---
title: "'സർക്കാരിന്റെ ആനുകൂല്യങ്ങൾ പറ്റുന്ന സ്ഥാനത്തിരുന്ന് അവർക്കെതിരെ പറയുന്നത് ശരിയല്ല'; സച്ചിദാനന്ദന്റെ രാഷ്‌ട്രീയവിമർശനം അപക്വവും ബാലിശവുമെന്ന് മുരുകൻ കാട്ടാക്കട"
english_title: "Immature political criticism Murukan Kattakkada slams Satchidanandan over remarks against Kerala government"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341372/immature-political-criticism-murukan-kattakkada-slams-satchidanandan-over-remarks-against-kerala-government"
published_at: "2026-02-11T12:44:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c2d6a044a0_murukan_kattakkada.jpg"
keywords: []
---

# 'സർക്കാരിന്റെ ആനുകൂല്യങ്ങൾ പറ്റുന്ന സ്ഥാനത്തിരുന്ന് അവർക്കെതിരെ പറയുന്നത് ശരിയല്ല'; സച്ചിദാനന്ദന്റെ രാഷ്‌ട്രീയവിമർശനം അപക്വവും ബാലിശവുമെന്ന് മുരുകൻ കാട്ടാക്കട

> **Lead Summary:** **( **[www.truevisionnews.com]** )** സർക്കാരിന്റെ തുടർഭരണത്തിനെതിരെ കവിയും കേരള സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദൻ നടത്തിയ പ്രസ്‌താവനയെ വിമർശിച്ച് മുരുകൻ കാട്ടാക്കട. സച്ചിദാനന്ദന്റേത് അപക്വമായ പ്രതികരണമാണെന്നും സർക്കാരിന്റെ ആനുകൂല്യങ്ങൾ പറ്റുന്ന സ്ഥാനത്തിരുന്ന് അവർക്കെതിരെ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം ഒരു പ്രമുഖമാദ്ധ്യമത്തോട് പറഞ്ഞു.

## Article Content

**( **[www.truevisionnews.com]** )** സർക്കാരിന്റെ തുടർഭരണത്തിനെതിരെ കവിയും കേരള സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദൻ നടത്തിയ പ്രസ്‌താവനയെ വിമർശിച്ച് മുരുകൻ കാട്ടാക്കട. സച്ചിദാനന്ദന്റേത് അപക്വമായ പ്രതികരണമാണെന്നും സർക്കാരിന്റെ ആനുകൂല്യങ്ങൾ പറ്റുന്ന സ്ഥാനത്തിരുന്ന് അവർക്കെതിരെ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം ഒരു പ്രമുഖമാദ്ധ്യമത്തോട് പറഞ്ഞു.

'സച്ചിദാനന്ദൻ പറയുന്ന രാഷ്‌ട്രീയ അഭിപ്രായങ്ങൾ അപക്വവും ബാലിശവുമാണ്. കാരണം അദ്ദേഹം ഒരു രാഷ്‌ട്രീയപ്രവർത്തകനല്ല. സച്ചിമാഷ് സാഹിത്യത്തെക്കുറിച്ച് എന്ത് പറഞ്ഞാലും അതിന് ആധികാരികതയുണ്ടാകും. രാഷ്‌ട്രീയപ്രസ്‌താവനകൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. സർക്കാർ നൽകിയ പദവിയിലിരുന്നല്ല വിമർശിക്കേണ്ടത്.

സച്ചിമാഷിന്റെ രാഷ്‌ട്രീയ ഭൂമിക ഡൽഹിയാണ്. അദ്ദേഹത്തിന് അവിടത്തെ രാഷ്‌ട്രീയം മാത്രമാണ് പരിചയം' -മുരുകൻ കാട്ടാക്കട പറഞ്ഞു. ഡൽഹിയിലെയും കേരളത്തിലെയും സാഹചര്യം വ്യത്യസ്‌തമാണെന്ന്‌ അദ്ദേഹം തിരിച്ചറിയണമെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു.വിഷയത്തിൽ സച്ചിദാനന്ദനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു.

വിമർശനങ്ങൾക്കിടയിലും നിലപാടിൽ ഉറച്ചുനിൽക്കുന്നതായി സച്ചിദാനന്ദൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. താൻ പറയുന്നതിൻ്റെ അർഥം സൈബർ മൂഢന്മാർക്ക് അറിയില്ലെന്നും മാർക്സിസം പ്രവർത്തിക്കേണ്ടത് മധ്യവർഗത്തെ തൃപ്തിപ്പെടുത്താൻ അല്ലെന്നും സച്ചിദാനന്ദൻ ഫേസ് ബുക്കിൽ കുറിച്ചു. വിമർശിക്കുന്ന അജ്ഞന്മാർ രാഷ്ട്രീയ പാർട്ടികളുടെ ഒത്തുതീർപ്പുകളെ കുറിച്ച് സംസാരിക്കുന്നില്ലെന്നും സച്ചിദാനന്ദൻ വിമർശിച്ചു.

അദൃശ്യരേയും ശബ്ദമില്ലാത്തവരെയും കേൾക്കുന്നതാണ് യഥാർത്ഥ ജനാധിപത്യം. മാർക്സിസത്തിന് മുന്നോട്ടുപോകാനുള്ള ഏകവഴി ഇതാണ്. ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ശക്തിപ്പെടുത്താൻ ശ്രമിക്കണം അല്ലാതെ ഉപരി മധ്യവർഗത്തെ വികസനം പറഞ്ഞ് സന്തോഷിപ്പിക്കുക ആവരുത് എന്നും അദ്ദേഹം കുറിച്ചു. ആധുനിക മാർക്സിസ്റ്റ് ചിന്തകൻ ജാക്ക്വേസ് റൺസിയറിനെ ഉദ്ധരിച്ചാണ് സച്ചിദാനന്ദൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

സൈബർ ലോകത്തെ വിഡ്ഢികൾ തന്റെ വിമർശനം എന്തെന്ന് മനസിലാക്കുന്നുപോലുമില്ല. അവർ എന്നെ വായിച്ചിട്ടില്ല, എന്‍റെ പോരാട്ടങ്ങൾ എന്തെന്ന് അറിയുന്നുമില്ല. അടിയന്തരാവസ്ഥ കാലത്തെ അറസ്റ്റ് മുതൽ കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്നുള്ള രാജി വരെ വിശദമാക്കിയാണ് സച്ചിദാനന്ദൻ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഒരു പദവിക്ക് വേണ്ടിയും ആരുടെ പിന്നാലെയും പോയിട്ടില്ലെന്നും സൈബർ ലോകത്തെ അജ്ഞരായ വിമർശകർക്ക് വേണ്ടി ഇത് വിശദീകരിക്കുന്നതിൽ നാണക്കേടുണ്ടെന്നും സച്ചിദാന്ദൻ കുറിപ്പില്‍ പറഞ്ഞു.

എഴുത്തുകാരി സാറാ ജോസഫ് ഉൾപ്പടെയുള്ളവർ സച്ചിദാനന്ദന്റെ നിലപാടിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളും നശിക്കുന്നത് ഏകാധിപത്യത്തിലേക്ക് പോകുമ്പോഴാണെന്നും ഭരണം മാറുന്നത് ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നുമായിരുന്നു സാറാജോസഫിന്റെ വിമർശനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341372/immature-political-criticism-murukan-kattakkada-slams-satchidanandan-over-remarks-against-kerala-government)