---
title: "അറസ്റ്റിനെ ഭയമില്ല, കർഷകർക്കായി പോരാട്ടം തുടരും - രാഹുൽ ഗാന്ധി"
english_title: "No fear of arrest, will continue to fight for farmers - Rahul Gandhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341647/no-fear-of-arrest-will-continue-to-fight-for-farmers-rahul-gandhi"
published_at: "2026-02-13T06:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698e77246c505_2.jpg"
keywords: []
---

# അറസ്റ്റിനെ ഭയമില്ല, കർഷകർക്കായി പോരാട്ടം തുടരും - രാഹുൽ ഗാന്ധി

> **Lead Summary:** **ക**ർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിൽ താൻ അറസ്റ്റ് ചെയ്യപ്പെടാൻ പോലും തയ്യാറാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി.

## Article Content

**ക**ർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിൽ താൻ അറസ്റ്റ് ചെയ്യപ്പെടാൻ പോലും തയ്യാറാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി.

തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താലും കേസെടുത്താലും കർഷകർക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ചു. രാജ്യത്തെ ഭക്ഷ്യോത്പാദനത്തെയും കർഷക താൽപ്പര്യങ്ങളെയും ദോഷകരമായി ബാധിക്കുന്ന ഒരു വ്യാപാര കരാറിനെയും താൻ അംഗീകരിക്കില്ലെന്നും അവർക്കായി ഏതറ്റം വരെയും പൊരുതുമെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.

മോദി സർക്കാരിന്റേത് കർഷകവിരുദ്ധ നയങ്ങളാണെന്നും അന്നദാതാക്കളുടെ അവകാശങ്ങൾക്കായി താൻ മുന്നിലുണ്ടാകുമെന്നും രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെ ആവർത്തിച്ചു.

സഭയിൽ തെറ്റായ വിവരങ്ങൾ നൽകുന്നുവെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു രാഹുലിനെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു. ഇതിന് മറുപടിയായാണ് തനിക്കെതിരെ എന്ത് നടപടിയുണ്ടായാലും നേരിടാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലെ വ്യവസ്ഥകളെ മുൻനിർത്തിയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രധാന വിമർശനം. സർക്കാർ ഭാരതമാതാവിനെ വിൽക്കുകയാണെന്നും ഇതിൽ അധികൃതർക്ക് ലജ്ജയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

കർഷകർക്കും രാജ്യതാൽപ്പര്യത്തിനും വിരുദ്ധമായ പല കാര്യങ്ങളും ഈ കരാറിലുണ്ടെന്നാണ് രാഹുൽ ചൂണ്ടിക്കാട്ടിയത്. കർഷകരുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341647/no-fear-of-arrest-will-continue-to-fight-for-farmers-rahul-gandhi)