---
title: "വൈറൽ വീഡിയോയ്ക്കായി 'ഡെവിൾ ക്രാബിനെ' കറിവെച്ചു കഴിച്ചു; ഫിലിപ്പീൻസ് സ്വദേശിനിക്ക് ദാരുണാന്ത്യം"
english_title: "A Filipino woman died tragically after eating a devil crab"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341676/a-filipino-woman-died-tragically-after-eating-a-devil-crab"
published_at: "2026-02-13T09:53:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ea741c90c5_tru3.jpg"
keywords: []
---

# വൈറൽ വീഡിയോയ്ക്കായി 'ഡെവിൾ ക്രാബിനെ' കറിവെച്ചു കഴിച്ചു; ഫിലിപ്പീൻസ് സ്വദേശിനിക്ക് ദാരുണാന്ത്യം

> **Lead Summary:** **ഫിലിപ്പീൻസ്:** [[truevisionnews.com]] വൈറൽ വീഡിയോകൾക്കായി വ്യത്യസ്തമായ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നതിനിടെ വിഷാംശമുള്ള കടൽജീവികളെ കഴിച്ച ഫിലിപ്പീൻസ് സ്വദേശിനിക്ക് ദാരുണാന്ത്യം.

## Article Content

**ഫിലിപ്പീൻസ്:** [[truevisionnews.com]] വൈറൽ വീഡിയോകൾക്കായി വ്യത്യസ്തമായ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നതിനിടെ വിഷാംശമുള്ള കടൽജീവികളെ കഴിച്ച ഫിലിപ്പീൻസ് സ്വദേശിനിക്ക് ദാരുണാന്ത്യം.

പലാവാൻ പ്രവിശ്യയിലെ പ്യൂർട്ടോ പ്രിൻസെസയിൽ താമസിക്കുന്ന 51-കാരിയായ എമ്മ അമിതാണ് സാമൂഹിക മാധ്യമങ്ങളിൽ ഉള്ളടക്കം നിർമ്മിക്കുന്നതിനിടെ മരണപ്പെട്ടത്.

തന്റെ വീടിനടുത്തുള്ള കണ്ടൽക്കാടുകളിൽ നിന്ന് ശേഖരിച്ച കടൽവിഭവങ്ങൾ പാകം ചെയ്ത് കഴിക്കുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ഇവർക്ക് അപകടം സംഭവിച്ചത്.

കഴിഞ്ഞ ഫെബ്രുവരി നാലിന് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് തയ്യാറാക്കിയ ഭക്ഷണത്തിൽ പ്രാദേശികമായി 'ഡെവിൾ ക്രാബ്' എന്ന് വിളിക്കപ്പെടുന്ന വിഷാംശമുള്ള ഞണ്ടിനത്തെയും കടൽ ഒച്ചിനെയും ഇവർ ഉൾപ്പെടുത്തിയിരുന്നു.

ഭക്ഷണം കഴിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ എമ്മയുടെ ആരോഗ്യനില വഷളാവുകയും ചുണ്ടുകൾ നീലനിറമായി മാറുകയും ചെയ്തു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയും ചികിത്സയിലിരിക്കെ ഫെബ്രുവരി ആറിന് മരണം സംഭവിക്കുകയുമായിരുന്നു.

എമ്മയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഡെവിൾ ക്രാബിന്റെ പുറംതോടുകൾ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. പഫർ ഫിഷിന് സമാനമായ മാരകമായ ന്യൂറോടോക്സിനുകൾ അടങ്ങിയവയാണ് ഇത്തരം ഞണ്ടുകളെന്നും ഇവ കഴിക്കുന്നത് മനുഷ്യജീവൻ അപകടത്തിലാക്കുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

സംഭവത്തിന് പിന്നാലെ അജ്ഞാതമായ കടൽജീവികളെ ഭക്ഷണമാക്കുന്നതിനെതിരെ അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341676/a-filipino-woman-died-tragically-after-eating-a-devil-crab)