---
title: "ശബരിമല കൊടിമര നിർമ്മാണത്തിലെ ക്രമക്കേട്; അന്വേഷണം നടത്താൻ വിജിലൻസ് പ്രത്യേക സംഘത്തെ നിയോഗിച്ചു"
english_title: "Irregularities in the construction of Sabarimala flagpole"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341292/irregularities-in-the-construction-of-sabarimala-flagpole"
published_at: "2026-02-10T23:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b6fbfc4da4_22.jpg"
keywords: []
---

# ശബരിമല കൊടിമര നിർമ്മാണത്തിലെ ക്രമക്കേട്; അന്വേഷണം നടത്താൻ വിജിലൻസ് പ്രത്യേക സംഘത്തെ നിയോഗിച്ചു

> **Lead Summary:** ശബരിമലയിലെ പുതിയ കൊടിമര നിർമ്മാണത്തിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

## Article Content

ശബരിമലയിലെ പുതിയ കൊടിമര നിർമ്മാണത്തിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി നിർണ്ണായക രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ദേവസ്വം സെക്രട്ടറിക്ക് കത്ത് നൽകി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വിജിലൻസിന്റെ ഈ വേഗത്തിലുള്ള നീക്കം.

കൊടിമര നിർമ്മാണത്തിനായി ഭക്തരിൽ നിന്ന് സ്വർണ്ണം ശേഖരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എ.എസ്.പി കുറുപ്പ് ഗുരുതരമായ ചട്ടലംഘനം നടത്തിയതായി ദേവസ്വം വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു.

എക്സിക്യൂട്ടീവ് ഓഫീസറെയാണ് ബോർഡ് ഇതിനായി ചുമതലപ്പെടുത്തിയിരുന്നതെങ്കിലും സ്വർണ്ണം നേരിട്ട് കൈപ്പറ്റിയത് കുറുപ്പാണെന്നാണ് റിപ്പോർട്ട്. സ്വർണ്ണം നൽകിയവരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും സ്വർണ്ണം സ്വീകരിച്ചാൽ പാലിക്കേണ്ട 'ത്രീ എ'രജിസ്റ്റർ നടപടികൾ അട്ടിമറിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെയും ദേവസ്വം വിജിലൻസിന്റെയും പക്കലുള്ള രേഖകൾ വൈകാതെ വിജിലൻസ് സംഘം ഏറ്റെടുക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341292/irregularities-in-the-construction-of-sabarimala-flagpole)