---
title: "മുടി പോയി, കൂടെ കോടികളും! തെറ്റായി മുടിവെട്ടി, നഷ്ടപരിഹാരം രണ്ടു കോടിയിൽനിന്ന് 25 ലക്ഷമായി കുറച്ച് സുപ്രീംകോടതി"
english_title: "Wrong haircut; Supreme Court reduces compensation from 2 crores to 25 lakhs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341506/wrong-haircut-supreme-court-reduces-compensation-from-2-crores-to-25-lakhs"
published_at: "2026-02-12T06:38:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d284911c9d_HAIR.jpg"
keywords: []
---

# മുടി പോയി, കൂടെ കോടികളും! തെറ്റായി മുടിവെട്ടി, നഷ്ടപരിഹാരം രണ്ടു കോടിയിൽനിന്ന് 25 ലക്ഷമായി കുറച്ച് സുപ്രീംകോടതി

> **Lead Summary:** **ന്യൂഡൽഹി: ** സലൂണിൽ മോശമായി മുടിവെട്ടിയതിന് ദേശീയ ഉപഭോക്തൃ കോടതി യുവതിക്ക് നൽകാൻ ഉത്തരവിട്ട നഷ്ടപരിഹാര തുക കുറച്ച് സുപ്രീംകോടതി. ആഡംബര ഹോട്ടലിലെ സലൂണിൽ തെറ്റായി മുടിവെട്ടിയതിന് സ്ത്രീക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ഉപഭോക്തൃ കോടതി വിധി.

## Article Content

**ന്യൂഡൽഹി: ** സലൂണിൽ മോശമായി മുടിവെട്ടിയതിന് ദേശീയ ഉപഭോക്തൃ കോടതി യുവതിക്ക് നൽകാൻ ഉത്തരവിട്ട നഷ്ടപരിഹാര തുക കുറച്ച് സുപ്രീംകോടതി. ആഡംബര ഹോട്ടലിലെ സലൂണിൽ തെറ്റായി മുടിവെട്ടിയതിന് സ്ത്രീക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ഉപഭോക്തൃ കോടതി വിധി.

ഭീമമായ ഈ നഷ്ടപരിഹാര തുകയാണ് സുപ്രീംകോടതി 25 ലക്ഷം രൂപയായി കുറച്ചത്. സേവനം നൽകുന്നതിൽ പോരായ്മ സംഭവിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം ഉപഭോക്തൃ തർക്കങ്ങളിൽ നഷ്ടപരിഹാരം കണക്കാക്കേണ്ടതെന്നും അല്ലാതെ പരാതിക്കാരൻ ചോദിച്ചപോലെ നൽകരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

പരാതിക്കാരന്റെ അനുമാനങ്ങളുടെയോ ആഗ്രഹങ്ങളുടെയോ അടിസ്ഥാനത്തിൽ മാത്രം നഷ്ടപരിഹാരം നൽകാൻ കഴിയില്ല. നഷ്ടപരിഹാരം നൽകുന്നതിനുള്ള കേസ് തെളിയിക്കാൻ പ്രത്യേകിച്ച് കോടിക്കണക്കിന് രൂപയുടെ ക്ലെയിം ഉള്ള സാഹചര്യത്തിൽ വിശ്വസനീയമായ ചില തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും വിധി പറഞ്ഞ ജസ്റ്റിസ് ബിൻഡാൽ പറഞ്ഞു. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ പരിഗണിക്കേണ്ട കേസല്ല ഇതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

2018 ഏപ്രിലിലാണ് പരാതിക്കാധാരമായ സംഭവം നടന്നത്. പരാതിക്കാരിയും മാനേജ്മെന്റ് പ്രഫഷനലുമായ ആഷ്ണ റോയി ഡൽഹിയിലെ ഐ.ടി.സി മയൂര ഹോട്ടലിലെ സലൂണിൽ മുടിവെട്ടാനെത്തി. എന്നാൽ, താൻ ആവശ്യപ്പെട്ടതിലും കൂടുതൽ മുടി വെട്ടിയെന്നാണ് ആഷ്ണയുടെ പരാതി.

അത് തനിക്ക് മാനസികാഘാതമുണ്ടാക്കിയെന്നും നിരവധി മോഡലിങ് അവസരങ്ങളും കരിയർ സാധ്യതകളും ഇല്ലാതാക്കിയെന്നും അവർ ആരോപിച്ചു. ദേശീയ ഉപഭോക്തൃ കോടതിയെ സമീപിച്ചപ്പോഴാണ് പരാതിക്കാരിക്ക് സലൂൺ രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചത്. തുടർന്ന് വിധിക്കെതിരെ ഐ.ടി.സി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341506/wrong-haircut-supreme-court-reduces-compensation-from-2-crores-to-25-lakhs)