---
title: "പുതു ചരിത്രം....! നേപ്പാളിനെ ചുരുട്ടിക്കെട്ടി ഇറ്റലി; ലോകകപ്പിലെ കന്നിജയം 10 വിക്കറ്റിന്"
english_title: "Italy defeat Nepal by 10 wickets in T20 World Cup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341625/italy-defeat-nepal-by-10-wickets-in-t20-world-cup"
published_at: "2026-02-12T18:47:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698dd2f7d0726_ITALY.jpg"
keywords: []
---

# പുതു ചരിത്രം....! നേപ്പാളിനെ ചുരുട്ടിക്കെട്ടി ഇറ്റലി; ലോകകപ്പിലെ കന്നിജയം 10 വിക്കറ്റിന്

> **Lead Summary:** **മുംബൈ : ( **[www.truevisionnews.com]** )** ടി20 ലോകകപ്പിൽ നേപ്പാളിനെ പത്ത് വിക്കറ്റിന് പരാജയപെപ്പടുത്തി ഇറ്റലി. ലോകകപ്പ് ചരിത്രത്തിൽ ഇറ്റലി നേടുന്ന ആദ്യ ജയമാണിത്. സഹോദരന്മാരായ ജസ്റ്റിൻ മോസ്ക, ആന്റണി മോസ്ക എന്നിവരുടെ അർധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇറ്റലിയുടെ വിജയം. നേപ്പാൾ ഉയർത്തിയ 123 റൺസ് പിന്തുടർന്നിറങ്ങിയ ഇറ്റലി 12.4 ഓവറിൽ ലക്ഷ്യം മറികടന്നു.

## Article Content

**മുംബൈ : ( **[www.truevisionnews.com]** )** ടി20 ലോകകപ്പിൽ നേപ്പാളിനെ പത്ത് വിക്കറ്റിന് പരാജയപെപ്പടുത്തി ഇറ്റലി. ലോകകപ്പ് ചരിത്രത്തിൽ ഇറ്റലി നേടുന്ന ആദ്യ ജയമാണിത്. സഹോദരന്മാരായ ജസ്റ്റിൻ മോസ്ക, ആന്റണി മോസ്ക എന്നിവരുടെ അർധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇറ്റലിയുടെ വിജയം. നേപ്പാൾ ഉയർത്തിയ 123 റൺസ് പിന്തുടർന്നിറങ്ങിയ ഇറ്റലി 12.4 ഓവറിൽ ലക്ഷ്യം മറികടന്നു.

ടോസ് നേടി ആദ്യം ബോൾ ചെയ്ത ഇറ്റലി നേപ്പാളിനെ ബാറ്റിങിനയച്ചു. രണ്ടാം ഓവറിൽ ഓപണർ കുശാൽ ബുർട്ടലിനെ ജസ്റ്റിൻ മോസ്കയുടെ കയ്യിലെത്തിച്ച് അലി ഹസൻ നേപ്പാളിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. പിന്നാലെ ഇറങ്ങിയ രോഹിത് പാടലിനെ കൂട്ടുപിടിച്ച് ആസിഫ് ഷെയ്ക്ക് നേപ്പാൾ സ്‌കോർ ബോർഡ് പതിയെ ചലിപ്പിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ ഇറ്റാലിയൻ ബോളർമാർ വിക്കറ്റുകൾ വീഴ്ത്തി.

നാലോവറിൽ വെറും ഒമ്പത് റൺസ് മാത്രം വിട്ടുനൽകി ബെഞ്ചമിൻ മനെറ്റി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ കൃഷൻ കലുകമകെ മൂന്ന് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങിൽ ജസ്റ്റിൻ മോസ്ക - ആന്റണി മോസ്ക ഓപ്പണിങ് സഖ്യം ഇറ്റലിക്ക് അതിവേഗ തുടക്കമാണ് നൽകിയത്. അഞ്ചോവറിൽ അമ്പത് റൺസ് പിന്നിട്ട കൂട്ടുകെട്ട് 12.4 ഓവറിൽ ലക്ഷ്യം മറികടന്നു. 44 പന്തിൽ 5 ഫോറും 3 സിക്സുമടക്കം ജസ്റ്റിൻ 60 റൺസ് നേടിയപ്പോൾ 32 പന്തിൽ 3 ഫോറും 6 സിക്സുമടക്കം 62 റൺസാണ് ആന്റണിയുടെ സമ്പാദ്യം.

ആദ്യ മത്സരത്തിൽ സ്കോട്ലാൻഡിനോട് പരാജയപ്പെട്ട ഇറ്റലി രണ്ട് പോയിന്റുമായി ഗ്രൂപ്പ് സിയിൽ മൂന്നാമതും രണ്ട് മത്സരത്തിലും തോറ്റ നേപ്പാൾ അവസാന സ്ഥാനത്തുമാണ്. ഫെബ്രുവരി 16ന് ഇംഗ്ലണ്ടിന് എതിരെയാണ് ഇറ്റലിയുടെ അടുത്ത മത്സരം. വിൻഡീസാണ് നേപ്പാളിന്റെ അടുത്ത എതിരാളികൾ. ഫെബ്രുവരി 15ന് വാങ്കഡെയിലാണ് മത്സരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341625/italy-defeat-nepal-by-10-wickets-in-t20-world-cup)