---
title: "'സഞ്ജു ബുദ്ധി ഉപയോഗിക്കുന്നില്ല, അവസരങ്ങൾ പാഴാക്കുന്നു'; തുറന്നടിച്ച്  ശ്രീകാന്ത്"
english_title: "Srikanth openly criticized Sanju"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341668/srikanth-openly-criticized-sanju"
published_at: "2026-02-13T09:27:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ea24f841d9_tru1.jpg"
keywords: []
---

# 'സഞ്ജു ബുദ്ധി ഉപയോഗിക്കുന്നില്ല, അവസരങ്ങൾ പാഴാക്കുന്നു'; തുറന്നടിച്ച്  ശ്രീകാന്ത്

> **Lead Summary:** **[[truevisionnews.com]]** സഞ്ജു സാംസണിന്റെ ബാറ്റിംഗ് ശൈലിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്തെത്തിയിരിക്കുന്നു.

## Article Content

**[[truevisionnews.com]]** സഞ്ജു സാംസണിന്റെ ബാറ്റിംഗ് ശൈലിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്തെത്തിയിരിക്കുന്നു.

നമീബിയക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ലഭിച്ച സുവർണ്ണാവസരം സഞ്ജു പാഴാക്കിയെന്നാണ് ശ്രീകാന്തിന്റെ പക്ഷം. സഞ്ജു തന്റെ ബുദ്ധി ഉപയോഗിക്കുന്നില്ലെന്നും ഓരോ തവണയും അവസരങ്ങൾ കളഞ്ഞുകുളിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

അഭിഷേക് ശർമ്മയുടെ അഭാവത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു, ഏഴ് പന്തിൽ രണ്ട് സിക്സറുകൾ ഉൾപ്പെടെ 22 റൺസെടുത്ത് നിൽക്കെയാണ് പുറത്തായത്.

രണ്ട് വലിയ ഷോട്ടുകൾക്ക് പിന്നാലെ സിംഗിൾ എടുത്ത് സ്ട്രൈക്ക് കൈമാറുന്നതിന് പകരം വീണ്ടും വലിയ ഷോട്ടിന് മുതിർന്നതാണ് സഞ്ജുവിന് വിനയായതെന്ന് ശ്രീകാന്ത് നിരീക്ഷിക്കുന്നു.

താരത്തിന്റെ അമിത ആവേശമാണ് തിരിച്ചടിയാകുന്നതെന്നും ടീമിലെ സ്ഥാനം ഉറപ്പിക്കാൻ ലഭിച്ച മികച്ച അവസരം ഇതോടെ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു കാലമായി ടി20യിൽ സഞ്ജുവിന്റെ ശരാശരി പത്തിന് താഴെയാണെന്ന കാര്യവും ശ്രീകാന്ത് ഓർമ്മിപ്പിച്ചു.

സഞ്ജുവിനെ വിമർശിക്കുമ്പോൾ തന്നെ ഇഷാൻ കിഷന്റെയും ഹാർദിക് പാണ്ഡ്യയുടെയും പ്രകടനങ്ങളെ അദ്ദേഹം പ്രശംസിച്ചു. 24 പന്തിൽ 61 റൺസെടുത്ത ഇഷാന്റെ ഷോട്ടുകളെ തമാശരൂപേണ പുകഴ്ത്തിയ ശ്രീകാന്ത്, തുടക്കത്തിൽ പന്തുകൾ നേരിട്ട് ക്രീസിൽ ഉറച്ച ശേഷം മാത്രം തകർത്തടിക്കുന്ന രീതി സഞ്ജു കണ്ടു പഠിക്കണമെന്നും കൂട്ടിച്ചേർത്തു.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 209 റൺസ് പിന്തുടർന്ന നമീബിയ 116 റൺസിന് പുറത്തായതോടെ 93 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341668/srikanth-openly-criticized-sanju)