---
title: "വിദേശ തൊഴിൽ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിക്കാൻ 'കെയ്‌സ്'; ജർമനിയിൽ 1500 പേർക്ക് അവസരമൊരുങ്ങുന്നു"
english_title: "'Case'; Opportunities are being prepared for 1500 people in Germany"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341426/case-opportunities-are-being-prepared-for-1500-people-in-germany"
published_at: "2026-02-11T15:29:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c536327907_EDU.jpg"
keywords: []
---

# വിദേശ തൊഴിൽ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിക്കാൻ 'കെയ്‌സ്'; ജർമനിയിൽ 1500 പേർക്ക് അവസരമൊരുങ്ങുന്നു

> **Lead Summary:** **[[truevisionnews.com]]** കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് വിദേശത്ത് നൈപുണ്യ പരിശീലനവും മികച്ച തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതിനായി സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെയ്‌സ്) പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നു.

## Article Content

**[[truevisionnews.com]]** കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് വിദേശത്ത് നൈപുണ്യ പരിശീലനവും മികച്ച തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതിനായി സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെയ്‌സ്) പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നു.

വരാനിരിക്കുന്ന ഇൻഡോ-ജർമൻ ട്രേഡ് ഫെയറിലൂടെ 1500 പേർക്ക് ജർമനിയിൽ പരിശീലനവും ജോലിയും ലഭ്യമാക്കുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്രതിമാസം 1.08 ലക്ഷം രൂപ സ്റ്റൈപൻഡോടെയുള്ള ഈ നൈപുണ്യ പരിശീലനം ഉദ്യോഗാർത്ഥികൾക്ക് വലിയൊരു മുതൽക്കൂട്ടാകും.

ജർമൻ ഭാഷാ പഠനത്തിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരത്ത് ഒരു 'ജർമൻ ഡ്യുവൽ എജ്യുക്കേഷൻ സെൻ്റർ' സ്ഥാപിക്കാനുള്ള നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.

ജർമനിയിലെ ഹെസ്സെ സംസ്ഥാനവുമായി സഹോദര സംസ്ഥാന പങ്കാളിത്ത കരാർ ഒപ്പിടുന്നതിലൂടെ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ കൂടുതൽ സഹകരണം സാധ്യമാകും. ഇതിനുപുറമെ, നെക്‌സ്‌റ്റ്‌ജെൻ സ്‌റ്റാർട്ടപ് ഫാക്‌ടറിയുമായി സഹകരിച്ച് 3000 കോടിയുടെ നിക്ഷേപവും 300 ഡീപ് ടെക് സ്‌റ്റാർട്ടപ്പുകളും സംസ്ഥാനം ലക്ഷ്യമിടുന്നുണ്ട്.

തൊഴിൽ വിപണിയിലെ കൃത്യമായ കണക്കുകൾ ലഭ്യമാക്കുന്നതിനായി മണ്ഡലം അടിസ്ഥാനത്തിൽ വിപുലമായ മനുഷ്യവിഭവശേഷി സർവേയും സർക്കാർ സംഘടിപ്പിക്കും. വിദ്യാർത്ഥികൾ, മടങ്ങിയെത്തിയ പ്രവാസികൾ, തൊഴിൽരഹിതർ തുടങ്ങിയവരുടെ വിവരശേഖരണത്തിനായി നടത്തുന്ന ഈ സർവേയുടെ പൈലറ്റ് പ്രോജക്റ്റ് ഫെബ്രുവരി 16-ന് നേമം മണ്ഡലത്തിൽ തുടക്കം കുറിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341426/case-opportunities-are-being-prepared-for-1500-people-in-germany)