---
title: "ശബരിമല സ്വർണക്കൊള്ള കേസ്; എൻ. വാസുവിന്റെ ജാമ്യഹരജിയിൽ ഇന്ന് വിധി"
english_title: "Sabarimala gold robbery case; Verdict on N. Vasu's bail plea today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341303/sabarimala-gold-robbery-case-verdict-on-n-vasus-bail-plea-today"
published_at: "2026-02-11T07:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698bdc8f14202_4.jpg"
keywords: []
---

# ശബരിമല സ്വർണക്കൊള്ള കേസ്; എൻ. വാസുവിന്റെ ജാമ്യഹരജിയിൽ ഇന്ന് വിധി

> **Lead Summary:** ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ. വാസുവിന്റെ ജാമ്യഹരജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും.

## Article Content

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ. വാസുവിന്റെ ജാമ്യഹരജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും.

കേസിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ എൻ. വാസുവിന് ഇന്ന് സ്വാഭാവിക ജാമ്യം ലഭിക്കാനാണ് സാധ്യത. 2025 നവംബർ 11-നാണ് കേസിൽ മൂന്നാം പ്രതിയായ ഇദ്ദേഹം അറസ്റ്റിലായത്.

വാസുവിനൊപ്പം തന്നെ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ബൈജുവിനും വരും ദിവസങ്ങളിൽ സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങും.

അതേസമയം, കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യഹരജിയിൽ ഈ മാസം 18-നായിരിക്കും കോടതി വിധി പറയുക. കേസിൽ നേരിട്ട് പങ്കുണ്ടെന്ന എസ്‌ഐടി വാദങ്ങൾക്കിടയിലും, അന്വേഷണസംഘത്തിന്റെ കാലതാമസമാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ അനുകൂലമാകുന്നത്. നേരത്തെ കേസിലെ മറ്റ് പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എസ്. ശ്രീകുമാർ, സുധീഷ് കുമാർ എന്നിവർ ജയിൽ മോചിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341303/sabarimala-gold-robbery-case-verdict-on-n-vasus-bail-plea-today)