---
title: "ദീപക്കിന്റെ ആത്മഹത്യ: 'ഒന്നും പറയാനില്ല', 21 ദിവസങ്ങൾക്ക് ശേഷം ഷിംജിത ജയിലിന് പുറത്തേക്ക്"
english_title: "Sexual assault on bus, Deepak's death, ShimjitaMustafa released from jail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341471/sexual-assault-on-bus-deepaks-death-shimjitamustafa-released-from-jail-NEW"
published_at: "2026-02-11T19:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c8f8b1c0a1_SHIMJITHA.jpg"
keywords: []
---

# ദീപക്കിന്റെ ആത്മഹത്യ: 'ഒന്നും പറയാനില്ല', 21 ദിവസങ്ങൾക്ക് ശേഷം ഷിംജിത ജയിലിന് പുറത്തേക്ക്

> **Lead Summary:** **കോഴിക്കോട്: **ബസിൽ ലൈം​ഗികാതിക്രമം നേരിട്ടെന്ന ആരോപണമുന്നയിച്ചതിന് പിന്നാലെ ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ റിമാൻഡിലായിരുന്ന ഷിംജിത മുസ്തഫ ജയിലിൽ നിന്ന് പുറത്തിറങ്ങി.

## Article Content

**കോഴിക്കോട്: **ബസിൽ ലൈം​ഗികാതിക്രമം നേരിട്ടെന്ന ആരോപണമുന്നയിച്ചതിന് പിന്നാലെ ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ റിമാൻഡിലായിരുന്ന ഷിംജിത മുസ്തഫ ജയിലിൽ നിന്ന് പുറത്തിറങ്ങി.

ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് ഷിംജിതയുടെ മറുപടി. 21 ദിവസങ്ങൾക്ക് ശേഷമാണ് ഷിംജിതയ്ക്ക് ഇന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. കോഴിക്കോട് ജില്ല ജയിലിലായിരുന്നു ഷിംജിത ഉണ്ടായിരുന്നത്.

അതേസമയം ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ ഷിംജിതയ്ക്ക് ജാമ്യം നൽകിയതിൽ പ്രതികരണവുമായി ദീപക്കിൻ്റെ കുടുംബം. ജാമ്യം ലഭിച്ചത് നിരാശയുണ്ടാക്കി. അവൾക്ക് ജാമ്യം ലഭിക്കാൻ പാടില്ലായിരുന്നുവെന്നും കുടുംബം പറഞ്ഞു. ദീപക്കിന് നീതി ലഭിക്കുന്നത് വരെ നിയമപരമായി മുന്നോട്ടുപോകുമെന്നും കുടുംബം വ്യക്തമാക്കി.

കേസിൽ 22 ദിവസങ്ങൾക്ക് ശേഷമാണ് പ്രതി ഷിംജിതയ്ക്ക് ജാമ്യം ലഭിച്ചത്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം പ്രതിക്ക് അനുവദിച്ചത്. കേസിൽ കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട കോടതി ഇന്ന് വിധി പ്രഖ്യാപനത്തിനായി ഹർജി മാറ്റുകയായിരുന്നു.

അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല തുടങ്ങിയ ഉപാധികളുമുണ്ട്. നേരത്തേ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഷിംജിത പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ അഡ്വ. ശ്രീജയും പ്രതിക്കുവേണ്ടി അഡ്വ. എം. സുഷമയുമാണ് ഹാജരായത്.

ഷിംജിതയുടെ ലാപ്‌ടോപ്, ഫോൺ എന്നിവയുടെ ഫൊറൻസിക് പരിശോധനാഫലം വരുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ, 21 ദിവസമായി ജയിലിലാണെന്നും ഫൊറൻസിക് ഫലം വരുന്നതുവരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നും പ്രതിഭാഗവും കോടതിയിൽ പറഞ്ഞു. ബസിൽ ലൈംഗികാതിക്രമം നടന്നെന്ന വാദവും പ്രതിഭാഗം ആവർത്തിച്ചു. യുവതിയുടെ മാനസിക പീഡനവും ഭീഷണിയുമാണ് ദീപക്കിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് കുടുംബം പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341471/sexual-assault-on-bus-deepaks-death-shimjitamustafa-released-from-jail-NEW)