---
title: "കുമ്പിച്ചാൽകടവ് പാലം വികസന ചരിത്രത്തിൻ്റെ പുതിയ അധ്യായമാകും - പിണറായി വിജയൻ"
english_title: "Kumpichalkadavu bridge will be a new chapter in development history; Pinarayi Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341302/kumpichalkadavu-bridge-will-be-a-new-chapter-in-development-history-pinarayi-vijayan-NEW"
published_at: "2026-02-11T06:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698bd8ba81357_3.jpg"
keywords: []
---

# കുമ്പിച്ചാൽകടവ് പാലം വികസന ചരിത്രത്തിൻ്റെ പുതിയ അധ്യായമാകും - പിണറായി വിജയൻ

> **Lead Summary:** പാറശാല മണ്ഡലത്തിന്റെ വികസന ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കുമ്പിച്ചാൽകടവ് പാലം നാടിന് സമർപ്പിക്കാൻ സജ്ജമായതായി മുഖ്യമന്ത്രി പിണറായി വിജയൻ.

## Article Content

പാറശാല മണ്ഡലത്തിന്റെ വികസന ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കുമ്പിച്ചാൽകടവ് പാലം നാടിന് സമർപ്പിക്കാൻ സജ്ജമായതായി മുഖ്യമന്ത്രി പിണറായി വിജയൻ.

അമ്പൂരി നിവാസികളുടെ അഞ്ച് പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനാണ് ഇതോടെ ശുഭപര്യവസാനമാകുന്നത്. പാലം യാഥാർഥ്യമായതോടെ പ്രദേശത്തെ 11 ആദിവാസി ഊരുകളിലെ 1700-ഓളം കുടുംബങ്ങളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

'അമ്പൂരി നിവാസികളുടെ അരനൂറ്റാണ്ടു നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കുമ്പിച്ചൽകടവ് പാലം നാളെ പൊതുജനങ്ങൾക്കായി തുറന്നു നൽകും. നെയ്യാർ ഡാം വന്നതോടെ ഒറ്റപ്പെട്ടുപോയ തൊടുമല, കാരിക്കുഴി തുടങ്ങി 11 ആദിവാസി ഊരുകളിലെ 1700-ലധികം കുടുംബങ്ങൾക്ക് ഇനി തോണിയെ ആശ്രയിക്കാതെ മറുകരയെത്താം. കിഫ്ബിയുടെ 24 കോടി രൂപ ധനസഹായത്തോടെയാണ് അതിസങ്കീർണമായ ഈ നിർമ്മാണം പൂർത്തിയാക്കിയത്.

സാങ്കേതികമായി ഏറെ സങ്കീർണ്ണമായ നിർമ്മാണ രീതികളാണ് ഈ പാലത്തിനായി അവലംബിച്ചത്. കേരളത്തിൽ ഒരു ഡാം റിസർവോയറിന് കുറുകെ നിർമ്മിക്കുന്ന ഏറ്റവും വലിയ പാലമാണിത്.

വികസനത്തിനൊപ്പം ടൂറിസം സാധ്യതകൾക്കും ഈ പാലം വഴിതുറക്കും. അപ്രോച്ച് റോഡുകൾക്ക് പുറമെ കടവിലേക്ക് ഇറങ്ങുന്നതിനായി 4 മീറ്റർ വീതിയുള്ള പ്രത്യേക സർവീസ് റോഡും പണിതിട്ടുണ്ട്.

നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കാൻ ഒരുങ്ങുന്ന കുമ്പിച്ചൽകടവ് പാലം അമ്പൂരിയുടെയും പാറശ്ശാല മണ്ഡലത്തിന്റെയും വികസന ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറും' എന്നിങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341302/kumpichalkadavu-bridge-will-be-a-new-chapter-in-development-history-pinarayi-vijayan-NEW)