക്ഷയുടെ ഉദ്ദേശ്യം ഇവിടെ പ്രധാനമാണ്. ദേഷ്യം തീർക്കലല്ല,​ കുട്ടി നന്നാകണം എന്ന സദുദ്ദേശ്യമായിരുന്നു അദ്ധ്യാപകന് എങ്കിൽ അത്തരം ലഘുശിക്ഷകളെ മഹാപരാധമായി കാണുന്നത് ശരിയല്ല.

വിദ്യാലയങ്ങൾ മർദ്ദനശാലകളാകുന്നതിനോട് ആരും യോജിക്കില്ല. പക്ഷേ,​ സ്കൂളിലെ അച്ചടക്കം ഉറപ്പാക്കുകയും,​ വിദ്യാർത്ഥിയെ തിരുത്തുകയും ചെയ്യുകയെന്ന സദുദ്ദേശ്യത്തോടെയാണെങ്കിൽപ്പോലും,​ കുട്ടിയെ ചെറിയ രീതിയിൽപ്പോലും അദ്ധ്യാപകൻ ശിക്ഷിക്കാൻ പാടില്ലെന്നുവരുന്നത് ശരിയാണോ..? മാത്രമല്ല,​ അത് സ്കൂളുകളിൽ അച്ചടക്കരാഹിത്യത്തിന് വഴിയൊരുക്കലും,​ കുട്ടികളുടെ അനുസരണക്കേടിന് വളംവച്ചുകൊടുക്കലുമായി മാറും.

സ്കൂളിൽ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അദ്ധ്യാപകൻ വിദ്യാർത്ഥിയെ സദുദ്ദേശ്യത്തോടെ ശാരീരികമായി ശിക്ഷിക്കുന്നത് കുറ്റകൃത്യമായി കാണാനാവില്ലെന്ന് കഴിഞ്ഞദിവസം കേരള ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി.

തിരുവനന്തപുരത്ത് വെങ്ങാനൂരിലെ സ്കൂൾ അദ്ധ്യാപകന് എതിരെ വിഴിഞ്ഞം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തുടർനടപടികൾ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞവർഷം ഫെബ്രുവരി പത്തിന് സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തിയ വിദ്യാർത്ഥിയെ അദ്ധ്യാപകൻ ചൂരൽകൊണ്ട് അടിച്ചെന്നായിരുന്നു മാതാപിതാക്കൾ നല്കിയ കേസ്. മൂന്നുദിവസം കഴിഞ്ഞാണ് വീട്ടുകാർ കുട്ടിയെ ഡോക്ടർക്കു മുന്നിൽ ഹാജരാക്കിയതും,​ പിന്നാലെ പൊലീസിൽ പരാതി നല്കിയതും. പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ പരിക്കുകളൊന്നും കണ്ടെത്താനായിരുന്നില്ല. അച്ചടക്കരാഹിത്യം കാണിച്ച കുട്ടിയെ,​ മുറിവേൽക്കാത്ത വിധം ചൂരൽകൊണ്ട് അടിച്ച അദ്ധ്യാപകനെ അതിന്റെ പേരിൽ മാത്രം കുറ്റക്കാരനാക്കുന്നത് എങ്ങനെയെന്നാണ് കോടതി ചോദിച്ചത്.

പാഠപുസ്തകത്തിലുള്ള ഭാഗങ്ങൾ കുട്ടിയെ പഠിപ്പിക്കുക എന്നതു മാത്രമല്ല ഒരു അദ്ധ്യാപകന്റെ ധർമ്മം. കുട്ടിയിൽ അച്ചടക്കം,​ അനുസരണശീലം,​ മറ്റുള്ളവരോട് പെരുമാറേണ്ട വിധം,​ വീട്ടുകാരെയും ഗുരുക്കന്മാരെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങി,​ ഒരു നല്ല മനുഷ്യനായി കുട്ടിയെ പരുവപ്പെടുത്തിയെടുക്കേണ്ട ഉത്തരവാദിത്വവും അദ്ധ്യാപകനുണ്ട്.

> അനുസരണക്കേടിന്റെയോ അച്ചടക്കലംഘനത്തിന്റെയോ പേരിൽ കുട്ടിക്ക് ലഘുവായ ശിക്ഷകൾ നല്കി അവനെ തിരുത്താനുള്ള അധികാരവും അദ്ധ്യാപകനുണ്ട്. 'ചൊല്ലിക്കൊട്‌, നുള്ളിക്കൊട്‌, തല്ലിക്കൊട്‌" എന്നു കേട്ടിട്ടില്ലേ?​ പറഞ്ഞുകൊടുത്തിട്ട് നന്നാവുന്നില്ലെങ്കിൽ ശിക്ഷകൊടുത്ത് നന്നാക്കണമെന്ന് സാരം. എന്നിട്ടും നന്നാവുന്നില്ലെന്നു കണ്ടാൽപ്പിന്നെ 'തള്ളിക്കള" എന്നാണ്...! മക്കളെ അങ്ങനെ തള്ളിക്കളയാനാവില്ലല്ലോ. അവരെ,​ ഗുണദോഷിച്ചും ചെറിയ ശിക്ഷകൾ നല്കിയും തന്നെ നല്ല വഴിക്കു നടത്തുകയാണ് വേണ്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341810/should-teachers-just-sit-back-and-watch-or-should-they-use-a-stick-to-correct-them)