---
title: "'മുരുകന്‍ കാട്ടാക്കടക്ക് രാഷ്ട്രീയ ബോധമുണ്ടോ...? സിപിഎം ഇനിയും അധികാരത്തിൽ വന്നാൽ ജനാധിപത്യം ഇല്ലാതാകും' - സച്ചി​ദാനന്ദനെ പിന്തുണച്ച് കൽപ്പറ്റ നാരായണൻ"
english_title: "If CPM comes to power again democracy will disappear Kalpetta Narayanan supports Sachidanandan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341556/if-cpm-comes-to-power-again-democracy-will-disappear-kalpetta-narayanan-supports-sachidanandan"
published_at: "2026-02-12T11:51:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d72caa26f3_kalppatta_narayanan.jpg"
keywords: []
---

# 'മുരുകന്‍ കാട്ടാക്കടക്ക് രാഷ്ട്രീയ ബോധമുണ്ടോ...? സിപിഎം ഇനിയും അധികാരത്തിൽ വന്നാൽ ജനാധിപത്യം ഇല്ലാതാകും' - സച്ചി​ദാനന്ദനെ പിന്തുണച്ച് കൽപ്പറ്റ നാരായണൻ

> **Lead Summary:**  തുടർ ഭരണം ആണ് പ്രശ്നം, ഭരണമാറ്റം വേണം....? നിയമ സഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സജീവ ചർച്ചയായി തുടർ ഭരണം. തുടർ ഭരണം സി പി എമ്മിനെ ദുർബലമാക്കുമെന്നു പ്രസ്താവന നടത്തിയ കെ സച്ചിദാനന്ദനെ പിന്തുണച്ച് സാഹിത്യകാരൻ കല്പറ്റ നാരായണൻ രം​ഗത്ത്. സിപിഎം ഇനിയും അധികാരത്തിൽ എത്തിയാൽ ജനാധിപത്യം ഇല്ലാതാകുമെന്നു കൽപ്പറ്റ നാരായണൻ പറഞ്ഞു. ഇടതു തുടർഭരണത്തിൽ സ്വജന പക്ഷപാതം കാരണം കമ്മ്യുണിസ്റ്റുകൾ അല്ലാത്തവർക്ക് അതിജീവനം പ്രയാസമാകും.

## Article Content

 തുടർ ഭരണം ആണ് പ്രശ്നം, ഭരണമാറ്റം വേണം....? നിയമ സഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സജീവ ചർച്ചയായി തുടർ ഭരണം. തുടർ ഭരണം സി പി എമ്മിനെ ദുർബലമാക്കുമെന്നു പ്രസ്താവന നടത്തിയ കെ സച്ചിദാനന്ദനെ പിന്തുണച്ച് സാഹിത്യകാരൻ കല്പറ്റ നാരായണൻ രം​ഗത്ത്. സിപിഎം ഇനിയും അധികാരത്തിൽ എത്തിയാൽ ജനാധിപത്യം ഇല്ലാതാകുമെന്നു കൽപ്പറ്റ നാരായണൻ പറഞ്ഞു. ഇടതു തുടർഭരണത്തിൽ സ്വജന പക്ഷപാതം കാരണം കമ്മ്യുണിസ്റ്റുകൾ അല്ലാത്തവർക്ക് അതിജീവനം പ്രയാസമാകും.

സച്ചിദാനന്ദന്‍ സിപിഎമ്മിനെ കുറിച്ച് പറഞ്ഞത് സദുദ്ദേശത്തോടെയായിരിക്കും. ആരു ഭരിച്ചാലും റോഡും പാലവും ഉണ്ടാകും. സച്ചിദാനന്ദനെ വിമര്‍ശിച്ച മുരുകന്‍ കാട്ടാക്കടക്ക് രാഷ്ട്രീയ ബോധമുണ്ടോയെന്ന് സംശയിക്കുന്നുവെന്നും മുരുകന്‍ സിപിഎം വക്തായാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന ചില സ്ഥലങ്ങ​ളെ പോലെയായി കേരളം മാറും. കേരളത്തിൽ പാർട്ടിയുടെ സമുന്നതനായ സെക്രട്ടറി സ്വന്തം വാർഡിൽ എതിരാളികളുണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നത്. ഇത്തരം ആഗ്രഹങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇപ്പോൾ ഉയർന്നു വരുന്നുണ്ടെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു.

