---
title: "കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു - ടി.പി. രാമകൃഷ്ണൻ"
english_title: "Congress in Kerala is taking an anti-worker stance - T.P. Ramakrishnan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341635/congress-in-kerala-is-taking-an-anti-worker-stance-tp-ramakrishnan"
published_at: "2026-02-12T21:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698df8add68f1_19.jpg"
keywords: []
---

# കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു - ടി.പി. രാമകൃഷ്ണൻ

> **Lead Summary:** കേരളത്തിലെ കോൺഗ്രസ് നേതൃത്വം തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടത്തുന്നതെന്ന് ടി.പി. രാമകൃഷ്ണൻ ആരോപിച്ചു.

## Article Content

കേരളത്തിലെ കോൺഗ്രസ് നേതൃത്വം തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടത്തുന്നതെന്ന് ടി.പി. രാമകൃഷ്ണൻ ആരോപിച്ചു.

അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ് എന്ത് നിലപാട് സ്വീകരിച്ചാലും, കേരളത്തിൽ തൊഴിലാളി ഐക്യം തകർക്കുന്ന സമീപനമാണ് ആ പാർട്ടിക്കുള്ളത്.

ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നതിൽ നിന്നും ഐ.എൻ.ടി.യു.സിയെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം വിലക്കിയത് ഇതിന്റെ വ്യക്തമായ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ തുടരുന്ന യു.ഡി.എഫ് ജാഥയിലെ പൊരുത്തക്കേടുകളെ പരിഹസിച്ച അദ്ദേഹം, കുറ്റ്യാടിയിൽ കണ്ടത് എന്ത് തരം യോജിപ്പാണെന്നും ചോദിച്ചു.

ആധുനികവൽക്കരണത്തിന്റെയും ശാസ്ത്രനേട്ടങ്ങളുടെയും കാലത്ത് തൊഴിലാളികളുടെ അധ്വാനഭാരം കുറയ്ക്കാനാണ് പരീക്ഷണങ്ങൾ ഉപയോഗിക്കേണ്ടത്.

എന്നാൽ ഇതിന് വിപരീതമായി തൊഴിലാളികളുടെ ജോലിഭാരം വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. തൊഴിലാളിവർഗം ജീവൻ കൊടുത്തു നേടിയ എട്ടു മണിക്കൂർ ജോലി എന്ന വ്യവസ്ഥ മാറ്റി, കോർപ്പറേറ്റ് മുതലാളിമാർക്ക് വേണ്ടി അത് 14 മണിക്കൂറാക്കി മാറ്റാനാണ് ഇന്ത്യ ഗവൺമെന്റ് തുനിയുന്നത്.

ഇത്തരം അപകടകരമായ നീക്കങ്ങൾക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മാത്രമാണ് ശരിയായ ബദൽ മുന്നോട്ടുവെക്കുന്നതെന്നും, തൊഴിലാളി വർഗത്തോടുള്ള കടപ്പാട് മൂലമാണ് വികസന മുന്നേറ്റ ജാഥ മാറ്റി വെച്ചതെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341635/congress-in-kerala-is-taking-an-anti-worker-stance-tp-ramakrishnan)