---
title: "2026-27അധ്യയന വർഷം തുടങ്ങും മുൻപേ പാഠപുസ്തകങ്ങൾ തയ്യാർ - വി. ശിവൻകുട്ടി"
english_title: "Textbooks ready before the start of the 2026-27 academic year - V. Sivankutty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341264/textbooks-ready-before-the-start-of-the-2026-27-academic-year-v-sivankutty"
published_at: "2026-02-10T19:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b3da909aec_13.jpg"
keywords: []
---

# 2026-27അധ്യയന വർഷം തുടങ്ങും മുൻപേ പാഠപുസ്തകങ്ങൾ തയ്യാർ - വി. ശിവൻകുട്ടി

> **Lead Summary:** 2026-27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 79 ലക്ഷം പുസ്തകങ്ങളാണ് ഇതിനോടകം തയ്യാറായിരിക്കുന്നത്.

## Article Content

2026-27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 79 ലക്ഷം പുസ്തകങ്ങളാണ് ഇതിനോടകം തയ്യാറായിരിക്കുന്നത്.

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മൂന്നു മാസം മുമ്പ് തന്നെ, അതായത് ഫെബ്രുവരി രണ്ടാം വാരത്തോടെ പുസ്തക വിതരണം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതോടൊപ്പം സൗജന്യ യൂണിഫോം വിതരണവും മുൻകൂട്ടി പൂർത്തിയാക്കും. കേന്ദ്ര ഫണ്ട് ലഭിക്കാത്ത സാഹചര്യത്തിലും സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ യൂണിഫോം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹയർ സെക്കൻഡറി തലത്തിൽ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുന്നു എന്നതാണ് ഈ വർഷത്തെ പ്രത്യേകത.

അടുത്ത അധ്യയന വർഷം മുതൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പുതിയ എസ സി ആർ ടി പാഠപുസ്തകങ്ങളാകും ലഭിക്കുക. അതേസമയം, എൻ സി ആർ ടി പാഠപുസ്തക പരിഷ്‌കരണം സംബന്ധിച്ച തീരുമാനങ്ങൾ പിന്നീട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

നേമം റെയിൽവേ ടെർമിനൽ പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിക്കുകയാണെന്നും പദ്ധതിയുടെ വലിപ്പം വെട്ടിക്കുറച്ച് മാസ്റ്റർ പ്ലാൻ തകിടം മറിച്ചതായും മന്ത്രി ആരോപിച്ചു. ഇതിന് രാജീവ് ചന്ദ്രശേഖരൻ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടാതെ, സാംസ്‌കാരിക നായകർ സർക്കാരിന്റെ പ്രവർത്തനങ്ങളെ തിരിച്ചറിയണമെന്നും സച്ചിതാനന്ദന്റെ പ്രതികരണം ജനാധിപത്യ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്നും മന്ത്രി വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341264/textbooks-ready-before-the-start-of-the-2026-27-academic-year-v-sivankutty)