---
title: "സൂരജ് ലാമയുടെ മരണം; വിശദമായ അന്വേഷണത്തിന് നിർദ്ദേശം"
english_title: "Suraj Lama's death; Detailed investigation ordered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341386/suraj-lamas-death-detailed-investigation-ordered"
published_at: "2026-02-11T13:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c3846800dd_SURAJLAMA.jpg"
keywords: []
---

# സൂരജ് ലാമയുടെ മരണം; വിശദമായ അന്വേഷണത്തിന് നിർദ്ദേശം

> **Lead Summary:** **കൊച്ചി: **സൂരജ് ലാമയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊലീസിന് ഹൈക്കോടതിയുടെ നിർദ്ദേശം.

## Article Content

**കൊച്ചി: **സൂരജ് ലാമയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊലീസിന് ഹൈക്കോടതിയുടെ നിർദ്ദേശം.

കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘത്തിന് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

സൂരജ് ലാമ ഇന്ത്യയിൽ എത്തിയത് മുതൽ മൃതദേഹം കണ്ടെത്തിയത് വരെയുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാമെന്നും കോടതി പറഞ്ഞു.

പോസ്റ്റ്‌മോർട്ടത്തിൽ മരണ കാരണം വ്യക്തമല്ലാത്തതിനാൽ കൊലപാതക സാധ്യതയും അന്വേഷിക്കാവുന്നതാണ് എന്നും ഹൈക്കോടതി നിർദ്ദേശിച്ചു. മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.

ഇക്കഴിഞ്ഞ നവംബര്‍ 30നായിരുന്നു സൂരജ് ലാമയുടെ മൃതദേഹം എച്ച്എംടി കമ്പനിക്ക് മുന്‍ഭാഗത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്. രണ്ട് മാസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.

ഫെബ്രുവരി ആറിന് ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം ലാമയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം അറിയിച്ചപ്പോള്‍ പൊലീസിനെ രൂക്ഷമായ ഭാഷയിലായിരുന്നു ഹൈക്കോടതി വിമര്‍ശിച്ചത്. നാണക്കേട് തോന്നുന്നുവെന്നും ഈ സിസ്റ്റത്തിന് വേണ്ടി സൂരജ് ലാമയുടെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം ബി സ്‌നേഹലതയും അടങ്ങിയ ബെഞ്ച് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341386/suraj-lamas-death-detailed-investigation-ordered)