---
title: "  ഇതെന്താ ലോഡോ? ടൂർ ബസ് വേണ്ട, ടിപ്പർ മതി...!  സ്കൂൾ കുട്ടികളെ വിനോദയാത്രക്ക് കൊണ്ടുപോയത് പിക്കപ്പ് ട്രക്കിലും ടിപ്പറിലും; പ്രധാനാധ്യാപകന് സസ്പെൻഷൻ"
english_title: "School children taken on field trip in pickup truck and tipper; Principal suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341692/school-children-taken-on-field-trip-in-pickup-truck-and-tipper-principal-suspended-new"
published_at: "2026-02-13T11:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698eb89ed4cb0_trip.jpg"
keywords: []
---

#   ഇതെന്താ ലോഡോ? ടൂർ ബസ് വേണ്ട, ടിപ്പർ മതി...!  സ്കൂൾ കുട്ടികളെ വിനോദയാത്രക്ക് കൊണ്ടുപോയത് പിക്കപ്പ് ട്രക്കിലും ടിപ്പറിലും; പ്രധാനാധ്യാപകന് സസ്പെൻഷൻ

> **Lead Summary:** **ബംഗളൂരു: ** കർണാടകയിലെ ബലഞ്ജെയിൽ സ്‌കൂൾ വിദ്യാർത്ഥികളെ ചരക്കുവാഹനങ്ങളിൽ വിനോദയാത്രയ്ക്ക് കൊണ്ടുപോയ സംഭവത്തിൽ സ്‌കൂൾ ഇൻ-ചാർജ് പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്തു.

## Article Content

**ബംഗളൂരു: ** കർണാടകയിലെ ബലഞ്ജെയിൽ സ്‌കൂൾ വിദ്യാർത്ഥികളെ ചരക്കുവാഹനങ്ങളിൽ വിനോദയാത്രയ്ക്ക് കൊണ്ടുപോയ സംഭവത്തിൽ സ്‌കൂൾ ഇൻ-ചാർജ് പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്തു.

ബലഞ്ജെ സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലെ അധ്യാപകൻ കിരണിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഫെബ്രുവരി 11-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് അധികൃതർ ഇടപെട്ടത്.

എഴുപതോളം വിദ്യാർത്ഥികളെയും ഏതാനും അധ്യാപകരെയുമാണ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് തുറന്ന പിക്കപ്പ് ട്രക്കിലും ടിപ്പറിലും യാത്ര ചെയ്യിച്ചത്. നൽകൂറിനടുത്തുള്ള ഒരു തേനീച്ച വളർത്തൽ ഫാം സന്ദർശിക്കാനാണ് കുട്ടികളെ കൊണ്ടുപോയത്.

പൊരിവെയിലത്ത് അപകടകരമായ രീതിയിൽ കുട്ടികൾ ചരക്ക് വാഹനങ്ങളിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ രക്ഷിതാക്കളും നാട്ടുകാരും വലിയ പ്രതിഷേധവുമായി രംഗത്തെത്തി.

ചില പൂർവ്വ വിദ്യാർത്ഥികൾ യാത്രയ്ക്കായി വാഹനങ്ങൾ സൗജന്യമായി വിട്ടുനൽകിയതാണെന്നും രക്ഷിതാക്കളുടെ സമ്മതമുണ്ടായിരുന്നു എന്നുമാണ് പ്രധാനാധ്യാപകൻ ബിഇഒയ്ക്ക്  നൽകിയ വിശദീകരണം.

എന്നാൽ കുട്ടികളുടെ സുരക്ഷയിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹത്തെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341692/school-children-taken-on-field-trip-in-pickup-truck-and-tipper-principal-suspended-new)