തുടർഭരണമുണ്ടായാൽ രണ്ട് ടേമുകളിലായി അവർ ചെയ്ത തെറ്റുകളെല്ലാം നീതികരിക്കപ്പെടും. വർഗബോധം എന്നതിൽ സ്വജനപക്ഷപാതത്തിലേക്ക് മാറിയെന്നതാണ് കഴിഞ്ഞ രണ്ട് ​ടേമിലെ ഭരണം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവണതകൾ അടുത്തഘട്ടത്തിൽ തീവ്രമായി തീരും. കമ്യൂണിസ്റ്റുകളോ കമ്യൂണിസ്റ്റ് അനുഭാവികളോ അല്ലാത്തവർക്ക് കേരളത്തിൽ അതിജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ വികസനം നടന്നുവെന്നാണ് ഇടതുപക്ഷം പറയുന്നത്. ഇത് ബി.ജെ.പിയുടേയും മുദ്രാവാക്യമാണ്. ബി.ജെ.പിയോ ഇടതുസർക്കാറോ അല്ല ഈ വികസനത്തിന് പിന്നിൽ. ആഗോളതലത്തിൽ തന്നെ അതിത്വരിതമായി ഒരു നഗരവൽക്കരണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗാമായാണ് വികസനം നടന്നത്. ആര് ഭരിച്ചാലും ഈ വികസനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തുടർഭരണ വിവാദത്തിന് വിരാമമിട്ട് സാഹിത്യ അക്കാദമി ചെയർമാനും കവിയുമായ കെ. സച്ചിദാനന്ദൻ. സ്വയം വിമര്‍ശനം ഇല്ലെങ്കില്‍ അപ്രമാദിത്വം തോന്നാമെന്ന് പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുന്നു. പൊതുതത്വത്തെപ്പോലും ഇവിടുത്തെ പാര്‍ട്ടിയുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്നു. നിരന്തരം വലതുപക്ഷത്തെ വിമര്‍ശിച്ച് പോസ്റ്റ് ഇടുന്നത് കാണുന്നു പോലുമില്ലെന്നും സച്ചിദാനന്ദന്‍. ഇനി ഈ വിഷയത്തില്‍ പ്രതികരണത്തിനില്ലെന്നും കെ. സച്ചിദാനന്ദൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

**ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:**

***ഇടതുപക്ഷത്തു നിന്നാണ് ഇടതു പക്ഷത്തിന്റെ വീഴ്ചകളെ വിമര്‍ശിക്കുന്നതെന്നും കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ ഏത് പാര്‍ട്ടി ഭരിച്ചാലും സ്വയം വിമര്‍ശനം ഇല്ലെങ്കില്‍ അപ്രമാദിത്വം തോന്നാമെന്നും ഞാന്‍ എത്രയോ കുറി പറഞ്ഞതിനെ എന്തെല്ലാമായാണ് ഇവിടെയും പൊതുമാധ്യമങ്ങളിലും വ്യാഖ്യാനിക്കുന്നത് എന്ന് തമാശയോടെ കാണുന്നു. ***

***പ്രതികരണങ്ങള്‍ കാണുമ്പോൾ ചില സുഹൃത്തുക്കള്‍ക്ക് വേദനിച്ചു എന്ന് കണ്ട് പോസ്റ്റില്‍ ഒരു വാക്കു തിരുത്തിയാല്‍ പോലും വാര്‍ത്തയാണ്. ഇതിനെയും നമ്മുടെ സമൂഹം എഴുത്തുകാര്‍ക്ക് നല്‍കുന്ന പ്രാധാന്യമായി വ്യാഖ്യാനിച്ച് അഭിമാനം കൊള്ളാം. ഒരു പൊതു തത്വത്തെപ്പോലും ഇവിടത്തെ പാര്‍ട്ടിയുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്ന അല്‍പ്പ ബുദ്ധികൾ ഞാന്‍ നിരന്തരം വലതുപക്ഷത്തെ വിമര്‍ശിച്ചു പോസ്റ്റു ഇടുന്നത് കാണുന്നു പോലുമില്ല. ഏതായാലും കുറെ പേര്‍ക്ക് ഉപജീവനം ആകാൻ കഴിഞ്ഞതില്‍ സന്തോഷം.***

***ഇനി ഈ വിഷയത്തില്‍ പ്രതികരണം ഇല്ല. ക്ഷമിക്കുക, അല്‍പ്പം സമയമേയുള്ളൂ. ജല്‍പ്പനങ്ങള്‍ക്ക് പ്രതികരിച്ച് അത് കളയാനുമില്ല. ഇതും ഉദ്ധരിക്കാം. നാളെയ്ക്കുള്ള വഴി ആയല്ലോ.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341556/if-cpm-comes-to-power-again-democracy-will-disappear-kalpetta-narayanan-supports-sachidanandan)