---
title: "കണ്ണേറു തടയാൻ കൺമഷി വേണോ? ശിശുരോഗ വിദഗ്ധർ പറയുന്നത് ഇങ്ങനെ....."
english_title: "Do you need eye drops to prevent eye strain? Pediatricians say this....."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341248/do-you-need-eye-drops-to-prevent-eye-strain-pediatricians-say-this"
published_at: "2026-02-10T17:06:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b18d912764_EYELENER.jpg"
keywords: []
---

# കണ്ണേറു തടയാൻ കൺമഷി വേണോ? ശിശുരോഗ വിദഗ്ധർ പറയുന്നത് ഇങ്ങനെ.....

> **Lead Summary:** **[** നവജാത ശിശുക്കളുടെ കണ്ണെഴുതുന്ന ശീലം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ശിശുരോഗ വിദഗ്ധർ. കണ്ണേറു തട്ടാതിരിക്കാനും കണ്ണുകൾക്ക് വലിപ്പം തോന്നിക്കാനും കുഞ്ഞുങ്ങളുടെ കണ്ണിലും കവിളിലും കൺമഷി ചാലിക്കുന്ന പരമ്പരാഗത രീതി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വിപണിയിൽ ലഭ്യമായ മിക്ക കൺമഷികളിലും ലെഡ് (ഈയം), കാർബൺ, മറ്റ് രാസവസ്തുക്കൾ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞുങ്ങളുടെ നേർത്ത ചർമ്മത്തിൽ അണുബാധയ്ക്കും കണ്ണിന് വീക്കത്തിനും കാഴ്ച വൈകല്യങ്ങൾക്കും ഇടയാക്കും.

## Article Content

**[** നവജാത ശിശുക്കളുടെ കണ്ണെഴുതുന്ന ശീലം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ശിശുരോഗ വിദഗ്ധർ. കണ്ണേറു തട്ടാതിരിക്കാനും കണ്ണുകൾക്ക് വലിപ്പം തോന്നിക്കാനും കുഞ്ഞുങ്ങളുടെ കണ്ണിലും കവിളിലും കൺമഷി ചാലിക്കുന്ന പരമ്പരാഗത രീതി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വിപണിയിൽ ലഭ്യമായ മിക്ക കൺമഷികളിലും ലെഡ് (ഈയം), കാർബൺ, മറ്റ് രാസവസ്തുക്കൾ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞുങ്ങളുടെ നേർത്ത ചർമ്മത്തിൽ അണുബാധയ്ക്കും കണ്ണിന് വീക്കത്തിനും കാഴ്ച വൈകല്യങ്ങൾക്കും ഇടയാക്കും.

കുഞ്ഞുങ്ങളുടെ കണ്ണുനീർ ഗ്രന്ഥികൾ പൂർണ്ണമായി വികസിക്കാത്തതിനാൽ രാസവസ്തുക്കൾ കലർന്ന കൺമഷി കണ്ണിലെത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. കണ്ണിനുള്ളിൽ മഷി പുരട്ടുന്നത് ലാക്രിമൽ ഡക്ടുകൾ (കണ്ണുനീർ കുഴലുകൾ) അടയാനും അസ്വസ്ഥതകൾക്കും കാരണമാകും. അതിനാൽ സൗന്ദര്യത്തേക്കാൾ കുഞ്ഞിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

കണ്‍മഷി ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

രാസവസ്തുക്കൾ അടങ്ങിയ കൺമഷി കുഞ്ഞിന്റെ കണ്ണിലെഴുതുന്നത് കണ്ണിൽ നിന്ന് വെള്ളം വരാനും കണ്ണു തിരുമ്മാനും അതുവഴി കണ്ണ് ചുവക്കാനും ചൊറിച്ചിലും വീക്കവും ഉണ്ടാകാനും കാരണമാകും. ചില കേസുകളിൽ അണുബാധ ഗുരുതരമാകുകയും വൈദ്യചികിത്സയും ഐ ഡ്രോപ്സും (കണ്ണിൽ ഒഴിക്കുന്ന തുള്ളിമരുന്ന്) ആവശ്യമായി വരുകയും ചെയ്യും. ഇത്തരത്തിലുള്ള കൺമഷി ദീർഘകാലം ഉപയോഗിക്കുന്നത് കണ്ണിന്റെ നേർത്ത പുറംപാളിയായ കോർണിയയ്ക്ക് തകരാറുണ്ടാക്കുകയും കുട്ടിയുടെ കാഴ്ചശക്തി ദുർബലപ്പെടുത്തുകയും ചെയ്യും. ചെറിയ കുഞ്ഞുങ്ങളുടെ കണ്ണിൽ യാതൊരു കാരണവശാലും കൺമഷി എഴുതരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു.

ഒരു വയസ്സിനു താഴെ

ഒരു വയസ്സിനു താഴെപ്രായമുള്ള ശിശുക്കളിൽ കൺമഷി ഒരിക്കലും എഴുതരുത്. ഇത് ആവശ്യമാണെന്ന് രക്ഷിതാക്കൾക്ക് തോന്നുന്ന പക്ഷം വീട്ടിൽതന്നെ ഉണ്ടാക്കുന്ന കൺമഷി ഉപയോഗിക്കാം. ഒരിക്കലും കടയിൽ നിന്ന് വാങ്ങുന്ന കൺമഷി കുഞ്ഞിന്റെ കണ്ണിൽ എഴുതരുത്. അലർജിക്കും ബാക്ടീരിയൽ അണുബാധകൾക്കും കൺമഷി കാരണമാകും. കണ്ണിലെ ഞരമ്പുകൾക്ക് വീക്കം, കൺപോളകൾക്ക് നീറ്റൽ, കണ്ണിൽ നിന്ന് തുടർച്ചയായി വെള്ളം വരുക എന്നിവയും കണ്ണെഴുതുന്നതിലൂടെ ഉണ്ടാകും. കൺമഷി ഉപയോഗിച്ച് കണ്ണെഴുതുന്നത് എത്രമാത്രം അപകടകരമാണെന്ന് ഈ സങ്കീർണതകൾ മനസ്സിലാക്കി തരുന്നു.

ശാസ്ത്രമോ പാരമ്പര്യമോ നോക്കേണ്ടത്?

കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കാൻ പാരമ്പര്യത്തേക്കാളേറെ ഊന്നല്‍ കൊടുക്കേണ്ടത് ശാസ്ത്രീയമായ അറിവിനാണ്. കുഞ്ഞിന്റെ കണ്ണ് വച്ച് പരീക്ഷണം നടത്തുമ്പോൾ ജീവിതകാലം മുഴുവൻ ദോഷഫലങ്ങൾ അനുഭവിക്കേണ്ടി വരും എന്നോർക്കണം. കണ്ണിന്റെ ശുചിത്വത്തിനായി ഒരു വൃത്തിയുള്ള തുണിയും തിളപ്പിച്ച് തണുപ്പിച്ച വെള്ളവും ആണ് ആവശ്യം. കണ്ണുകൾക്ക് ചുവപ്പുനിറമോ വീക്കമോ അസ്വസ്ഥതയോ ശ്രദ്ധയിൽപെട്ടാൽ രക്ഷിതാക്കൾ ഉടനടി വൈദ്യസഹായം തേടണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341248/do-you-need-eye-drops-to-prevent-eye-strain-pediatricians-say-this)