---
title: "പുതിയ ആണവ കരാറിൽ എത്തിച്ചേർന്നില്ലെങ്കിൽ ഇറാനെതിരെ നടപടി സ്വീകരിക്കും - ഡോണൾഡ് ട്രംപ്"
english_title: "Donald Trump: We will take action against Iran if we do not reach a new nuclear deal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341305/donald-trump-we-will-take-action-against-iran-if-we-do-not-reach-a-new-nuclear-deal"
published_at: "2026-02-11T07:41:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698be5bb47ed7_7.jpg"
keywords: []
---

# പുതിയ ആണവ കരാറിൽ എത്തിച്ചേർന്നില്ലെങ്കിൽ ഇറാനെതിരെ നടപടി സ്വീകരിക്കും - ഡോണൾഡ് ട്രംപ്

> **Lead Summary:** പുതിയ ആണവ കരാറിൽ എത്തിച്ചേർന്നില്ലെങ്കിൽ ഇറാനെതിരെ അതിശക്തമായ സൈനിക നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.

## Article Content

പുതിയ ആണവ കരാറിൽ എത്തിച്ചേർന്നില്ലെങ്കിൽ ഇറാനെതിരെ അതിശക്തമായ സൈനിക നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.

പശ്ചിമേഷ്യയിൽ നിലവിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കണ് പുറമേ, രണ്ടാമതൊരു വിമാനവാഹിനിക്കപ്പൽ കൂടി മേഖലയിലേക്ക് അയക്കുന്ന കാര്യം വൈറ്റ് ഹൗസിന്റെ പരിഗണനയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒമാനിൽ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ തമ്മിൽ പരോക്ഷ ചർച്ചകൾ നടന്നതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഭാഗത്തുനിന്നുള്ള ഈ ഭീഷണി.

അതേസമയം, നയതന്ത്ര നീക്കങ്ങളുമായി ഇറാനും സജീവമാണ്. ഇറാൻ പരമോന്നത നേതാവിന്റെ മുഖ്യ സുരക്ഷാ ഉപദേശകൻ അലി ലാരിജാനി ഒമാൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി.

ലാരിജാനി ഉടൻ ഖത്തറിലെത്തുമെന്നും സൂചനയുണ്ട്. നേരത്തെ നടന്ന ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെ ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു.

സാമ്പത്തിക ഉപരോധങ്ങൾ പിൻവലിച്ചാൽ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് കുറയ്ക്കാമെന്ന് ഇറാൻ ആണവ മേധാവി മുഹമ്മദ് ഇസ്ലാമി അറിയിച്ചിട്ടുണ്ടെങ്കിലും, മിസൈൽ പദ്ധതികൾ കൂടി നിയന്ത്രിക്കണമെന്ന കടുത്ത നിലപാടിലാണ് അമേരിക്ക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341305/donald-trump-we-will-take-action-against-iran-if-we-do-not-reach-a-new-nuclear-deal)